Tuesday, January 5, 2021

കിഷൻ്റെ മുത്തശ്ശൻ [ അച്ചുവിൻ്റെ ഡയറി-413]'മുത്തശ്ശാ അച്ചു ആകെ സാഡായി. അച്ചുവിൻ്റെ ബസ്റ്റ് ഫ്രണ്ടാണ് കിഷൻ. അവൻ്റെ മുത്തശ്ശൻ മരിച്ചു പോയി. കൊറോണാ കാരണം നാട്ടിൽ പോകാനും പറ്റിയില്ല. അവന് വലിയ ഇഷ്ടമായിരുന്നു അവൻ്റെ മുത്തശ്ശനെ. ഇവിടെ അമേരിക്കയിൽ വന്നു താമസിച്ചിട്ടുണ്ട്.അച്ചൂനേം വലിയ ഇഷ്ടമായിരുന്നു. എന്തായാലും അവൻ്റെ അടുത്ത് പോകണം. അവനെ സമാധാനിപ്പിക്കണം.ഞങ്ങൾ അവിടെച്ചെന്നപ്പോൾ ആകെ വിഷമിച്ചു പോയി. ഓൺലൈനിൽ നാട്ടിലെ ചടങ്ങുകൾ കാണിച്ചു കൊണ്ടിരിക്കുകയാണ്. വലിയ ടി.വിയിൽ. അവൻ്റെ അമ്മ തേങ്ങിക്കരയുന്നുണ്ട്. അവൻ ഒന്നും മിണ്ടാതെ സെററിയിൽ ഇരിക്കുന്നുണ്ട്. അവൻ ടി.വിയിൽത്തന്നെ നോക്കിയിരിയുകയാണ്.അച്ചു വന്നതവനറിഞ്ഞില്ല. അച്ചു അവൻ്റെ അടുത്ത ചെന്നിരുന്നു. അവൻ്റെ കൈ പിടിച്ച് അച്ചുവിൻ്റെ കയ്യിൽ വച്ചു. അവനെന്നെ നോക്കി. അവൻ്റെ കണ്ണ് നനഞ്ഞിട്ടുണ്ട്.മുത്തശ്ശൻ മുമ്പ് പറഞ്ഞു തന്നത് അച്ചു ഓർത്തു. നമ്മൾ മരിച്ചാൽ ബോഡി വച്ചു കൊണ്ടിരിയ്ക്കില്ല. പെട്ടന്ന് ദഹിപ്പിയ്ക്കും. അതിന് ഒത്തിരി ചടങ്ങുകൾ ഉണ്ട്. അവസാനം മുളകൊണ്ടുണ്ടാക്കിയ ഒരു കോവണിയിൽക്കിടത്തി തുണികൊണ്ട് മൂടും.കിഴ ക്കുവശത്തെ തൊടിയിൽ മാവിൻ്റെ വിറക് അടുക്കിയിട്ടുണ്ടാവും. അവിടെയും ചടങ്ങുകൾ ഉണ്ട്. അവസാനം അതിനു മുകളിൽക്കിടത്തി വിറകു കൊണ്ട് മൂടി ദഹിപ്പിക്കും. നാലാം ദിവസം അസ്ഥി എടുത്ത് ഒരു മൺകടത്തിലിട്ട് അടച്ച് കുഴിച്ചിടും. അവിടെ മുഴുവൻ കിളച്ച് തെങ്ങും വാഴയും വയ്ക്കും. അവിടെ മറ്റു വിത്തുകൾ വിതയ്ക്കും. മനുഷ്യൻ മണ്ണിലേയ്ക്ക്."പഞ്ചഭൂത "ത്തെപ്പറ്റി അച്ചു ചിന്മയായിൽ പഠിച്ചിട്ടുണ്ട് ഇതൊക്കെ അച്ചു അന്ന് സ്കൂളിൽപ്പറഞ്ഞപ്പോൾ കൂട്ടുകാർ എന്നെ കളിയാക്കിയിരുന്നു. ചിലർ അൽഭുതത്തോടെ കേട്ടിരുന്നു. അച്ചു അതൊക്കെ ഓർത്തു പോയി.കി ഷൻ്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് അച്ചു ഞട്ടി ഉണർന്നത്. അവൻ്റെ മുത്തശ്ശനെ ദഹിപ്പിക്കുന്നത് കണ്ടാണവൻ കരഞ്ഞത്. അവനെ ഈ ചടങ്ങ് കാണിയ്ക്കണ്ടായിരുന്നു. അച്ചു അവനെ കെട്ടിപ്പിടിച്ചു.അച്ചൂനും കരച്ചിലു വന്നു മുത്തശ്ശാ .'

No comments:

Post a Comment