Tuesday, January 11, 2022

സൂര്യനമസ്ക്കാരക്കല്ല് [ നാലു കെട്ട് - 354] ഈ ഇടെ വടക്ക് അതിപുരാതനമായ ഒരു നാലുകെട്ട് സന്ദർശിക്കാനിടയായി. പണ്ട് കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന പലതും അവിടെ സംരക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.അതിൽ എൻ്റെ ശ്രദ്ധ ഏററവും ആകർഷിച്ചത് ഒറ്റക്കല്ലിൽ തീർത്ത ഒരു നമസ്ക്കാരമണ്ഡപമാണ്. സാധാരണ ഇവിടങ്ങളിൽ തറ മണ്ണുകുഴച്ച് തല്ലി ഉറപ്പിച്ച് ചാണകം മെഴുകിയാണ് സൂര്യനമസ്കാരത്തിന് സൗകര്യമുണ്ടാക്കുക. ഏഴടി നീളത്തിൽ ഒന്നര അടി വീതിയിൽ ഒറ്റക്കല്ലിൽ തീർത്ത മണ്ഡപം. അതിന് മൂന്ന് ബഞ്ച് ഘനം വരും. കണ്ടപ്പോൾ അത്ഭുതം തോന്നി.ഇത് അന്ന് പൊട്ടാതെ ഇതെങ്ങിനെ ഇവിടെ കൊണ്ടുവന്നു എന്നതു തന്നെ അത്ഭുതമാണ്. ഭൗമ ശിലകളിൽ സൂര്യനമസ്ക്കാരത്തിനുള്ളകല്ല് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഭൗമോപരിതലത്തിൽ കാണുന്ന " "അവസാദശില "കളാണ് സാധാരണ എടുക്കുക. അഗാധതയിൽ ഉള്ള " ആഗ്നേയ ശില "സാധാരണ ഉപയോഗിച്ചു കണ്ടിട്ടില്ല. അതിൽത്തന്നെ " ദ്രവണശീഷ്മം", "രസികം " എന്ന രണ്ടു വിഭാഗമുണ്ട്. അതിൽ ജീവികളുടെ അംശം അടിഞ്ഞുണ്ടായ "രസികം "വിഭാഗത്തിൽപ്പെട്ട കല്ല് ഇതിന് ഉപയോഗിക്കാറില്ല.ചില പ്രദേശങ്ങളിൽ ഇരുമ്പിൻ്റെ അംശം കൂടുതൽ ഉള്ള കല്ലുകളാണ് ഉത്തമം. ശരീരത്തിനും മനസിനും പ്രയോജനപ്രദമായ ഒരു നല്ല വ്യായാമം കൂടിയാണ് സൂര്യനമസ്ക്കാരം. ഇളവെയിലത്താണ് ഇത് ചെയ്യണ്ടത്. മാറാത്ത ത്വക്ക് രോഗവുമായി പ്രസിദ്ധഭിഷഗ്വരൻ മഠം ശ്രീധരൻ നമ്പൂതിരിയെ സമീപിച്ച രോഗിയോട് 12 ദിവസം നൂറ്റി ഒന്ന് സൂര്യ നമസ്ക്കാരം, ഇളവെയിലത്ത് ചെയ്യാനാണ് നിർദ്ദേശിച്ചത്.പല ചികിത്സ നോക്കി മാറാത്ത ആരോഗം അങ്ങിനെ പൂർണ്ണമായി മാറിയ കഥ എനിക്കറിയാം.

No comments:

Post a Comment