Sunday, January 31, 2021
എ ബഗർ നിയർ ദി ടെമ്പിൾ. [ അച്ചു ഡയറി - 4 20]മുത്തശ്ശാ അമേരിക്കയിൽ അമ്പലങ്ങൾ ഉണ്ട്.അച്ചു പോകാറുണ്ട്. നാട്ടിലെപ്പോലെ അമ്പലത്തിനോട് ചേർന്ന് ഇവിടെ ബഗേഴ്സിനെ കാണാറില്ല." ഇവിടെ ഒന്നുകിൽ തട്ടിപ്പറിയ്ക്കും അല്ലങ്കിൽ പണി എടുത്ത് ജീവിയ്ക്കും." അച്ഛൻ തമാശായി പറഞ്ഞു.പക്ഷേ നാട്ടിൽ എനിക്കൊരനുഭവമുണ്ടായി. ചോറ്റാനിക്കര അമ്പലത്തിൽ .അവിടെ ബഗേഴ്സ് നിരന്നിരിക്കുന്നു. പക്ഷേ വണ്ടി പാർക്കു ചെയ്യുന്നിടത്ത് ഒരാൾ വന്നു കൈ നീട്ടി. ഇന്നത്തെ ആഹാരത്തിനെന്തെങ്കിലും തരൂ. പാവം ഇന്നൊന്നും കഴിച്ചിട്ടില്ലന്നു തോന്നി. വിശക്കുന്നുണ്ടാകും. അച്ചൂന് കാണിക്കയിടാൻ തന്ന അമ്പത് രൂപാ ആ പാവത്തിനു കൊടുത്തു.പല സ്ഥലത്തിടാനുള്ള അഞ്ച് പത്തു രൂപാ നോട്ടുകൾ. അച്ചു അത്ഭുതപ്പെട്ടു പോയി മുത്തശ്ശാ. അയാൾനാൽപ്പത് രൂപാ തിരിച്ചു തന്നു."എനിക്ക് ഇന്നത്തേക്ക് പത്തു രൂപാ ധാരളം മതി മോനേ " എന്നു പറഞ്ഞ്. മോനെ ദൈവം രക്ഷിയ്ക്കും എന്നും പറഞ്ഞു.മുത്തശ്ശാ അച്ചൂന് മനസിലായില്ല. അയാൾക്ക് വേണമെങ്കിൽ ആ ക്യാഷ് കൊണ്ട് നല്ല ഫുഡ് വാങ്ങിക്കഴിയ്ക്കാമായിരുന്നു. അല്ലങ്കിൽ ബാക്കി നാളേക്ക് സൂക്ഷിച്ചു വയ്ക്കാമായിരുന്നു. അതു രണ്ടും ചെയ്യാതെ ബാക്കി രൂപാ അയാൾ തിരിച്ചു തന്നു. അപ്പോൾ അച്ഛൻ പറഞ്ഞു. അവർ ആകാശത്തിലെ പറവകളുടെ കൂട്ടാണ്. അന്നന്നത്തേക്കുള്ള ആഹാരത്തിനുള്ളത് മതി അവർക്ക് .അവർ ഒട്ടും ഗ്രീഡിയല്ല.. അച്ചൂന് വല്ലതും മനസിലായോ? അച്ചു ബൈബിൾ വായിച്ചിട്ടുണ്ട് അതിൽ "Birds of the sky that they don't sow nither do they reap nor gather into barns," .മാർവലസ് അച്ചു യു ഗോട്ട് ഇററ്.അച്ചൂ അമ്പലത്തിലേയ്ക്ക് നീങ്ങിയപ്പോൾ അയാൾ ആ പത്ത് രൂപയുമായി നടന്നു നീങ്ങുന്നു. ഹോട്ടലിലേയ്ക്ക് ആയിരിക്കും
Thursday, January 28, 2021
അച്ചൂന് ഡിവോഴ്സ് പേടിയാ [അച്ചു ഡയറി-419]കിടന്നിട്ട് ഉറക്കം വരുന്നില്ല മുത്തശ്ശാ.അച്ചുവിൻ്റെ അമേരിയ്ക്കയിലുള്ള ഫ്രണ്ട്സ് പലരുടേയും അച്ഛനമ്മമാർ ഡിവോഴ്സ് ആകുന്നു.ഇത് അമേരിക്കയിൽ കൂടുതലാണന്നു തോന്നുന്നു. അച്ചു അച്ഛനെ കെട്ടിപ്പിടിച്ചു. എന്താ അച്ചൂന് Sൻഷൻ. ഈ ഡിവോഴ്സ് അച്ചൂന് പേടിയാ.അതാടൻഷൻ.അതിന് നീ പേടിയ്ക്കുന്നത് എന്തിനാ?ഇന്ന് ഒരോ നാട്ടിലേം കൾച്ചറിൻ്റെ ഭാഗമാ.അച്ഛൻ്റെയും അമ്മയുടെയും വിവാഹം എങ്ങിനെ ആയിരുന്നു എന്ന ച്ചൂന് അറിയ്യോ? അഗ്നിസാക്ഷിയായാണ് വിവാഹം. നമ്മുടെ എല്ലാ ചടങ്ങുകളും അങ്ങിനെയാണ്. ലോകത്തിലെ ഏറ്റവും വലിയ എനർജി സോഴ്സ് ആണ് ഫയർ. നിലവിളക്ക് കൊളുത്തി വച്ച്.മുമ്പിൽഅഗ്നികുണ്ഡം ഒരുക്കിയിരിക്കും. എല്ലാം വേദമന്ത്രങ്ങളോടെ അഗ്നിക്ക് സമർപ്പിക്കും. നമ്മുടെ നെഗറ്റീവ് എനർജി മുഴുവൻ ഒപ്പം അഗ്നി ദഹിപ്പിക്കുന്നു.ചടങ്ങിനിടെ രണ്ടു പേരും കൂടി മൂന്നു പ്രാവശ്യം അഗ്നിക്ക് വലംവയ്ക്കും. ഒരോ പ്രാവശ്യവും ഒരോ മന്ത്രത്തോടെ ദ്രവ്യങ്ങൾ അഗ്നിയിൽ ഹോമിയ്ക്കും. ആയിരത്തിരി ഉഴിഞ്ഞ് ഞങ്ങളെ രണ്ടു പേരെയും ദുഷിച്ച ചിന്തകളിൽ നിന്നും ശൂദ്ധീകരിക്കും. ആ സമയത്ത് "വേളി ഓത്ത് " ഉണ്ട്. വേദമന്ത്രങ്ങൾ ആണ്. നല്ല അറിവുള്ള മുത്തശ്ശന്മാർ ഒന്നിച്ചിരുന്ന് ഉറക്കെ ച്ചൊല്ലും. അത് മുഴുവൻ ഭാവി ജീവിതത്തിനുള്ള ഉപദേശങ്ങൾ ആണ്.അതു പോലെ "സപ്ത പതി, "യുണ്ട്. ഏഴു ചുവട് രണ്ടു പേരും ഒന്നിച്ച് മന്ത്രം ജപിച്ച് നടക്കണം.ഈ ഒരോ മന്ത്രവും ഒരോ പ്രതിജ്ഞയാണ്.അച്ചൂന് വല്ലതും മനസിലായോ?അങ്ങിനെ നടക്കുന്ന മര്യേജ് കുറേക്കൂടി സ്ട്രോങ് ആകും അല്ലേ.? അതു തന്നെ. അച്ഛൻ അച്ചൂ നെ കെട്ടിപ്പിടിച്ചു.അതു കൊണ്ട് അച്ചു പേടിക്കണ്ട അച്ഛനും അമ്മയും എന്നും അച്ചൂൻ്റെ കൂടെ ഉണ്ടാകും.മുത്തശ്ശാ.അച്ചു അച്ഛനോട് ഒന്നും പറഞ്ഞിരുന്നില്ല പക്ഷേ അച്ഛന് എല്ലാം മനസിലായി.അതാ അച്ചൂ നെ സമാധാനിപ്പിച്ചത്.നമ്മുടെ ഒക്കെ ഹെറിറേറജിന് വലിയ വാല്യൂ ഉണ്ട് ...ഇല്ലേ മുത്തശ്ശാ
Wednesday, January 27, 2021
സുതാര്യം [ കീശക്കഥകൾ - 100] "ഹലോ... നിങ്ങളല്ലെ ലഡുവും ജിലേബിയും ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നത് ""അതെ ആരാണ് നിങ്ങൾ ഈ അശരീരി പോലെ സംസാരിക്കുന്നത്. ""നിങ്ങളുടെ എല്ലാ പ്രവർത്തികളും നിരീക്ഷിക്കുന്ന ഒരു ദൈവം എന്നു വിചാരിച്ചോളൂ. നിങ്ങൾ എന്നെ ഗൂഗിൾ എന്നു വിളിയ്ക്കും ""എന്നിട്ട് ലഡു എവിടെ?""നിങ്ങൾ ഓർഡർ ചെയ്ത ലഡുവിൽ ഷുഗറും കൊഴുപ്പും കൂടുതൽ ആണ്. അത് ഉപയോഗിയ്ക്കണ്ട ""എനിക്ക് ഷുഗറും പ്രഷറും ഉണ്ടന്ന് ആരാ നിങ്ങളോട് പറഞ്ഞത്. "" കഴിഞ്ഞ തവണത്തെ ബ്ലഡ് റിസൽട്ട് മുഴുവൻ എൻ്റെ റിക്കോർഡിൽ ഉണ്ട്"" അതിന് ഞാൻ കൃത്യമായി മരുന്ന് കഴിയ്ക്കുന്നുണ്ടല്ലോ.""ഇല്ല നിങ്ങൾ മരുന്ന് നിർത്തിയിട്ട് പത്ത് ദിവസമായി;." അതു കഴിഞ്ഞ് ഞാൻ മരുന്ന് വാങ്ങിയല്ലോ?" ""നിങ്ങൾ ഓൺലൈനിൽ ബില്ലോട് കൂടിയാണ് വാങ്ങിയതെ ങ്കിൽ ഞാനറിയണ്ടതാണ് .അങ്ങിനെ ഒന്ന് ഉടനേ ഒന്നും നടന്നിട്ടില്ല.'''അതിന് ഞാൻ ക്യാഷ് കൊടുത്താണ് വാങ്ങിയത് "" അടുത്ത ദിവസം ഒന്നും നിങ്ങൾ ബാങ്കിൽ നിന്ന് ക്യാഷ് എടുത്താട്ടില്ലല്ലോ?""എനിക്ക് വേറെ ക്യാഷിനു് മാർഗ്ഗം ഉണ്ട്""അങ്ങിനെ ഒരു ക്യാഷിൻ്റെ മാർഗ്ഗം നിങ്ങൾ ഐ.ടി.റിട്ടേണിൽ കാണിച്ചിട്ടില്ല.""അങ്ങിനെ എല്ലാവരുമാനവും കാണിയ്ക്കാൻ പറ്റില്ല.""അത് വലിയ കുറ്റമാണ്. നിങ്ങളുടെ വരവ് മുഴുവൻ നിങ്ങൾ കാണിയ്ക്കണ്ടതാണ് ""ഞാനിപ്പോൾ ഫുഡ് കട്രോളിൽ ആണ്. മരുന്നു കൂടാതെ അസുഖം നിയന്ത്രിയ്ക്കാം ""നിങ്ങൾ കുറച്ചു ദിവസങ്ങളായി ഓർഡർ ചെയ്തിരിക്കുന്ന ലിസ്റ്റ് കണ്ടാൽ നിങ്ങൾക്ക് ഫുഡ് കൺട്രോൾ ഇല്ലന്നു വ്യക്തമാകും"." അത് എൻ്റെ കുട്ടികൾക്ക് വേണ്ടിയാണ്"" അത്.. അതിലും അപകടം.കഴിഞ്ഞ ദിവസം മോൻ്റെ തൂക്കം പരിശോധിച്ചതിൻ്റെ റിക്കാർഡ് എൻ്റെ വശം എത്തിയിട്ടുണ്ട്. അത് വളരെ കൂടുതലാണ്. ഇങ്ങിനെയുള്ള ജങ്ക് ഫുഡുകൾ കഴിച്ചാൽ ഇനിയും ഒബിസിറ്റി കൂടും. ആപകടമാണ് .മാത്രമല്ല നിങ്ങളുടെ ഭാര്യയും നിങ്ങളുടെ ആഹാരരീതിയെപ്പറ്റി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.""അതെങ്ങിനെ നിങ്ങൾ അറിഞ്ഞു ?""നിങ്ങളുടെ ഭാര്യ അവരുടെ അച്ഛന് കഴിഞ്ഞ ദിവസം ഒരു വാട്സ് അപ്പ്മെസേജ് അയച്ചിരുന്നു. അതിൽ നിന്നറിഞ്ഞതാണ് ""കഷ്ടം.... ഒരു രഹസ്യവും സൂക്ഷിക്കാൻ പറ്റാത്ത ഈ നാട്ടിൽ നിന്ന് ഞങ്ങൾ എങ്ങോട്ടെങ്കിലും പോവുകയാ ശല്യം""നിങ്ങൾക്ക് ഇൻഡ്യ വിട്ട് പോകാൻ പറ്റില്ല നിങ്ങളുടെ പാസ്പോർട്ടിൻ്റെ കാലാവധി കഴിഞ്ഞിട്ട് അഞ്ചു വർഷമായി. ഇതു വരെ പുതുക്കിയിട്ടില്ല. പിന്നെ മകൻ്റെ പാസ്പോർട്ടിൽ ഒരു പ്രശ്നമുണ്ട്. നിങ്ങൾ ആശുപത്രിയിൽ നിന്നു കൊടുത്ത ജനനത്തിയതി അല്ല പാസ്പോർട്ടിൽ കൊടുത്തിരിയ്ക്കുന്നത്. ആ പാസ്പോർട്ട് ക്യാൻസൽ ആകാൻ സാദ്ധ്യതയുണ്ട്"" ഛെ..... എൻ്റെ സ്വകാര്യത മുഴുവൻ നശിപ്പിച്ച നിന്നെ ഇന്ന് ഞാൻ കൊല്ലും." ചാടി എഴുനേറ്റത്തും ഉറക്കത്തിൽ കട്ടിലിൽ നിന്ന് താഴെപ്പതിച്ചു."എന്താ പററി ഉറക്കത്തിൽ സ്വപ്നം കണ്ടോ?""അവനെ വിടെ... ആ ദുഷ്ട്ടൻ ഗൂഗിൾ...:ഭാര്യ ക്കൊന്നും മനസിലായില്ല.
Friday, January 15, 2021
സ്റ്റാച്ചു ഓഫ് ലിബർട്ടി . [ അച്ചു ഡയറി-414]മുത്തശ്ശൻ "സ്റ്റാച്ചു ഓഫ് ലിബർട്ടി കണ്ടിട്ടുണ്ടോ.? അമേരിയ്ക്കയിൽ വന്നാൽ വേറൊന്നും കണ്ടില്ലങ്കിലും അതു കാണണം. അത് ലോകത്തിനു നൽകുന്ന മെസേജ് വലുതാണ്.അതാണ് അച്ചുവിൻ്റെ പ്രോജക്റ്റായി അതു തന്നെ തിരഞ്ഞെടുത്തത്.ആദ്യം നമ്മുടെ ടാജ് മഹൽ ആകട്ടെ എന്നാണ് വിചാരിച്ചത്. അവസാനം ഇതുമതി എന്നു വച്ചു.അതിനു മാത്രം അതിനേപ്പറ്റി എഴുതാനുണ്ട്.അച്ചു അവിടെ പോയിട്ടുണ്ട്. ന്യൂയോർക്ക് ഹാർബറിലെ ആ ഐലൻ്റിൽ എത്താൻ ക്രൂയിസിൽ പോകണം.ലിബർട്ടി ക്രൂയിസ് .ബോട്ടിൻ്റെ മുകളിൽ ഇരുന്നാ അച്ചു യാത്ര ചെയ്തത്.അച്ചൂന് ഏറ്റവും ഇഷ്ട്ടപ്പെട്ട യാത്ര. ദൂരെ നിന്ന് തന്നെ ആ വലിയ പ്രതിമ കാണാം. തൊണ്ണൂററി അഞ്ച് മീററർ ഉയരമുണ്ടതിന്. ലിബർട്ടി ഗോഡസിൻ്റെ പ്രതിമ. ലിബർത്തിയാസ് എന്ന ഗ്രീക്ക് ദേവത. വലത്തു കയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ടോർച്ച്. സ്വാതന്ത്ര്യത്തിൻ്റെ വെളിച്ചം ലോകത്തിന് സമ്മാനിച്ച്.ഇടത്തു കയ്യിൽ അമേരിയ്ക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപന ഫലകം. അതിൻ്റെ കാൽക്കീഴിൽ ഒരു ബ്രോക്കൺ ചെയ്ൻ.അബോളിഷൻ ഓഫ് സ്ലെയ് വറിയെ സൂചിപ്പിക്കുന്നത്. വിശ്വസ്വാതന്ത്ര്യത്തിൻ്റെ സിംബലായ ആ കോപ്പർ സ്റ്റാച്ചൂ ഫ്രാൻസിൻ്റെ സമ്മാനമാണ്. ഇമിഗ്രൻസിനെ അമേരിയ്ക്കയിലേയ്ക്ക് ക്ഷണിക്കുന്ന ഒരു സങ്കൽപ്പം കൂടിയുണ്ടതിന്. അതുപോലെ വിമൺ പ്രീഡം. എന്തെല്ലാം സന്ദേശങ്ങളാണ് അവർ ആ ഒറ്റപ്രതിമയിലൂടെ ലോകത്തിന് നൽകുന്നത് ! അച്ചൂന് അത്ഭുതം തോന്നി മുത്തശ്ശാ.ലിബർട്ടി ക്രൂയിസ് ഇടയ്ക്ക് എല്ലീസ് ഐലൻ്റിൽ നിർത്തും. അവിടെ ഇറങ്ങാം. പണ്ട് ലോകത്തിൻ്റെ വിവിധ ഭാഗത്തു നിന്നുള്ള ആളുകൾക്കുള്ള ഒരു ഗയ്റ്റ് വേ ആണ് ആ ഐലൻ്റ്.ഇ മിഗ്രൻസ് ആദ്യം അവിടെ ഇറങ്ങും; അവിടെ ചെക്ക് ചെയ്യ്ത് OK പറഞ്ഞാലേ അമേരിക്കയിലേക്ക് കിടത്തി വിടൂ. അന്നു വന്നവരുടെ ടെൻഷൻ മുഴുവൻ നമുക്ക് മനസിലാക്കാൻ പാകത്തിനാണ് അത് മെയ്ൻ്റയിൽ ചെയ്തിരിക്കുന്നത്. അതൊക്കെ കേട്ടപ്പോൾ അച്ചൂ നും ടൻഷൻ ആയി .ആ പ്രതിമയുടെ ചുവട്ടിൽപ്പോയാൽ നേരേ മുകളിലേയ്ക്ക് നോക്കണം മുഴുവൻ കാണണമെങ്കിൽ. ഇത്ര അധികം മെസ്സേയ്ജസ് ലോകത്തിനു നൽകുന്ന വേറൊരു മോണിമെൻ്റ് ലോകത്തെവിടെയും കാണില്ല. ലസാറൂസ് എന്ന കവിയുടെ ഒരു പോയം അച്ചു വായിച്ചിട്ടുണ്ട്. ആദ്യം വായിച്ചപ്പോൾ അച്ചൂന് ഒന്നും മനസിലായില്ല പിന്നെ ടീച്ചർ പറഞ്ഞു തന്നു. അന്നു തുടങ്ങിയതാണ് ഇവിടെ പ്പോകണം എന്ന അച്ചൂൻ്റെ ആഗ്രഹം.അങ്ങിനെ അച്ചു നല്ല ഒരു പ്രോജക്റ്റ് ഉണ്ടാക്കി സബ്മിറ്റ് ചെയ്തു." ലസാറൂസിൻ്റെ ആ കവിതയുടെ ഒരു ഭാഗം കോട്ട് ചെയ്താണ് അച്ചു ആ പ്രോജക്റ്റ് അവസാനിപ്പിച്ചത്GIVE ME YOUR TIRED YOUR POORYOUR HUDDLED MASSES YEARNING TOBREATHE FREE , THE WRETCHED REFUSE OF YOUR TEAMING SHORE,SEND THESE HOMELESS , TEMPEST TOAST TO MEI LIFT MY LAMP BESIDE THE GOLDEN DOORS"
Wednesday, January 13, 2021
സ്വർഗ്ഗാരോഹണം [കൃഷ്ണൻ്റെ ചിരി- 100]അങ്ങിനെ ശ്രീകൃ ഷ്ണൻ തൻ്റെ അവതാരോദ്ദേശം പൂർത്തിയാക്കി. ജനനം മുതൽ കഷ്ടപ്പാടുകളുടെ ഒരു ഘോഷയാത്ര. ബാക്കിയുള്ളവർക്ക് വേണ്ടി ജീവിച്ച്, അതിൻ്റെ പേരിൽ ഏൽക്കണ്ടി വന്ന ശാപത്തിൽ തൻ്റെ കുടുബവും കുലവും മുഴുവൻ നശിക്കുന്നത് കണ്ടു നിൽക്കണ്ടി വന്നു. തൻ്റെ എല്ലാമായിരുന്ന ഏട്ടൻ ബലരാമനും തൻ്റെ കൺമുമ്പിൽ വച്ചു തന്നെ യോഗ നിദ്രയിൽ ശരീരം വെടിഞ്ഞു.മധുരാപുരി പണിയാൻ വരുണ ദേവനോട് കടം വാങ്ങിയ സ്ഥലം വരുണന് തന്നെ തിരിച്ചുനൽകി ആദിവ്യ തേജസ് ഭൂമിയിൽ നിന്ന് അന്തർധാനം ചെയ്തു.മഹർഷിമാരുടെ ശാപത്താൽ ഇരുമ്പുലക്ക പ്രസവിച്ച് അതുകൊണ്ട് യാദവ കുലം മുഴുവൻ നശിക്കുമെന്ന് ഭയന്ന് അവർ അത് രാകിപ്പൊടിച്ച് കടലിൽത്തള്ളി. ബാക്കി വന്ന ഇരുമ്പു കഷ്ണവും കടലിലെറിഞ്ഞു. ആ പൊടി മുഴുവൻ തീരത്തണഞ്ഞ് ഒരു പ്രത്യേകതരം പുല്ലായി വളർന്നു.ആ ഇരുമ്പിൻ കഷ്ണം ഒരു മത്സ്യം വിഴുങ്ങി. അത് ഒരു വേടനു കിട്ടി അതു കൊണ്ട് അവൻ ഒരസ്ത്രം ഉണ്ടാക്കി.ദ്വാരകയിൽ ദുർലക്ഷണങ്ങൾ കണ്ടുതുടങ്ങി. ശ്രീകൃഷ്ണൻ എല്ലാവരോടും പ്രഭാസതീർത്ഥം ലക്ഷ്യമാക്കി നീങ്ങാൻ കൽപ്പിച്ചു. യാദവർ ആഘോഷമായി അവിടേക്ക് പുറപ്പെട്ടു. എല്ലാവരും കയ്യിൽ കഴിവതും മദ്യവും കരുതിയിരുന്നു. അവിടെ ചെന്ന് അവർ തമ്മിൽ കലഹം തുടങ്ങി.സാത്യകിയും കൃ ത വ ർ മ്മാവും തമ്മിലുള്ള വഴക്കിനവസാനം സാത്യകി കൃതവർമ്മാവിനെ വധിച്ചു. ക്രോധം മൂത്ത് കുടിച്ചു മദോന്മത്തരായ അവർ സാത്യകിയേയും കൊന്നു. തീരത്തുവളർന്നു നിൽക്കുന്ന പുല്ലു പറിച്ച് അന്യോന്യം അടിച്ച് എല്ലാ ആൺ പ്രജകളും നശിച്ചു.അതും ശ്രീകൃഷണന് കാണണ്ടി വന്നു. അവസാനം ശ്രീകൃഷ്ണൻ തൻ്റെ സാരഥി വശം അർജ്ജുനനന്ഒരു സന്ദേശം അയച്ചു. ഇവിടെ വന്ന് കൊട്ടാരത്തിലെ സ്ത്രീ ജനങ്ങളെ മുഴുവൻ സുരക്ഷിതമായി ഹസ്തിനപുരത്തെത്തിച്ച് സംരക്ഷിക്കണം എന്നായിരുന്നു സന്ദേശം.ശ്രീകൃഷ്ണൻ ആ കാടിന് നടുക്ക് ഒറ്റക്ക് ഒരു മരത്തിനു ചുവട്ടിൽ ധ്യാന നിമഗ്നനായി ഇരുന്നു. ദൂരെ നിന്ന് ഒരു വേടൻ അതൊരു മാനാണന്നു കരുതി അസ്ത്രം അയച്ച് ശ്രീകൃഷ്ണൻ്റെ കാലിൽ മുറിവേൽപ്പിച്ചു. ജരൻ എന്ന ആവേടൻ വന്നപ്പോൾ കണ്ടത് തൻ്റെ അസ്ത്രത്താൽ മുറിവേറ്റ ഭഗവാനെയാണ്. ആ ഉലക്കയുടെ കഷ്ണം കൊണ്ടുണ്ടാക്കിയ അസ്ത്രമായിരുന്നു അത്.ജരൻ ഭഗവാനോട് മാപ്പ് ചോദിച്ചു. ഭഗവാൻ ജരന് മാപ്പ് കൊടുത്ത് മോക്ഷം നൽകി. ശ്രീ രാമാവതാരത്തിലെ ബാലിയുടെ പുനർജനനമാണ് ജരൻ എന്നൊരു കഥയും ഉണ്ട്. അന്ന് ബാലിയെ ഒളിയമ്പ് എയ്താണല്ലോ കൊന്നത്.അങ്ങിനെ എല്ലാ അവതാരലക്ഷ്യങ്ങളുo പൂർത്തീകരിച്ച് ആ ദിവ്യ തേജസ് ഭൂമിയിൽ നിന്നും അന്തർധാനം ചെയ്തു.ശ്രീകൃഷ്ണൻ്റെ അന്ത്യ മറിഞ്ഞ് അമ്മയും അച്ഛനും ഹൃദയം പൊട്ടി മരിച്ചു.ഭാര്യമാൽ അഗ്നിയിൽച്ചാടി ആത്മാഹൂതി ചെയ്തു.അർജുനൻ ബാക്കി സ്ത്രീജനങ്ങളെ രക്ഷിച്ച് മടങ്ങുന്ന വഴികാട്ടാളന്മാർ ആക്രമിച്ച് അവരെ തട്ടിക്കൊണ്ടുപോയി. ശ്രീകൃഷ്ണൻ്റെ അഭാവത്തിൽ അർജ്ജുനന് ഗാണ്ഡീവം ഉയർത്താനോ അവരെ നേരിടാനോ സാധിച്ചില്ല.സമുദ്രം ദ്വാരകാപുരി മുഴുവൻ വിഴുങ്ങി. അങ്ങിനെ ഒരു വലിയ ഇതിഹാസം അവിടെ അവസാനിച്ചു.
Monday, January 11, 2021
തല പൊതിച്ചിൽ [ആയൂർവേദ ചികിത്സാനുഭവങ്ങൾ - 12 ]ആയുസിൻ്റെ ശാസ്ത്രമായ ആയൂർവേദ ചികിത്സയുടെ അത്ഭുതങ്ങൾ പലതാണ്. അഷ്ടാംഗഹൃദയത്തിലും, ചരകസംഹിതയിലും ഉള്ളതല്ലാത്ത എത്ര എത്ര ചികിത്സകൾ .പ്രസിദ്ധരായ ആയൂർവേദ ഭിഷഗ്വരന്മാർ അവരുടെ നിരന്തരമായ സാധനയുടെ ഫലമായി ത്രിദോഷാടിസ്ഥാനത്തിൽ വികസിപ്പിച്ച അനവധി ചികിത്സകൾ ഉണ്ട്. നിറുകയിൽ തളംവയ്ക്കുന്നത് ആയൂർവേദത്തിൽ ഒരു സാധാരണ ചികിത്സയാണ്. അതിൻ്റെ ഒരു വകഭേദമാണ് "തലപൊതിയൽ " എന്ന ചികിത്സാരീതി. ഉറക്കക്കുറവ്, കഫ ശല്യം തുടങ്ങിയ അസുഖങ്ങൾക്കാണ് ഈ ചികിത്സാരീതി, തലപൊതിയൽ .ആയൂർവേദ ചികിത്സയിൽ കേരളീയ ചികിത്സാ രീതിയിൽ പരീക്ഷിച്ച് വിജയിച്ച ഒരു ചികിത്സാരീതിയാണിത്. ഒരു സുഖചികിത്സ എന്ന രീതിയിലാണത് പരീക്ഷിച്ചത്.തലമുടി പറ്റെ വെട്ടി.ജലദോഷവും പനിയും ഇല്ല എന്നുറപ്പു വരുത്തി. ആദ്യമായി അഭ്യംഗം. അതായത് ശരീരം മുഴുവൻ തൈലം തേച്ച് ഉഴിയുക.നല്ല നെല്ലിയ്ക്ക മോരിൽപ്പുഴുങ്ങി എടുക്കുന്നു. അതിലെ കുരു മാറ്റി ഒരോരുത്തരുടെ ശരീരപ്രകൃതിക്കും, അസുഖത്തിനും ആവശ്യമുള്ള മരുന്നുകൾ ചേർത്ത് നന്നായി അരച്ച് കൊഴമ്പ് പരുവത്തിലാക്കുന്നു. രോഗിയെ ഒരു കസേരയിൽ ഇരുത്തി ഈ മരുന്ന് തലയിൽ പൊത്തുന്നു. ഒരിഞ്ച് ഘനത്തിൽ ഇത് തലയിൽ തേച്ചുപിടിപ്പിക്കുന്നു. എന്നിട്ട് താമരയിലകൊണ്ട് തല പൊതിഞ്ഞു കെട്ടുന്നു. മുപ്പത് മിനുട്ടു മുതൽ നാൽപ്പത്തി അഞ്ച് മിനിട്ടു വരെ ഇതു് തുടരും. അതിനു ശേഷം പൊതിച്ചിൽ അഴിച്ച് മരുന്നു മാറ്റി ചെറുചൂട് വെള്ളത്തിൽ കുളിയ്ക്കണം. നിറുകയിൽ രാസ്നാതി പൊടി തിരുമ്മി ചികിത്സ അവസാനിപ്പിക്കും. അങ്ങിനെ ഏഴു ദിവസം.പല അസുഖങ്ങൾക്കും ഉള്ള ഒരു പരിഹാരമായി ഒരോ ചികിത്സയും മാറുന്ന ഒരൽഭുതമാണ് ആയുർവേദ ചികിത്സ.
Saturday, January 9, 2021
ഗ്രാൻ്റ് മദേഴ്സ് ഡേ [ അച്ചു ഡയറി. 416]മുത്തശ്ശാ സ്ക്കൂളിൽ ഗ്രാൻ്റ് മദേഴ്സ് ഡേ ഉണ്ട്. ഇത്തവണ ഓൺലൈനിൽ ആയിരുന്നു. അവിടെ ഇരുന്ന് വേണമെങ്കിൽ അമ്മമ്മക്ക് പങ്കെടുക്കാമായിരുന്നു. നടന്നില്ല. ഗ്രാൻ്റ് മദർ ഇല്ലാതെ അത് ആഘോഷിച്ചു.അന്നു മുത്തശ്ശൻ അമേരിയ്ക്കയിൽ വന്നപ്പോൾ മുത്തശ്ശനെക്കൂടാതെ അമ്മയും അമ്മമ്മയും മാത്രമായി ഒരു ഹോട്ടലിൽ പോയി. ദോശാ ഗ്രിൽ. ഇൻഡ്യയിൽക്കിട്ടുന്ന എല്ലാത്തരം ദോശയും അവിടെ കിട്ടും. അച്ചൂന് അമ്മയേ വലിയ ഇഷ്ട്ടമാണ്.അതു പോലെ അമ്മയ്ക്കും അമ്മമ്മയോട് നല്ല ഇഷ്ടം കാണും. അതു കാണാനുള്ള രസം കൊണ്ട് അച്ചു നോക്കിയിരുന്നു.അമ്മമ്മയ്ക്ക് അമ്മയേ എന്തിഷ്ട്ടമാണന്നോ?പക്ഷേ തെറ്റ് കണ്ടാൽ കണ്ണുപൊട്ടെ ചീത്ത പറയും.പെട്ടന്ന് പ്രണ്ട്സിൻ്റെ കൂട്ട് കൂട്ടുചേരും. ചില പ്പം രണ്ടു പേരും തമ്മിൽ അടി കൂടും.അച്ചു ന് അത്ഭുതം തോന്നും. പക്ഷെ എത്ര പെട്ടന്നാ കോബ്ര മൈസ് ആകുന്നത്. അച്ചൂന് അത് നോക്കിയിരിയ്ക്കാൻ ഇഷ്ട്ടാ. അമ്മ അച്ചൂ നെ വഴക്കു പറയുമ്പോൾ അച്ചൂന് സങ്കടം വരും. പക്ഷേ അമ്മ എപ്പഴും ചിരിച്ചു കൊണ്ടാ നേരിടുന്നത്. അച്ചൂന് അത്ഭുതമാണത്.ഒരിക്കൽ നാട്ടിൽ വന്നപ്പോൾ അമ്മമ്മയുടെ അമ്മയേക്കാണാൻ പോയി.അച്ചു ആകെ ത്രിൽ ഡായി. അമ്മയുടെ അമ്മമ്മ! വെളുത്ത് ചുരുണ്ട മുടി. നെറ്റിയിൽ കുറിയിട്ടിട്ടുണ്ട്. തലയിൽ പത്തു പൂ ചൂടിയിട്ടുണ്ട്. പത്ത് പൂ എന്തൊക്കെയെന്ന് അന്ന് അച്ചൂന് ആ മുത്തശ്ശി പറഞ്ഞു തന്നു. ഒരോ പൂവും ഒരോ ദൈവത്തിനെ സൂചിപ്പിക്കുന്നതാണത്രേ. എന്തെല്ലാം കാര്യങ്ങളാണ് അന്ന് അച്ചു പഠിച്ചത്.അങ്ങിനെ നാലു തലമുറ ഒന്നിച്ച്.ഇവിടെ ഇതുപോലെ ഒരററാച്ചുമെൻ്റ് കാണാൻ പറ്റില്ല. ഇവിടെ എല്ലാം കുറച്ചു കൂടി ഫോർമൽ ആണന്നു തോന്നുന്നു." ഞാനെൻ്റെ അമ്മയ്ക്കിഷ്ടമുള്ളത് ഓർഡർ ചെയ്യും.നീയോ.?""ഞാനെൻ്റെ അമ്മമ്മക്കിഷ്ട്ടമുള്ളത് ഓർഡർ ചെയ്യും" അച്ചു പറഞ്ഞു. അവർ പൊട്ടിച്ചിരിച്ചു. അമ്മമ്മ എന്നെ കെട്ടിപ്പിടിച്ചു.
Wednesday, January 6, 2021
നൂറ്റൊന്നു വെററില [ നാലുകെട്ട് - 336]എട്ടങ്ങാടിയും തിരുവാതിരയും കഴിഞ്ഞു. പണ്ട് തറവാട്ടിൽ തിരുവാതിരയ്ക്ക് താമ്പൂലം പ്രധാനമാണ്.സ്ത്രീജനങ്ങൾ തിരുവാതിരയ്ക്ക് 101 വെററില മുറുക്കണം. മൂന്നും കൂട്ടുക എന്നാണ് പറയുക.വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും മാത്രം. പുകയില കൂട്ടില്ല. നെടുമംഗല്യത്തിന് വിശേഷമാണത്രേ. എന്നു പറഞ്ഞാൽ ഭർത്താവിൻ്റെ ദീർഘായുസ്സിന് .തുളസി വെറ്റിലയാണ്.അതും മുരിങ്ങയിൽ കയറ്റി വിട്ടത്.അത് വലുതായിപ്പടർന്നു കഴിയുമ്പോൾ ചുവട് ഇളകാതെ വള്ളികൾ അടർത്തി എടുത്ത് മുരിങ്ങയുടെ തടി തുളച്ച് അതിലൂടെ വെററിലക്കൊടിയുടെ തണ്ട് കടത്തി മറുവശത്തുകൂടെ മുരിങ്ങയിൽ കയറ്റി വിടും. അങ്ങിനെ ഉണ്ടാകുന്ന വെററിലയ്ക്ക് എരിവും ഔഷധ ഗുണവും കൂടും.അതുപോലെ ചുണ്ണാമ്പ് ഉണ്ടാക്കുന്നതിനും നിഷ്ക്കർഷയുണ്ട്. നല്ല കക്ക മാത്രം തിരഞ്ഞെടുത്ത് തിളപ്പിച്ച വെള്ളത്തിൽ ഇടുന്നു. അതിൽ നിന്ന് വെളുത്ത പുക ഉയരും. നന്നായി ഇളക്കി കക്ക നീറിക്കഴിയുമ്പോൾ നല്ല ശുദ്ധജലത്തിൽ ചുണ്ണാമ്പ് കലക്കുന്നു. അത് ഒരു തുണിയിൽ അരിച്ച് കരട് നീക്കുന്നു. ചുണ്ണാമ്പ് അടിയിൽ ഊറിക്കഴിയുമ്പോൾ നല്ല വെണ്ണ പോലത്ത ചുണ്ണാമ്പ് കിട്ടും. അത് ശുദ്ധമായ വെളിച്ചണ്ണ സ്വൽപ്പം ചേർത്ത് ഇളക്കിവയ്ക്കും. ഇങ്ങിനെ ഉണ്ടാക്കിയ ചുണ്ണാമ്പ് ഉപയോഗിച്ചാൽ ഒരിയ്ക്കലും വാ പൊട്ടില്ല.കളി അടയ്ക്ക ഉണ്ടാകുന്നതും ഒരു വലിയ പ്രോസസ് ആണ്. പിഞ്ച് അടയ്ക്കാ [ പാക്ക് ] അരിഞ്ഞിട്ട് വെള്ളത്തിൽ ശർക്കര ചേർത്ത് തിളപ്പിയ്ക്കണം. മൺപാത്രത്തിലാണ് പതിവ്.അടയ്ക്ക നന്നായി വെന്തു കഴിഞ്ഞാൽ ഊറ്റിഎടുത്ത് വെയിലത്തുവച്ച് ഉണക്കണം. വൈകിട്ട് വീണ്ടും ഈ തെളിയിൽത്തന്നെ ഇട്ട് വയ്ക്കും. പിറേറദിവസം വീണ്ടും ഉണങ്ങും. അവസാനം ആ കളിയിൽ അയമോദകം, ഏലക്കാ, ഗ്രാംപൂ, കുറച്ച് കുരുമുളക് ഇവ പൊടിച്ച് ആ പൊടി ചേർത്ത് കളി അടക്ക അതിലിട്ട് ഇളക്കണം.അത് ഒരിയ്ക്കൽ കൂടി വെയിലത്ത് വച്ച് അതിലെ അധികജലാംശം വററിക്കണം. കളിയടയ്ക്കാ അങ്ങിനെ നേരത്തേ തയാറാക്കി വച്ചിരിക്കും.ഈ കളി അടയ്ക്കയും, ചുണ്ണാമ്പും, തളിർവെറ്റിലയും കൂട്ടിയാണ് അന്ന് നൂറ്റൊന്നു വെറ്റില പൂർത്തിയാക്കുന്നത്. ഭാര്യയും ഭർത്താവും കൂടി തീർത്താലും മതി എന്നൊരു പാഠഭേദം പിന്നീട് ഉണ്ടായിട്ടുണ്ട്.താംബൂലംകടുതിക്ത മുഷ്ണ മധുരം ക്ഷാരം. കഷായാന്വിതംവാതഘ്നം കൃമിനാശനം കഫ ഹരംകായാഗ്നി സന്ദീപനംസ്ത്രീ സംഭാഷണ ഭൂഷണംരുചികരം ശോകസ്യ വിച്ഛേദനംതാംബൂലസ്യ സഖേ ത്രയോ ദശഗുണാ :സ്വർഗേടപിതേ ദുർലഭാ
Tuesday, January 5, 2021
കിഷൻ്റെ മുത്തശ്ശൻ [ അച്ചുവിൻ്റെ ഡയറി-413]'മുത്തശ്ശാ അച്ചു ആകെ സാഡായി. അച്ചുവിൻ്റെ ബസ്റ്റ് ഫ്രണ്ടാണ് കിഷൻ. അവൻ്റെ മുത്തശ്ശൻ മരിച്ചു പോയി. കൊറോണാ കാരണം നാട്ടിൽ പോകാനും പറ്റിയില്ല. അവന് വലിയ ഇഷ്ടമായിരുന്നു അവൻ്റെ മുത്തശ്ശനെ. ഇവിടെ അമേരിക്കയിൽ വന്നു താമസിച്ചിട്ടുണ്ട്.അച്ചൂനേം വലിയ ഇഷ്ടമായിരുന്നു. എന്തായാലും അവൻ്റെ അടുത്ത് പോകണം. അവനെ സമാധാനിപ്പിക്കണം.ഞങ്ങൾ അവിടെച്ചെന്നപ്പോൾ ആകെ വിഷമിച്ചു പോയി. ഓൺലൈനിൽ നാട്ടിലെ ചടങ്ങുകൾ കാണിച്ചു കൊണ്ടിരിക്കുകയാണ്. വലിയ ടി.വിയിൽ. അവൻ്റെ അമ്മ തേങ്ങിക്കരയുന്നുണ്ട്. അവൻ ഒന്നും മിണ്ടാതെ സെററിയിൽ ഇരിക്കുന്നുണ്ട്. അവൻ ടി.വിയിൽത്തന്നെ നോക്കിയിരിയുകയാണ്.അച്ചു വന്നതവനറിഞ്ഞില്ല. അച്ചു അവൻ്റെ അടുത്ത ചെന്നിരുന്നു. അവൻ്റെ കൈ പിടിച്ച് അച്ചുവിൻ്റെ കയ്യിൽ വച്ചു. അവനെന്നെ നോക്കി. അവൻ്റെ കണ്ണ് നനഞ്ഞിട്ടുണ്ട്.മുത്തശ്ശൻ മുമ്പ് പറഞ്ഞു തന്നത് അച്ചു ഓർത്തു. നമ്മൾ മരിച്ചാൽ ബോഡി വച്ചു കൊണ്ടിരിയ്ക്കില്ല. പെട്ടന്ന് ദഹിപ്പിയ്ക്കും. അതിന് ഒത്തിരി ചടങ്ങുകൾ ഉണ്ട്. അവസാനം മുളകൊണ്ടുണ്ടാക്കിയ ഒരു കോവണിയിൽക്കിടത്തി തുണികൊണ്ട് മൂടും.കിഴ ക്കുവശത്തെ തൊടിയിൽ മാവിൻ്റെ വിറക് അടുക്കിയിട്ടുണ്ടാവും. അവിടെയും ചടങ്ങുകൾ ഉണ്ട്. അവസാനം അതിനു മുകളിൽക്കിടത്തി വിറകു കൊണ്ട് മൂടി ദഹിപ്പിക്കും. നാലാം ദിവസം അസ്ഥി എടുത്ത് ഒരു മൺകടത്തിലിട്ട് അടച്ച് കുഴിച്ചിടും. അവിടെ മുഴുവൻ കിളച്ച് തെങ്ങും വാഴയും വയ്ക്കും. അവിടെ മറ്റു വിത്തുകൾ വിതയ്ക്കും. മനുഷ്യൻ മണ്ണിലേയ്ക്ക്."പഞ്ചഭൂത "ത്തെപ്പറ്റി അച്ചു ചിന്മയായിൽ പഠിച്ചിട്ടുണ്ട് ഇതൊക്കെ അച്ചു അന്ന് സ്കൂളിൽപ്പറഞ്ഞപ്പോൾ കൂട്ടുകാർ എന്നെ കളിയാക്കിയിരുന്നു. ചിലർ അൽഭുതത്തോടെ കേട്ടിരുന്നു. അച്ചു അതൊക്കെ ഓർത്തു പോയി.കി ഷൻ്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് അച്ചു ഞട്ടി ഉണർന്നത്. അവൻ്റെ മുത്തശ്ശനെ ദഹിപ്പിക്കുന്നത് കണ്ടാണവൻ കരഞ്ഞത്. അവനെ ഈ ചടങ്ങ് കാണിയ്ക്കണ്ടായിരുന്നു. അച്ചു അവനെ കെട്ടിപ്പിടിച്ചു.അച്ചൂനും കരച്ചിലു വന്നു മുത്തശ്ശാ .'
Monday, January 4, 2021
Dr. രാമൻ വൈദ്യർ [കീശക്കഥകൾ - 99]ഞാൻ രാമൻ വൈദ്യർ.പാരമ്പര്യമായി വൈദ്യരാണ്. പോര.ഡിഗ്രി വേണം. കിട്ടിയത് വെററിനറി. മതി. ഒരു ഡോക്ട്ടർ ആണല്ലോ. അങ്ങിനെ ഞാൻ മൃഗഡോക്ടറായി. നാട്ടുകാരുടെ ഡോക്ട്ടർ രാമൻ വൈദ്യർ. ഞങ്ങളുടെ ചെറു ഗ്രാമത്തിൽ കാലങ്ങളായി ചികിത്സിച്ചു വരുന്നു.പ്രധാനമായും പശു, എരുമ, ആട്, അപൂർവ്വമായി കോഴി, താറാവ്.അങ്ങിനെ സ്വസ്തമായി പൊയ്ക്കൊണ്ടിരുന്നതാണ് ജീവിതം.അപ്പഴാണ് കൊറോണക്കാലമായത്. പട്ടണപ്രദേശങ്ങളിൽ നിന്ന് ആൾക്കാർ നാട്ടിൻ പ്രദേശത്തേക്ക് കുടിയേറിത്തുടങ്ങി. അവരുടെ തറവാടുകൾ വൃത്തിയാക്കി അച്ഛൻ്റെയും അമ്മയുടെയും അടുത്തെത്തിത്തുടങ്ങി. മിക്കവാറും വലിയ ഐ.ടി പ്രൊഫഷണൽസ്.വീട്ടിലിരുന്ന് പണി എടുക്കാം. കുട്ടികൾക്ക് പഠിക്കാം. കൂട്ടുകാരെക്കാണാതെ, പാർക്കിൽപ്പോകാതെ ,ക്ലബിൽ തല കാണിയ്ക്കാതെ ജീവിതം. ഒരു വല്ലാത്ത അസ്വസ്തത .സ്ട്രസ്. ടെൻഷൻ. അവർപെറ്റ് ബേർഡിനെ വളർത്തിത്തുടങ്ങി. ഇണങ്ങുന്ന മൃഗങ്ങളെ പരിപാലിച്ചു തുടങ്ങി. കുട്ടികളെക്കാൾ പട്ടികളെ പരിപാലിക്കുന്ന സംസ്കാരം ഗ്രാമപ്രദേശത്തെയ്ക്ക് പറിച്ചുനടപ്പെട്ടു. അതൊക്കെ അവരുടെ കാര്യം.പക്ഷേ എന്നേ അത് ബാധിച്ചത് വേറൊരു തരത്തിലാണ്.ഒരു ദിവസം ഒരാ ഫ്രിക്കൻ തത്തയുമായി ഒരുത്തൻ .ചികിത്സ വേണം.നാൽപ്പതിനായിരം രൂപയുടെ ചരക്കാണ്. ആദ്യമായാണ് ഒരു വിദേശിയെ ചികിത്സിക്കുന്നത്. കൈ വിറച്ചു. ഒരു വിധം ഒപ്പിച്ചു പറഞ്ഞു വിട്ടു.പുറകെ ഒരു ബോക്സർ, പാമറേനിയൻ,, അൾസേഷ്യൻ.എല്ലാം മുന്തിയ ഇനം. നല്ല വില കൊടുത്തത്. സ്വീകരണമുറിയിലും,ബഡ്റും മിലും എന്തിന് പൂജാമുറിയിൽ വരെ പ്രവേശനമുള്ള ആഡ്യൻ! അവർ പലരും എന്നെ അവരുടെ കുടുംബ ഡോക്ട്ടർ ആയി പ്രഖ്യാപിച്ചു.ഗുരു കാരണവന്മാരെ മനസിൽ ധ്യാനിച്ച് ഞാൻ പിടിച്ചു നിന്നു. എൻ്റെ മനസമാധാനം പോയിത്തുടങ്ങി. ചികിത്സിക്കാൻ വയ്യ എന്നു പറയാൻ പറ്റില്ല. വേറൊരു സ്ഥലത്തേക്ക് റഫർ ചെയ്യാൻ ഈ കുഗ്രാമത്തിൽ എവിടെ പെറ്റ് ക്ലിനിക്ക്.അപ്പഴാണ് മാർക്കോസിൻ്റെ വരവ്. പണ്ട് നാട്ടിൽ നിന്ന് അമേരിയ്ക്കയ്ക്ക് പോയതാണ്. കണ്ടാൽ ഒധോലോക നായകൻ്റെ രൂപം. അവൻ്റെ വില കൂടിയ കാറ് മുറ്റത്തു വന്നു നിന്നു. അവനിറങ്ങി കാറിൻ്റെ ഡോർ തുറന്നതും ഒരു ഭീകരനായ നായ് ഒരൊറ്റച്ചാട്ടം.ഡോബർമാൻ ഫിഞ്ചർ .അടുത്ത വന്ന് എൻ്റെ തൊളിൽ മുൻ കാലുകൾ വച്ചു. അവൻ്റെ വാ തുറന്നു. ഒരു ഡ്രാക്കുള സിനിമ കണ്ട പോലെ ഞാൻ ഭയന്നു." ജിമ്മി.. കം ഓൺ" അവൻ അനുസരിച്ചു.മാർക്കോസ് ചിരിച്ചു. അവൻ്റെ പല്ലിന് ആണസുഖം. ഒരു പഴുപ്പ്. ഡോക്ട്ടർ ഒന്നു നോക്കണം. അവൻ അവൻ്റെ ഭീകരമായ വായ് തുറന്നു.ഞാൻ പരിശോധിക്കാൻ തുടങ്ങിയതും അവൻ വായടച്ചു. എൻ്റെ കൈ അവൻ്റെ വായിൽ കുടുങ്ങി. "നോട്ടീ ബോയ്" മാർക്കോസ് മൊഴിഞ്ഞു. എൻ്റെ തലകറങ്ങി. ഭാഗ്യത്തിന് മുറിവ് പറ്റിയില്ല. ഒരു വിധം അവനെപ്പറഞ്ഞു വിട്ടു.പരീക്ഷണനായി കസേരയിലേയ്ക്ക് ചാഞ്ഞു.
Subscribe to:
Posts (Atom)