Saturday, June 10, 2023
വ്യത്യസ്ഥ ക്ഷണക്കത്തുകൾ..... വിവാഹ ക്ഷണക്കത്തുകൾ വ്യത്യസ്ഥമാകണം എന്നൊരു മോഹമുണ്ടായിരുന്നു.എൻ്റെ മോശം കയ്യക്ഷരത്തിൽ എഴുതി അതിൻ്റെ അച്ചുണ്ടാക്കി സാധാരണ ഇൻലൻ്റിൽ പ്രിൻ്റെടുത്തായിരുന്നു എൻ്റെ വിവാഹക്ഷണക്കത്ത്.സംബോധനയും ഒപ്പും അതേ മഷി കൊണ്ട് തന്നെ എഴുതി അയച്ചു.കിട്ടിയവർക്ക് വല്ലാത്ത ഒരടുപ്പം തോന്നിയ്ക്കാൻ അതു സഹായിച്ചു. ശരിക്കും പഴയ താളിയോല ഗ്രന്ഥത്തിൻ്റെ ആകൃതിയിലായിരുന്നു.മൂത്ത കട്ടിയുടെ ക്ഷണക്കത്ത്.പാലക്കാട്ടു നിന്ന് പാകമായ ഓലകൊണ്ടുവന്ന് പാലും മഞ്ഞളും ഉപയോഗിച്ച് പുഴുങ്ങി എടുത്ത് തണലത്തിട്ട് ഉണങ്ങി എടുക്കും. അയനിയൂണിനും, വേളിയ്ക്കും, കടിയേപ്പിനും, മുതക്കുടിക്കും പ്രത്യേകം പ്രത്യേകം ഓലകൾ. ആദ്യ ഓല യിൽ വേളി ഓത്തിൻ്റെ ഒരു ഭാഗം .അതിൻ്റെ ഇരുവശവും കനം കുറഞ്ഞ തടി പാകത്തിന് മിനുക്കി ചരടിട്ട് കെട്ടി ശരിയ്ക്കും പഴയ ഗ്രന്ഥത്തിൻ്റെ ആകൃതി. അത് ഇന്നും കിട്ടിയവർ അവരുടെ ഷോ കെയ്സിൽ സൂക്ഷിച്ചിട്ടുണ്ട്. രണ്ടാമത്തെ കുട്ടിയുടെ വേളിയുടെ ക്ഷണക്കത്ത് ആലിലയിൽ ആയിരുന്നു. പഴുത്ത ആലില പ്രത്യേകം ഒരു കെമിക്കൽ പ്രോസസിൽ പാകപ്പെടുത്തി അതിൽ DTP എടുത്താണ് അത് നിർമ്മിച്ചത്.കാലം കഴിഞ്ഞിട്ട് ഇന്നും അതു ഒരുകേടും കൂടാതെയുണ്ട്. മോൻ്റെ ക്ഷണക്കത്ത് രാജവിളബരം പോലെ പട്ടുതുണിയിൽ ആയിരുന്നു. വധുവിനും വരനും ഒരു ക്ഷണക്കത്ത്: അതും ഒരു പ്രത്യേകത ആയിരുന്നു. ഇന്നും പലരുടേയും ഷോ കെയ്സിൽ ഇവ ഇരിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നി.
Subscribe to:
Post Comments (Atom)
No comments:
Post a Comment