Thursday, January 6, 2022

. ഉണ്ണിക്കുട്ടൻ്റെ പ്രാർത്ഥന [ കീശക്കഥ-150] " ഈശ്വരാ എനിക്ക് കൊറോണാ വരണേ" ഉണ്ണിക്കുട്ടൻ്റെ പ്രാർത്ഥന കുറച്ച് ഉച്ചത്തിലായിപ്പോയി."എന്തു വിഢിത്തമാണുണ്ണീ. ഇതു വരാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കുമ്പോൾ, നീ ഇത് വരണം ന്ന് പ്രാർത്ഥിക്കുന്നോ? അതിൻ്റെ ഗൗരവം നിനക്കറിയില്ല""ഇവിടെ കൊച്ചു കുട്ടികൾക്ക് തന്നെ രണ്ടു ഡോസ് ഇൻ ജക്ഷനും എടുത്തില്ലെ? ടീച്ചർ പറഞ്ഞത് അതുകൊണ്ട് പേടിയ്ക്കണ്ട, പത്തു ദിവസം ക്ലാസിൽ പോകാതെ മറ്റുള്ളവരുമായി ബന്ധപ്പെടാതെ ഇരുന്നാൽ മതി എന്നാണ് "" നിൻ്റെ ഏട്ടനും അച്ഛനും കൊറോണ ആയി അപ്പഴാ നിൻ്റെ ഒരു പ്രാർത്ഥന, "" അതാ പ്രശ്നം ഉണ്ണിയ്ക്ക് ഏട്ടൻ്റെ കൂടെ കളിക്കാൻ പറ്റണില്ല. അച്ഛൻ്റെ കൂടെ കിടന്നുറങ്ങാൻ പറ്റണില്ല. എനിക്കും വന്നാൽ അവർക്കൊപ്പം പത്തു ദിവസം. അതിനാ ഉണ്ണി പ്രാർത്ഥിച്ചതു് ""സാരമില്ല ഉണ്ണീ.അവർക്ക് വേഗം മാറാൻ പ്രാർത്ഥിക്ക്. അവർക്ക് ഭേദമാകുമ്പോൾ ഏട്ടൻ്റ കൂടെ നമുക്ക് കളിയ്ക്കാം "         കുറച്ചു ദിവസം കഴിഞ്ഞു. ഈശ്വരൻ ഉണ്ണിക്കുട്ടൻ്റെ പ്രാർത്ഥന കേട്ടു .ഉണ്ണിക്കും കൊറോണാ. ഉണ്ണി സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ.... ഉണ്ണിയുടെ അച്ഛനേയും ഏട്ടനേയും കൂടെ ടെസ്റ്റു ചെയ്തിരുന്നു. അവർക്ക് നഗറ്റീവ്." ഉണ്ണിക്കുട്ടാ,  നീ ഇനി കുറച്ചു ദിവസം ഏട്ടനും അച്ഛനും അടുത്തു പോകാൻ പാടില്ല. അവർക്ക് വീണ്ടും പകർന്നാലോ? നീ ഒറ്റക്ക് ഒരു മുറിയിൽ കിടക്കണ്ടി വരും "" ഒറ്റക്കോ.. ഉണ്ണിയ്ക്ക് പേടിയാകില്ലേ " അവൻ പൊട്ടിക്കരഞ്ഞു."സാരമില്ല ഉണ്ണീ. .അമ്മ കൂടെ ഉണ്ടാകും; " അവൻ ഒരു നിമിഷം ആലോചിച്ചു." വേണ്ട, ഉണ്ണി ഒരു മുറിയിൽത്തന്നെ ഇരുന്നോളാം അമ്മക്ക് പകർന്നാലോ?" അവൻ്റെ കണ്ണിൽ കണ്ണുനീർ.    അമ്മ അവനെ കെട്ടിപ്പിടിച്ചു..   

No comments:

Post a Comment