Friday, March 15, 2024

പാച്ചുവിൻ്റെ നൊയമ്പ് [അച്ചു ഡയറി-516] പാച്ചുവിന് റംസാൻ നൊയമ്പ് .കൂട്ടുകാരനുമായി ബറ്റുവച്ച് വന്നിരിക്കുകയാണ്.നിനക്ക് ഒരു ദിവസം മുഴുവൻ ആഹാരം കഴിക്കാതെ ഇരിയ്ക്കാൻ പറ്റുമോ? ഞങ്ങൾ റംസാൻ കാലത്ത് അങ്ങിനെയാണ്. ഞങ്ങൾക്കുo ശിവരാത്രിയും ഏകാദശിക്കുo ഒക്കെ നൊയമ്പുണ്ട്. അവനും വിട്ടുകൊടുത്തില്ല. അങ്ങിനെയാണ് ശനിയാഴ്ച്ച ഒന്നും കഴിക്കാതെ ഫാസ്റ്റിഗ് ആയിരിക്കും എന്നവൻ പ്രഖ്യാപിച്ചത്.അമ്മ കളിയാക്കിയിട്ടും അവൻ പിന്മാറിയില്ല. ഏട്ടന് പറ്റാത്ത കാര്യത്തെപ്പററി ഏട്ടൻ അഭിപ്രായം പറയണ്ട. അവനെന്നേം വിടുന്ന ലക്ഷണമില്ല: അമ്മേ പാച്ചുവിൻ്റെ പിറന്നാൾ ഇത്തവണ കേമമാക്കണം. സദ്യക്ക് പുറമേ പിസ്സയും ഐസ്ക്രീമും വേണം. കൂട്ടുകാരെ ഒക്കെ വിളിയ്ക്കണം. കേക്ക് ഇന്നു തന്നെ ഓർഡർ ചെയ്യണം.പാച്ചുവിനും ഉത്സാഹമായി." എന്നാണ് നിൻ്റെ പിറന്നാൾ എന്നറിയാമോ പാച്ചുവിന്.ശനിയാഴ്ച്ച. അന്നു പാച്ചുവിന് ഫാസ്റ്റിഗ്അല്ലേ? സാരമില്ല നീ കേക്ക് കട്ടു ചെയ്ത് തന്നാൽ മതി" പാച്ചു ഒന്നു ഞട്ടി. ശനിയാഴ്ച്ച ഒന്നും കഴിക്കില്ല എന്നു ഞങ്ങളുടെ ഒക്കെ മുമ്പിൽ വച്ച് അവൻ പ്രതിജ്ഞ എടുത്തതല്ലേ. അവൻ പതുക്കെ ഞങ്ങളുടെ അടുത്തെത്തി. അമ്മേ ഞാൻ എൻ്റെ തീരുമാനം ഒന്നു റീതിങ്ക് ചെയ്യാൻ പോണൂ. എൻ്റെ പിറന്നാളിന് കൂട്ടുകാരെ ഒക്കെ വിളിച്ചിട്ട് മോശമല്ലേ ഞാനൊന്നും കഴിക്കാതിരുന്നാൽ." അതുസാരമില്ല ഞങ്ങൾ എല്ലാവരോടും നേരത്തേ പറഞ്ഞോളാം" ഞാനെടുത്ത ഡിസിഷൻ എനിക്കു മാറ്റാൻ മേലേ? നിങ്ങൾ പറഞ്ഞിട്ടല്ലല്ലോ ഞാൻ തീരുമാനിച്ചത്. ഞാനെൻ്റെ തീരുമാനം മാറ്റുന്നു. വളരെ കൂളായി ട്ടാണ് അവൻ അത് പറഞ്ഞത്. ദുഷ്ട്ടൻ. അവനൊരു ചമ്മലുമില്ല.

No comments:

Post a Comment