Thursday, June 15, 2023
വിഷക്കല്ല് [നാലു കെട്ട് - 470] പണ്ട് വലിയ വിഷഹാരി ആയ ഒരു മുത്തഫൻ തറവാട്ടിലുണ്ടായിരുന്നു. എത്ര കൊടിയ വിഷ മുള്ള പാമ്പ് കടിച്ചു കൊണ്ടു വന്നാലും ഭേദമാക്കിക്കൊടുക്കും. അദ്ദേഹത്തിൻ്റെ കൈവശം വിഷചികിത്സയെ പ്രതിപാദിക്കുന്ന ഒരു അമൂല്യ ഗ്രന്ഥമുണ്ടായിരുന്നു. ആ ഗ്രന്ഥത്തി നേപ്പറ്റിയും തറവാടിൻ്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിഷഹാരി ആയ ഒരു മുതുമുത്തശ്ശൻ്റെ കഥ.വിഷചികിത്സയിൽ ആതി പ്രഗൽഭനായിരുന്ന അദ്ദേഹത്തിന് ഒരിക്കൽ ഒരു പിഴവ് പറ്റി. വളരെ അടുത്ത ബന്ധുകൂടി ആയ ഒരു പ്രഭു കുടുംബത്തിലെ ഒരാളുടെ ചികിത്സ പിഴച്ചു.ആളു മരിച്ചു പോയി. സകലരും വൈദ്യരെ കുറ്റപ്പെടുത്തി. ഇനി ഞാൻ ചികിത്സ നിർത്തി എന്നു പ്രതിജ്ഞ ചെയ്ത് ആ അമൂല്യ ഗ്രന്ഥങ്ങൾ മുഴുവൻ അഗ്നിയ്ക്ക് സമർപ്പിച്ചു.അന്നുകത്താ തകിടന്ന ഒരു ഗ്രന്ഥം മുത്തഫൻ പുറത്തെടുത്തു സൂക്ഷിച്ചു എന്നും പിൽക്കാലത്ത് അതു വച്ച് ചികിത്സ തുടങ്ങി എന്നും ചരിത്രം. അദ്ദേഹത്തിൻ്റെ ചികിത്സ നേരിട്ടു കണ്ട ഓർമ്മയുണ്ടെനിയ്ക്ക്. സർപ്പദംശം ഏറ്റുവരുന്നവരുടെ മുറിവ് കഴുകി ആ മുറിവിൽ വിഷക്കല്ല് പതിച്ചു വയ്ക്കും. നല്ല വിഷം ഏറ്റിട്ടുണ്ടങ്കിൽ ആ വിഷക്കല്ല് മുറിവിൽപ്പറ്റിപ്പിടിച്ചിരിക്കും. ആ വിഷം മുഴുവൻ ആവിഷക്കല്ല് വലിച്ചെടുക്കും. ചില പ്പം ഒരാഴ്ച്ച വേണ്ടി വരും ആ വിഷം മുഴുവൻ ഇറങ്ങാൻ .അതിനിടെ മറ്റു ചികിത്സകളും ഉണ്ട്.തുടർ ചികിത്സക്കൊപ്പം ആ കല്ല് എടുത്ത് പാലിലിടും.പാലിൻ്റെ നിറം ക്രമേണ നീലനിറമാകും. ആ കല്ലു കഴുകിത്തുടച്ച് സൂക്ഷിച്ച് വയ്ക്കും. ആ വിഷക്കല്ല് നിർമ്മിക്കാൻ ഇരുപതു കൂട്ടം മരുന്നാണ് ഉപയോഗിക്കുക. മരുന്നുകൾ അളന്നെടുത്ത് അരച്ച് തണലിത്തിട്ട് ഉണക്കും. ഒരു മാസം വേണ്ടിവരും ഒരു കല്ലു നിർമ്മിയ്ക്കാൻ. അതിൻ്റെ മരുന്ന് ആർക്കും പറഞ്ഞു കൊടുക്കില്ല. വിഷക്കല്ലുണ്ടാക്കുന്നതും രഹസ്യമായിട്ടാണ്. ആ ഗ്രന്ഥം പിൽക്കാലത്ത് കണ്ടെടുക്കാൻ പറ്റിയില്ല.എന്നാൽ ഒരു വിഷക്കല്ല് കുറേ നാൾ തറവാട്ടിൽ സൂക്ഷിച്ചിരുന്നു.മത്തഫ ൻ്റെ ഒരു വാക്കിഗ്സ്റ്റിക്കുണ്ട്.അതിന് ഇരുപത്തി ആറ് അറകൾ ഉണ്ട്. അതിൽ മുഴുവൻ ഒരോ തരം മരുന്നാണ്. അതിൽ നിന്നാണ് പിൽക്കാലത്ത് ആ വിഷക്കല്ല് കണ്ടെടുത്തത്.ആ കല്ലും മരുന്നുകളും കുറച്ചു കാലം സൂക്ഷിച്ചം വച്ചിരുന്നതായി ഓർക്കുന്നു. പക്ഷേ ആർക്കും അതു പ്രയോഗിയ്ക്കാനറിയില്ലായിരുന്നു.അങ്ങിനെ അതും ക്രമേണ നഷ്ടപ്പെട്ടു.
Subscribe to:
Post Comments (Atom)
No comments:
Post a Comment