Monday, January 11, 2021

തല പൊതിച്ചിൽ [ആയൂർവേദ ചികിത്സാനുഭവങ്ങൾ - 12 ]ആയുസിൻ്റെ ശാസ്ത്രമായ ആയൂർവേദ ചികിത്സയുടെ അത്ഭുതങ്ങൾ പലതാണ്. അഷ്ടാംഗഹൃദയത്തിലും, ചരകസംഹിതയിലും ഉള്ളതല്ലാത്ത എത്ര എത്ര ചികിത്സകൾ .പ്രസിദ്ധരായ ആയൂർവേദ ഭിഷഗ്വരന്മാർ അവരുടെ നിരന്തരമായ സാധനയുടെ ഫലമായി ത്രിദോഷാടിസ്ഥാനത്തിൽ വികസിപ്പിച്ച അനവധി ചികിത്സകൾ ഉണ്ട്. നിറുകയിൽ തളംവയ്ക്കുന്നത് ആയൂർവേദത്തിൽ ഒരു സാധാരണ ചികിത്സയാണ്. അതിൻ്റെ ഒരു വകഭേദമാണ് "തലപൊതിയൽ " എന്ന ചികിത്സാരീതി. ഉറക്കക്കുറവ്, കഫ ശല്യം തുടങ്ങിയ അസുഖങ്ങൾക്കാണ് ഈ ചികിത്സാരീതി, തലപൊതിയൽ .ആയൂർവേദ ചികിത്സയിൽ കേരളീയ ചികിത്സാ രീതിയിൽ പരീക്ഷിച്ച് വിജയിച്ച ഒരു ചികിത്സാരീതിയാണിത്. ഒരു സുഖചികിത്സ എന്ന രീതിയിലാണത് പരീക്ഷിച്ചത്.തലമുടി പറ്റെ വെട്ടി.ജലദോഷവും പനിയും ഇല്ല എന്നുറപ്പു വരുത്തി. ആദ്യമായി അഭ്യംഗം. അതായത് ശരീരം മുഴുവൻ തൈലം തേച്ച് ഉഴിയുക.നല്ല നെല്ലിയ്ക്ക മോരിൽപ്പുഴുങ്ങി എടുക്കുന്നു. അതിലെ കുരു മാറ്റി ഒരോരുത്തരുടെ ശരീരപ്രകൃതിക്കും, അസുഖത്തിനും ആവശ്യമുള്ള മരുന്നുകൾ ചേർത്ത് നന്നായി അരച്ച് കൊഴമ്പ് പരുവത്തിലാക്കുന്നു. രോഗിയെ ഒരു കസേരയിൽ ഇരുത്തി ഈ മരുന്ന് തലയിൽ പൊത്തുന്നു. ഒരിഞ്ച് ഘനത്തിൽ ഇത് തലയിൽ തേച്ചുപിടിപ്പിക്കുന്നു. എന്നിട്ട് താമരയിലകൊണ്ട് തല പൊതിഞ്ഞു കെട്ടുന്നു. മുപ്പത് മിനുട്ടു മുതൽ നാൽപ്പത്തി അഞ്ച് മിനിട്ടു വരെ ഇതു് തുടരും. അതിനു ശേഷം പൊതിച്ചിൽ അഴിച്ച് മരുന്നു മാറ്റി ചെറുചൂട് വെള്ളത്തിൽ കുളിയ്ക്കണം. നിറുകയിൽ രാസ്നാതി പൊടി തിരുമ്മി ചികിത്സ അവസാനിപ്പിക്കും. അങ്ങിനെ ഏഴു ദിവസം.പല അസുഖങ്ങൾക്കും ഉള്ള ഒരു പരിഹാരമായി ഒരോ ചികിത്സയും മാറുന്ന ഒരൽഭുതമാണ് ആയുർവേദ ചികിത്സ.

No comments:

Post a Comment