Tuesday, February 13, 2024
കുറിച്ചിത്താനം കാരിപ്പടവത്ത് കാവിൽ മുടിയേറ്റ് [ നാലുകെട്ട് -567]ഈ നാലു കെട്ടിലെ ഭരദേവതയുമായുള്ള ബന്ധമാകാം പണ്ട് കാവിൽ നിന്ന് ഇവിടെ ഇറക്കി പൂജപതിവുണ്ടായിരുന്നത്. കുംഭഭരണിയുടെ അനുഷ്ഠാന കലയായ മുടിയെറ്റ് ഇത്തവണ തന്ന അനുഭൂതി ഒന്നു വേറേ തന്നെയായിരുന്നു. മുടിയേററിന് കഥകളിയോടും ചാക്യാർകൂത്തിനോടും ചെറിയ സാമ്യം ഉണ്ട്. ഒരു അനുഷ്ടാന കല ആയതു കൊണ്ട് തന്നെ ഇതിൻ്റെ ദൈവിക ചടങ്ങുകൾ അനവധിയാണ് കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി ,പ്രതിഷ്ഠാ പൂജ, കളം മായ്ക്കൽ ഇവയാണ് ആദ്യം നടക്കുക. ആദ്യം ശിവനും നാരദനും ആണ് രംഗത്ത് വരുക. ദാരിക നേക്കൊണ്ടുള്ള ശല്യം ശിവഭഗവാനെ നാരദമഹാമുനി വിശദീകരിച്ചു കൊടുക്കുന്നു. ദാരികനെ നിഗ്രഹിച്ച് ഭൂമിയെ രക്ഷിക്കണമെന്നപേക്ഷിക്കുന്നു. ദാരിക വധത്തിനായി ഭദ്രകാളിയെ ചുമതലപ്പെടുത്തുന്നു. പിന്നെ ദാരികൻ്റെ പുറപ്പാടാണ്. ഓടിനടന്ന് സകലതും നശിപ്പിച്ച് തന്നോട് യുദ്ധം ചെയ്യാൻ ധൈര്യമുള്ളവരെ വെല്ലുവിളിച്ച് ചടുല നൃത്തം ചെയ്യുന്നു.പിന്നെ ഭദ്രകാളിയുടെ പുറപ്പാടാണ്. ഭീകരമായ യുദ്ധം നടക്കുന്നു. അവസാനം ദാരികനും കൂട്ടരും പാതാളത്തിൽ ഒളിയ്ക്കുന്നു. രാത്രി ആയാൽ മായാ യുദ്ധത്തിൽ കാളിയെ തോൽപ്പിക്കാം. അതായിരുന്നു ദാരികൻ്റെ ഉദ്ദേശം.ഇതു മനസിലാക്കിയ കാളി തൻ്റെ മുടി കൊണ്ട് സൂര്യബിംബം മറയ്ക്കുന്നു. രാത്രി ആയി എന്നു കരുതി യുദ്ധത്തിനായി ദാരികനും കൂട്ടരും തിരിച്ചെത്തുന്നു. കാളിമുടി മാറ്റി. സൂര്യബിംബം തെളിഞ്ഞു. പിന്നെ നടന്ന ഭീകര യുദ്ധത്തിൽ ദാരികനെയും കൂട്ടരേയും കാളി വധിക്കുന്നു. പിന്നെ കാളിയുടെ കോപം തണുപ്പിക്കാനുള്ള ശ്രമമായി.നിലവിളക്കും, പന്തവും, ഇടക്ക് തെളളി എറിഞ്ഞുണ്ടാകുന്നതീ ജ്യാലയും കാളിയുടെ അലർച്ചയും ഒരു വല്ലാത്ത കാഴ്ച്ചാനുഭവമാണ് ഭക്തർക്ക് നൽകുന്നത്. തിരുമറയൂർ വിജയൻ മാരാരും സംഘവുമാണ് ഇത്തവണത്തെ മുടിയേറ്റ് അരങ്ങേറിയത്.തിരുമ റയൂർ ഗിരിജൻ മാരാരുടെ കാളി കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കുടുബാംഗമാണ് വിജയൻ മാരാർ എന്നു മനസിലാക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment