Wednesday, January 13, 2021

സ്വർഗ്ഗാരോഹണം [കൃഷ്ണൻ്റെ ചിരി- 100]അങ്ങിനെ ശ്രീകൃ ഷ്ണൻ തൻ്റെ അവതാരോദ്ദേശം പൂർത്തിയാക്കി. ജനനം മുതൽ കഷ്ടപ്പാടുകളുടെ ഒരു ഘോഷയാത്ര. ബാക്കിയുള്ളവർക്ക് വേണ്ടി ജീവിച്ച്, അതിൻ്റെ പേരിൽ ഏൽക്കണ്ടി വന്ന ശാപത്തിൽ തൻ്റെ കുടുബവും കുലവും മുഴുവൻ നശിക്കുന്നത് കണ്ടു നിൽക്കണ്ടി വന്നു. തൻ്റെ എല്ലാമായിരുന്ന ഏട്ടൻ ബലരാമനും തൻ്റെ കൺമുമ്പിൽ വച്ചു തന്നെ യോഗ നിദ്രയിൽ ശരീരം വെടിഞ്ഞു.മധുരാപുരി പണിയാൻ വരുണ ദേവനോട് കടം വാങ്ങിയ സ്ഥലം വരുണന് തന്നെ തിരിച്ചുനൽകി ആദിവ്യ തേജസ് ഭൂമിയിൽ നിന്ന് അന്തർധാനം ചെയ്തു.മഹർഷിമാരുടെ ശാപത്താൽ ഇരുമ്പുലക്ക പ്രസവിച്ച് അതുകൊണ്ട് യാദവ കുലം മുഴുവൻ നശിക്കുമെന്ന് ഭയന്ന് അവർ അത് രാകിപ്പൊടിച്ച് കടലിൽത്തള്ളി. ബാക്കി വന്ന ഇരുമ്പു കഷ്ണവും കടലിലെറിഞ്ഞു. ആ പൊടി മുഴുവൻ തീരത്തണഞ്ഞ് ഒരു പ്രത്യേകതരം പുല്ലായി വളർന്നു.ആ ഇരുമ്പിൻ കഷ്ണം ഒരു മത്സ്യം വിഴുങ്ങി. അത് ഒരു വേടനു കിട്ടി അതു കൊണ്ട് അവൻ ഒരസ്ത്രം ഉണ്ടാക്കി.ദ്വാരകയിൽ ദുർലക്ഷണങ്ങൾ കണ്ടുതുടങ്ങി. ശ്രീകൃഷ്ണൻ എല്ലാവരോടും പ്രഭാസതീർത്ഥം ലക്ഷ്യമാക്കി നീങ്ങാൻ കൽപ്പിച്ചു. യാദവർ ആഘോഷമായി അവിടേക്ക് പുറപ്പെട്ടു. എല്ലാവരും കയ്യിൽ കഴിവതും മദ്യവും കരുതിയിരുന്നു. അവിടെ ചെന്ന് അവർ തമ്മിൽ കലഹം തുടങ്ങി.സാത്യകിയും കൃ ത വ ർ മ്മാവും തമ്മിലുള്ള വഴക്കിനവസാനം സാത്യകി കൃതവർമ്മാവിനെ വധിച്ചു. ക്രോധം മൂത്ത് കുടിച്ചു മദോന്മത്തരായ അവർ സാത്യകിയേയും കൊന്നു. തീരത്തുവളർന്നു നിൽക്കുന്ന പുല്ലു പറിച്ച് അന്യോന്യം അടിച്ച് എല്ലാ ആൺ പ്രജകളും നശിച്ചു.അതും ശ്രീകൃഷണന് കാണണ്ടി വന്നു. അവസാനം ശ്രീകൃഷ്ണൻ തൻ്റെ സാരഥി വശം അർജ്ജുനനന്ഒരു സന്ദേശം അയച്ചു. ഇവിടെ വന്ന് കൊട്ടാരത്തിലെ സ്ത്രീ ജനങ്ങളെ മുഴുവൻ സുരക്ഷിതമായി ഹസ്തിനപുരത്തെത്തിച്ച് സംരക്ഷിക്കണം എന്നായിരുന്നു സന്ദേശം.ശ്രീകൃഷ്ണൻ ആ കാടിന് നടുക്ക് ഒറ്റക്ക് ഒരു മരത്തിനു ചുവട്ടിൽ ധ്യാന നിമഗ്നനായി ഇരുന്നു. ദൂരെ നിന്ന് ഒരു വേടൻ അതൊരു മാനാണന്നു കരുതി അസ്ത്രം അയച്ച് ശ്രീകൃഷ്ണൻ്റെ കാലിൽ മുറിവേൽപ്പിച്ചു. ജരൻ എന്ന ആവേടൻ വന്നപ്പോൾ കണ്ടത് തൻ്റെ അസ്ത്രത്താൽ മുറിവേറ്റ ഭഗവാനെയാണ്. ആ ഉലക്കയുടെ കഷ്ണം കൊണ്ടുണ്ടാക്കിയ അസ്ത്രമായിരുന്നു അത്.ജരൻ ഭഗവാനോട് മാപ്പ് ചോദിച്ചു. ഭഗവാൻ ജരന് മാപ്പ് കൊടുത്ത് മോക്ഷം നൽകി. ശ്രീ രാമാവതാരത്തിലെ ബാലിയുടെ പുനർജനനമാണ് ജരൻ എന്നൊരു കഥയും ഉണ്ട്. അന്ന് ബാലിയെ ഒളിയമ്പ് എയ്താണല്ലോ കൊന്നത്.അങ്ങിനെ എല്ലാ അവതാരലക്ഷ്യങ്ങളുo പൂർത്തീകരിച്ച് ആ ദിവ്യ തേജസ് ഭൂമിയിൽ നിന്നും അന്തർധാനം ചെയ്തു.ശ്രീകൃഷ്ണൻ്റെ അന്ത്യ മറിഞ്ഞ് അമ്മയും അച്ഛനും ഹൃദയം പൊട്ടി മരിച്ചു.ഭാര്യമാൽ അഗ്നിയിൽച്ചാടി ആത്മാഹൂതി ചെയ്തു.അർജുനൻ ബാക്കി സ്ത്രീജനങ്ങളെ രക്ഷിച്ച് മടങ്ങുന്ന വഴികാട്ടാളന്മാർ ആക്രമിച്ച് അവരെ തട്ടിക്കൊണ്ടുപോയി. ശ്രീകൃഷ്ണൻ്റെ അഭാവത്തിൽ അർജ്ജുനന് ഗാണ്ഡീവം ഉയർത്താനോ അവരെ നേരിടാനോ സാധിച്ചില്ല.സമുദ്രം ദ്വാരകാപുരി മുഴുവൻ വിഴുങ്ങി. അങ്ങിനെ ഒരു വലിയ ഇതിഹാസം അവിടെ അവസാനിച്ചു.

No comments:

Post a Comment