Thursday, January 26, 2023

സാഗര പുത്രിമാരുടെ ലാസ്യ നൃത്തം [ ദൂബായി ഒരൽഭുതലോകം - 15] ദൂബായിലെ ക്രീക്ക് പാർക്ക്. മരുഭൂമിയിലെ ഒരു പച്ചപ്പുൽ മൈതാനം. അവിടെയാണ് പ്രസിദ്ധമായ ദൂബായി പ്ലാനിറ്റോറിയം.യു.' എ.ഇ ലെ ആദ്യത്തെ പൂർണ്ണമായും ശീതീകരിച്ച ഡോൾഫിനേറിയം.ഒരു വലിയ ഇൻഡോർ സ്‌റ്റേഡിയം എന്നു തന്നെ പറയാം. മൃഗങ്ങളെ മെരുക്കി ചെയ്യുന്ന അഭ്യാസപ്രകടനങ്ങൾ സ്വദവേ എനിയ്ക്കിഷ്ടമില്ല.എന്നാൽ ഈ സോൾഫിൻ ആൻഡ് സീൽ ഷോ അങ്ങിനെയല്ല തോന്നുക. അരുമയായ ഡോൾഫിനുകൾ നമ്മുടെ സ്വന്തം പോലെ ഇണങ്ങിയിരിക്കുന്നു. അവരുടെ കായികാഭ്യാസങ്ങൾ, ലാസ്യ നൃത്തങ്ങൾ, ഡൈവിഗ്, ബാസ്ക്കററ് ബോൾ കളി :എല്ലാം അവ സ്വയം ആസ്വദിച്ചു ചെയ്യുന്നതായാണ് തോന്നിയത്. അതിനു ഭയമോ ദേഷ്യമോ ഉള്ളതായി തോന്നിയില്ല. അവരെ ഒരിയ്ക്കലും ശിക്ഷിക്കുന്നതായിക്കണ്ടില്ല. അവരും എല്ലാവർക്കും ഒപ്പം ഒരു കളിയിൽപ്പങ്കെടുക്കുന്ന ഭാവം.അനന്തമായ ആഴി ആയിരുന്നു അവരുടെ ഈറ്റില്ലം എന്നു പോലും അവർ മറന്നു പോയ പോലെ. അവയുടെ പുറത്തു കയറിയുള്ള യാത്ര, അവ വലിക്കുന്ന ബോട്ടിലെ സവാരി ഇതെല്ലാം മനം കവരുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പന്തുതട്ടുമ്പോൾ അത് കാണികളുടെ ഇടയിലേക്ക് അടിച്ചു തെറിപ്പിക്കുന്നു. ആ പന്തു കയിൽ കിട്ടുന്ന ഭാഗ്യവാന് അവയുടെ കൂടെക്കളിയ്ക്കാം. അവ വലിക്കുന്ന ബോട്ടിൽ യാത്ര ചെയ്യാം. വളരെ ഉയരത്തിൽ കെട്ടിയിരിക്കുന്ന വളയത്തിൽ കൂടി നല്ലമെയ് വഴക്കത്തോടെ ഊളിയിടുന്നത് നമ്മെ അൽഭുതപ്പെടുത്തുന്നു. അതിൻ്റെ വായിൽ ഒരു ബ്രഷ് വച്ചു കൊടുത്താൽ മുമ്പിൽ വച്ചിരിക്കുന്ന ക്യാൻവാസിൽ അഞ്ച് നല്ല ചിത്രങ്ങൾ വരയ്ക്കും.ഇതിനു പുറമേ നീർനായ്യുകളുടെ പ്രകടനവും കാണാം. നാൽപ്പത്തി അഞ്ചു മിനിട്ട് ഒരു ആക്ഷൻ ത്രില്ലർ കണ്ട പോലെ സമയം പോയതറിഞ്ഞില്ല. അവിടെ ഇപ്പോൾ ഒരു കൊച്ചു സുന്ദരി കൂടി എത്തിയിട്ടുണ്ട്. ലൂണാ എന്ന കൊച്ചു ഡോൾഫിൻ. ദൂബായിയുടെ അൽഭുതങ്ങളിൽ ഒരു പൊൻതുവൽ കൂടി കൂട്ടിച്ചേർത്ത് യാത്ര തുടർന്നു.

No comments:

Post a Comment