Tuesday, July 2, 2024
മേസ് ലാൻ്റ് കെറി ഗ്- ചലിക്കുന്ന ഒരു ആർച്ച് ഡാം. [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ 72 ] സമുദ്രനിരപ്പിൽ നിന്നു താഴ്ന്നു കിടക്കുന്ന സൗത്ത് ഹോളണ്ടിനെ വരുണ കോപത്തിൽ നിന്ന് രക്ഷിക്കാൻ തനതായ ഡച്ച് സാങ്കേതിവിദ്യ. .എന്നും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നതർലൻ്റിലെ ചില പ്രവിശ്യകൾ 1953 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങി എന്നു തന്നെ പറയാം. അന്ന് 'ആയിരത്തി എണ്ണൂറിലധികം പേരാണ് മരിച്ചത്. ഇനി ഇങ്ങിനെ ഒരു ദുരന്തം ഉണ്ടാകരുത്. സമുദ്ര ദേവനെ തടയണം.അതിന് അവർ വികസിപ്പിച്ചെടുത്ത കൈകൾ ആണ് ആ ചലിക്കുന്ന ഭീമൻ തടയിടണകൾ. ചെറിയ രണ്ട് ആർച്ച് ഡാം എന്നു തന്നെ പറയാം. രണ്ടു വശത്തും രണ്ടു ഭീമൻ ലിവറുകളിൽ ബന്ധിച്ചിരിക്കുന്ന ആ രണ്ടു ഭീമൻ ഭിറ്റികൾ അർദ്ധവൃത്താകൃതിയിൽചലിച്ച് ഒന്നിച്ച് സമുദ്രത്തിനു കുറുകെ ഒരു വലിയ ഡാം തന്നെ തീർക്കുന്നു. ആഗോള വ്യാപാര കേന്ദ്രമായ നതർ ലൻ്റിലെ ആ തുറമുഖത്തിൽ കപ്പൽ വരുന്നതിനും പോകുന്നതിനും തടസമില്ലാതെ ആണ് ആ ഭീമാകാരമായ ചലിക്കുന്ന കൈകൾ നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ലോകത്തു തന്നെ ഏറ്റവും വലുതാണ്. ഇരുനൂറ്റി പ ത്ത് മീററർ വീതി. ഇരുപത്തിരണ്ടു മീററർ ഉയരം പതിനഞ്ചു മീറ്റർ ആഴം ഉള്ള ആ കൈകൾ കറങ്ങുന്നത് രണ്ടു ബ്രഹ്മാണ്ഡൻ ലിവറുകളിലാണ്. അതിന് ഫ്രാൻസിലെ ഈഫൽ ഗോപുരത്തേക്കാൾ പൊക്കമുണ്ട്. വേലിയേറ്റവും വെള്ളപ്പൊക്കവും വന്ന് ജലനിരപ്പുയരുമ്പോൾ ഇത് താനേ തിരിഞ്ഞ് ഒരു വൻമതിൽ തന്നെ സൃഷ്ട്ടിക്കുന്നു. അവിടെ ഇതിൻ്റെ സാങ്കേതികവിദ്യ വിവരിക്കുന്ന ഒരു മ്യൂസിയം ഉണ്ട്. അവിടെ ഒരു മിനി തീയേറ്ററിൽ അര മണിക്കൂർ ദൈർഘ്യമുള്ള ഒരു ഡോക്കുമെൻ്ററി ഉണ്ട്. അതു കണ്ടു കഴിയുമ്പഴാണ് ആ സാങ്കേതിക വിദ്യയുടെ പൊരുൾ പൂർണ്ണമായും മനസിലായത്.പിന്നെ ആ മ്യൂസിയം നടന്നു കാണാം.ഒത്തിരി അറിവ് പകർന്നു തരുന്ന പ്രദർശനം. അവസാനം നമ്മൾ ഒരു വലിയ ലോബിയിലാണെത്തന്നത്.വശങ്ങളിലുള്ള ഗ്ലാസിലൂടെ അത് നമുക്ക് നേരിട്ട് കണ്ടാസ്വദിക്കാം. അവിടെയുള്ള ചൂരലുകൊണ്ടുള്ള ഒരു ഊഞ്ഞാലിൽ ഇരുന്ന് അവരുടെ ആഹാരവും കഴിച്ച് വിശ്രമിക്കാം. പുറത്തിറങ്ങിയാൽ അവിടെ ഒരു കുന്നുണ്ട്. അനേകം പടികൾ ചവിട്ടിക്കയറി മുകളിലെത്തിയാൽ ഈ ദൈവത്തിൻ്റെ കൈകളുടെ ഒരാകാശക്കാഴ്ച്ച നമുക്ക് കാണാം. അവിടുന്ന് കറങ്ങിത്തിരിഞ്ഞ് സമുദ്രതീരത്തുകൂടി അരയന്നങ്ങളോട് ചങ്ങാത്തം കൂടി അങ്ങിനെ നടക്കാം. മനോഹരമായ ഒരു വാൾപേപ്പർ പോലെയുള്ള ആ കാഴ്ചാനുഭവം ഒരു പടുകൂറ്റൻ കപ്പലിൻ്റെ വരവോടെ പൂർണ്ണമായി. ഇവിടുത്തെ വൃത്തിയും വെടിപ്പുമാണ് അഭിനന്ദിക്കപ്പെടേണ്ടതു്. ഈ കാഴ്ച്ചകളൊക്കെ നതർലൻ്റിന് മാത്രം സ്വന്തം.
Subscribe to:
Post Comments (Atom)
No comments:
Post a Comment