Wednesday, January 6, 2021
നൂറ്റൊന്നു വെററില [ നാലുകെട്ട് - 336]എട്ടങ്ങാടിയും തിരുവാതിരയും കഴിഞ്ഞു. പണ്ട് തറവാട്ടിൽ തിരുവാതിരയ്ക്ക് താമ്പൂലം പ്രധാനമാണ്.സ്ത്രീജനങ്ങൾ തിരുവാതിരയ്ക്ക് 101 വെററില മുറുക്കണം. മൂന്നും കൂട്ടുക എന്നാണ് പറയുക.വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും മാത്രം. പുകയില കൂട്ടില്ല. നെടുമംഗല്യത്തിന് വിശേഷമാണത്രേ. എന്നു പറഞ്ഞാൽ ഭർത്താവിൻ്റെ ദീർഘായുസ്സിന് .തുളസി വെറ്റിലയാണ്.അതും മുരിങ്ങയിൽ കയറ്റി വിട്ടത്.അത് വലുതായിപ്പടർന്നു കഴിയുമ്പോൾ ചുവട് ഇളകാതെ വള്ളികൾ അടർത്തി എടുത്ത് മുരിങ്ങയുടെ തടി തുളച്ച് അതിലൂടെ വെററിലക്കൊടിയുടെ തണ്ട് കടത്തി മറുവശത്തുകൂടെ മുരിങ്ങയിൽ കയറ്റി വിടും. അങ്ങിനെ ഉണ്ടാകുന്ന വെററിലയ്ക്ക് എരിവും ഔഷധ ഗുണവും കൂടും.അതുപോലെ ചുണ്ണാമ്പ് ഉണ്ടാക്കുന്നതിനും നിഷ്ക്കർഷയുണ്ട്. നല്ല കക്ക മാത്രം തിരഞ്ഞെടുത്ത് തിളപ്പിച്ച വെള്ളത്തിൽ ഇടുന്നു. അതിൽ നിന്ന് വെളുത്ത പുക ഉയരും. നന്നായി ഇളക്കി കക്ക നീറിക്കഴിയുമ്പോൾ നല്ല ശുദ്ധജലത്തിൽ ചുണ്ണാമ്പ് കലക്കുന്നു. അത് ഒരു തുണിയിൽ അരിച്ച് കരട് നീക്കുന്നു. ചുണ്ണാമ്പ് അടിയിൽ ഊറിക്കഴിയുമ്പോൾ നല്ല വെണ്ണ പോലത്ത ചുണ്ണാമ്പ് കിട്ടും. അത് ശുദ്ധമായ വെളിച്ചണ്ണ സ്വൽപ്പം ചേർത്ത് ഇളക്കിവയ്ക്കും. ഇങ്ങിനെ ഉണ്ടാക്കിയ ചുണ്ണാമ്പ് ഉപയോഗിച്ചാൽ ഒരിയ്ക്കലും വാ പൊട്ടില്ല.കളി അടയ്ക്ക ഉണ്ടാകുന്നതും ഒരു വലിയ പ്രോസസ് ആണ്. പിഞ്ച് അടയ്ക്കാ [ പാക്ക് ] അരിഞ്ഞിട്ട് വെള്ളത്തിൽ ശർക്കര ചേർത്ത് തിളപ്പിയ്ക്കണം. മൺപാത്രത്തിലാണ് പതിവ്.അടയ്ക്ക നന്നായി വെന്തു കഴിഞ്ഞാൽ ഊറ്റിഎടുത്ത് വെയിലത്തുവച്ച് ഉണക്കണം. വൈകിട്ട് വീണ്ടും ഈ തെളിയിൽത്തന്നെ ഇട്ട് വയ്ക്കും. പിറേറദിവസം വീണ്ടും ഉണങ്ങും. അവസാനം ആ കളിയിൽ അയമോദകം, ഏലക്കാ, ഗ്രാംപൂ, കുറച്ച് കുരുമുളക് ഇവ പൊടിച്ച് ആ പൊടി ചേർത്ത് കളി അടക്ക അതിലിട്ട് ഇളക്കണം.അത് ഒരിയ്ക്കൽ കൂടി വെയിലത്ത് വച്ച് അതിലെ അധികജലാംശം വററിക്കണം. കളിയടയ്ക്കാ അങ്ങിനെ നേരത്തേ തയാറാക്കി വച്ചിരിക്കും.ഈ കളി അടയ്ക്കയും, ചുണ്ണാമ്പും, തളിർവെറ്റിലയും കൂട്ടിയാണ് അന്ന് നൂറ്റൊന്നു വെറ്റില പൂർത്തിയാക്കുന്നത്. ഭാര്യയും ഭർത്താവും കൂടി തീർത്താലും മതി എന്നൊരു പാഠഭേദം പിന്നീട് ഉണ്ടായിട്ടുണ്ട്.താംബൂലംകടുതിക്ത മുഷ്ണ മധുരം ക്ഷാരം. കഷായാന്വിതംവാതഘ്നം കൃമിനാശനം കഫ ഹരംകായാഗ്നി സന്ദീപനംസ്ത്രീ സംഭാഷണ ഭൂഷണംരുചികരം ശോകസ്യ വിച്ഛേദനംതാംബൂലസ്യ സഖേ ത്രയോ ദശഗുണാ :സ്വർഗേടപിതേ ദുർലഭാ
Subscribe to:
Post Comments (Atom)
No comments:
Post a Comment