Saturday, February 22, 2025

കാഞ്ചീപുരത്തിൻ്റെ 'ഊടും പാവും [ യാത്രാ നുറുങ്ങുകൾ - 1004] കാഞ്ചീപുരം '! ഒരിയ്ക്കൽ പോയിട്ടുണ്ട്. ആയിരത്തിലധികം ക്ഷേത്രങ്ങളുടെ നാട് ചോളന്മാരും,പല്ലവന്മാരും, വിജയ നഗര ശിൽപ്പികളും ഒക്കെക്കൂടി പാരമ്പര്യ ശിൽപ്പചാതുരിയോടെ നിർമ്മിച്ച വിശ്വ പ്രസിദ്ധ ക്ഷേത്രങ്ങളുടെ നാട് .അവിടുത്തെ ക്ഷേത്രങ്ങളെപ്പറ്റി മുമ്പ് പ്രതിപാദിച്ചിരുന്നു. കാഞ്ചീപുരത്തെ പട്ടിൻ്റെ വഴിയിലൂടെയുള്ള യാത്ര ആണ് അവിസ്മരണീയം. ക്ഷേത്രങ്ങൾ പോലെ തന്നെ കലയുടെ ശ്രീകോവിലുകളിൽ കൂടിയുള്ള യാത്ര. വിശ്വ പ്രസിദ്ധ കാഞ്ചീപുരം പട്ടിൻ്റെ നാട് ! അതവിടെ കുടിൽ വ്യവസായമാണ്. ഇൻഡ്യൻ നെയ്ത്തിൻ്റെ ഈറ്റില്ലം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അയ്യായിരത്തോളം കുടുംബാoഗൾ ഇവിടെ നെയ്ത്ത് ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഏതാണ്ട് അറുപതിനായിരത്തിന് മുകളിൽ നെയ്ത്തുകാർ!.ആഗ്രഹാരങ്ങൾ പോലെ അഭിമുഖമായിരിക്കുന്ന വീടുകളുടെ നടുവിലൂടെ ഉളള വഴിയിലൂടെ ഉള്ള യാത്ര ഒരനുഭൂതിയാണ്. വഴിക്കിരുവശങ്ങളിലും വർണ്ണനൂലുകളുണക്കുന്ന വർണ്ണാഭമായ കാഴ്ച്ചകൾ .വർണ്ണനൂലുകളാൽ വസന്തം തീർക്കുന്ന കലാകാരന്മാർ.നെയ്ത്തുത റികളുടെ താളത്തിലുള്ള ശബ്ദം നമ്മേപഴയ ഒരു നൂറ്റാണ്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും. അവിടെ നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് കച്ചവടം .ഒറിജിനൽ 'പട്ടുനൂലിൽ നെയ്തെടുക്കുന്ന സാരികളിലെ പരമ്പരാഗത ശിൽപ്പ ചാതുരി നമ്മേ അൽഭുതപ്പെടുത്തും. മുന്താണിയും ബോർഡറും വേറേ നെയ്ത് സാരിയിൽ തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്യുക .സാരിക്കു ചേരുന്ന ബ്ലൗസ്പീസും കൂടെക്കാണും. പതിനയ്യായിരം രുപാ മുതൽ എഴുപത്തി അയ്യായിരം രൂപാ വരെയുള്ള സാരികൾ ഉണ്ട്. സ്വർണ്ണനൂലുകൾ കൊണ്ട് നെയ്ത് തരുന്നതിന് വലിയ വിലയാകും. നമുക്കിഷ്ടമുള്ള ഡിസൈയിൻ വരച്ചു കൊടുത്താൽ അതു പോലെ നെയ്തു തരുന്നവരും അവിടുണ്ട്. ഒരു ജനതയുടെ മുഴുവൻ ആത്മാവായ ആ തൊഴിലിടത്തോട് മനസ്സില്ലാ മനസ്സോടെ വിട പറഞ്ഞു.

No comments:

Post a Comment