Wednesday, June 29, 2022
എൻ്റെ പ്രിയ സുഹൃത്ത് കൃഷ്ണൻ നായർ രണ്ടു ദിവസമായി ഒരു വേർപാടിൻ്റെ ദു:ഖത്തിലായിരുന്നു ഞാൻ. എൻ്റെ ഒരുത്തമ സുഹൃത്ത് നമ്മെ വിട്ടു പോയി. വിശ്വസിക്കാൻ പറ്റണില്ല. തലേ ദിവസം വായനശാലയിൽഒരു പരിപാടിയിൽ ഒന്നിച്ചു പങ്കെടുത്തിരുന്നു. മണക്കാട് കൃഷ്ണൻ നായർ. ഉഴവൂർ ട്യൂട്ടോറിയൽ കോളേജിൽ ജോലി ചെയ്തിരുന്ന കാലം മുതൽ ഉള്ള ബന്ധമാണ്. കൃഷ്ണൻനായർ പൂത്തൃർക്കോവിലപ്പൻ്റെ ഒരു ഭക്തനായിരുന്നു. അദ്ദേഹവും ഒത്ത് അവിടെയും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കു റി ച്ചിത്താനം പി. ശിവരാമ പിള്ള മെമ്മോറിയൽ പീപ്പിൾസ് ലൈബ്രറിയിൽ ദീർഘകാലം സെക്രട്ടറി ആയിരുന്നു. ആ ലൈബ്രറിയുടെ എല്ലാം എല്ലാമായിരുന്ന ശ്രീ.ശിവരാമപിള്ള സാറിൻ്റെ പിൻഗാമി. എല്ലാ അർത്ഥത്തിലും. വളരെക്കാലം, മരണത്തിൻ്റെ തലേ ദിവസം വരെ ഒന്നിച്ചു ലൈബ്രറിക്കു വേണ്ടി പ്രവർത്തിച്ചു. അപ്രതീക്ഷിതമായിരുന്നു ആ വിയോഗം .അത് സൃഷ്ടിച്ച ശൂന്യത ഇനി ആ ഗ്രന്ഥശാലയിൽ പോകുമ്പോൾ ഒക്കെ അനുഭവപ്പെടും. ഒരേ ഒരുമകൾ. കൃഷ്ണ' അങ്ങ് ലണ്ടനിലാണ് എൻ്റെ മോളുടെ ഫ്രണ്ടായിരുന്നു.അങ്ങിനെ എൻ്റെയും. സ്വതവേ മിതഭാഷി ആയ കൃഷ്ണൻ നായർ മോളുടെ കാര്യം പറയുമ്പോൾ ആയിരം നാവാണ്.അശ്രുപൂജയോടെ ആ ദു:ഖത്തിൽപ്പങ്കു ചേരുന്നു. ആദരാജ്ഞലികൾ .
Friday, June 24, 2022
എൻ്റെ പത്താം ക്ലാസിൽ വീണ്ടും [ ഓർമ്മച്ചെപ്പ് - 16] ശ്രീകൃഷ്ണാ വൊക്കേഷണൽ ഹൈസ്ക്കൂൾ. ഞാൻ പഠിച്ച സ്ക്കൂളാണ്.ഈ വർഷം 100 % ശതമാനം റിസൽട്ട്കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷം പങ്കിടാനാണവിടെപ്പോയത്.സ്ക്കൂൾ വിട്ടിരുന്നു. അന്നത്തെ എൻ്റെ പത്താം ക്ലാസ് തുറന്നു കിടക്കുന്നു. സ്കൂളിൻ്റെ അന്നത്തെ ബ്ലോക്കാണ് 'അവിടെ ആണ് എൻ്റെ പത്താം ക്ലാസ്. ഞാൻഫ്രണ്ട് ബഞ്ചിൽ 58 വർഷം മുമ്പ് ഇരുന്നിരുന്ന സീറ്റിൽ പോയിരുന്നു. ഭിത്തി മുഴുവൻ കരിങ്കൽക്കെട്ടാണ്. ഒന്നൊന്നായി ഓർമ്മകൾഎൻ്റെ മനസിലേയ്ക്ക് കടന്നു വന്നു. മലയാളം പഠിപ്പിച്ചിരുന്നത് കൊച്ച് കൈമ്മൾ സാറാണ്. എപ്പഴും ചിരിച്ചു കൊണ്ട് ക്ലാസെടുക്കുന്ന സാറിൻ്റെ ക്ലാസ് എനിക്കേററവും ഇഷ്ടമായിരുന്നു. ഒരു ചോക്കു കഷ്ണം മേൽപ്പതിച്ച പോലെ. ഞാൻ ഞട്ടി. കൈമ്മൾ സാറിൻ്റെ ഏറ്റവും വലിയ ശിക്ഷയാണത്. സ്നേഹത്തോടെ പുറകെ ഒരു ശാസനയും പിന്നെ തീഷ്ണമായ കണ്ണുകൾ കൊണ്ട് ഒറ്റനോട്ടത്തിൽവിറപ്പിക്കുന്ന എൻ്റെ പ്രിയപ്പെട്ട സക്കറിയാസാർ.ഈ സ്ക്കൂളിൻ്റെ എല്ലാമെല്ലാമായ അയ്യർ സാർ. എല്ലാവരും ഒന്നൊന്നായി മനസിലേയ്ക്ക് കടന്നു വന്നു.അന്നിവരുടെ എല്ലാം നോട്ടപ്പുള്ളി ആയിരുന്നു ഞാൻ. എൻ്റെ സിസ്റ്റർ അവിടെ ആണ് പഠിപ്പിച്ചിരുന്നത്. അതു കൊണ്ട് എല്ലാവരും കൂടുതൽ ശ്രദ്ധിച്ചിരുന്നത് എൻ്റെ സ്വാതന്ത്ര്യം കുറയാൻ കാരണമായി.മുമ്പിലത്തെ ബഞ്ചിലായിരുന്നു എൻ്റെ സീറ്റ്. അന്ന് ചോക്കൂ കഷണങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നത് ഈ ഭിത്തിയുടെ പൊത്തിലാണ്. ഇന്നെല്ലാം മാറി. സ്മാർട്ട് ക്ലാസുക8ക്ക് വഴിമാറി. പക്ഷേ ഗൃഹാതുരത്വം തുളുമ്പി നിന്ന ആ പഴയ ബ്ലോക്കിന് വലിയ മാറ്റം വരുത്തിയിരുന്നില്ല.. ആ ക്ലാസ് റൂമിൻ്റെ ഗന്ധം ഇപ്പഴും അവിടെ തങ്ങി നിൽക്കുന്ന പോലെ! ഒരു ചെറിയ ഭയത്തോടെ പരിങ്ങലോടെ അന്നു ആ ക്ലാസിൽ ഇരുന്നിരുന്ന ആ പയ്യനിലേക്ക് ഒരു പരകായപ്രവേശം നടത്തുന്നത് ഞാനറിഞ്ഞു. ആ സുഖമുള്ള ഓർമ്മയിൽ നിന്ന് ഒരു ചെറു നൊമ്പരത്തോടെ ഉണർന്നത് ക്ലാസ് റൂം അടയ്ക്കുന്ന ശബ്ദം കേട്ടാണ്. സങ്കടം തോന്നി. കുറച്ചു നേരം കൂടി....
Friday, June 17, 2022
സദാനന്ദൻവൈദ്യൻ [ കീശക്കഥ-168]" ജീവിയ്ക്കാൻ നിവർ യില്ല. കയറിക്കിടക്കാനൊരിടമില്ല. എന്തെങ്കിലും ഒരു പണി തരണം. എന്തുപണിയും ചെയ്യാം." താടിയും മുടിയും വളർത്തിയ ഒരരോഗദൃഡ ഗാത്രൻ. ഏതാണ്ട് അറുപതു വയസ് പ്രായം." ഇപ്പോൾ എന്തു ചെയ്യുന്നു.""ഞങ്ങൾ പാരമ്പര്യ വൈദ്യന്മാരായിരുന്നു. ഞാനും അതു പിൻതുടർന്നു.പക്ഷേ മക്കൾക്കത് കുറച്ചിലാണത്രേ. നിർത്തണ്ടി വന്നു.""ഒരു കാര്യം ചെയ്യാം ഞാൻ ഒരു അഞ്ചേക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്: ഒരു പഴയ തറവാടിന് ചുറ്റും .കാടുപിടിച്ചു കിടക്കുന്നു. അത്യാവശ്യമുള്ളത് നിർത്തി ബാക്കി ഒക്കെ മാറ്റി ഒന്നു വൃത്തിയാക്കിത്തരണം. ഞാൻ യു.എസിലേക്ക് പോവുകയാണ്.അഞ്ചുമാസം സമയമുണ്ട്. നിങ്ങൾക്കിവിടെ താമസിയ്ക്കാം. ഇതിലുള്ള ആദായം മുഴുവൻ എടുക്കാം "" വളരെ ഉപകാരം അങ്ങ് ധൈര്യമായി പൊയ്ക്കൊള്ളൂ.ഈക്കാര്യം ഞാനേറ്റു." ആറു മാസം കഴിഞ്ഞു എനിയ്ക്ക് സദാനന്ദനുമായി ബന്ധപ്പെടാൻ പറ്റിയില്ല. അങ്ങേര് ഫോൺ വരെ ഉപയോഗിയ്ക്കില്ല. അതു കൊണ്ട് വിവരങ്ങൾ അറിയാനും കഴിഞ്ഞില്ല. ആത്മാർത്ഥതയുള്ള മനുഷ്യനായാണ് തോന്നിയത് .മണ്ണിനേയും പ്രകൃതിയേയും മനുഷ്യനെക്കാൾ സ്നേഹിക്കുന്നവനായി ആണ് എനിക്കു തോന്നിയത്. കാട് തെളിച്ച് സ്ഥലം വൃത്തിയാക്കിയിട്ടുണ്ടാവും. മുഴുവൻ റബർ വയ്ക്കണം. ഇന്ന് കുറച്ചെങ്കിലും ആദായം കിട്ടുന്നത് അതു മാത്രമാണ്. എവിടെ ഇരുന്നു വേണമെങ്കിലും മാനേജ് ചെയ്യുകയും ചെയ്യാം. പക്ഷേ അവിടെ ചെന്നപ്പോൾത്തട്ടിപ്പോയി.പോയതിനെക്കാൾ കൂടുതൽ കാടുപിടിച്ചിരിക്കുന്നു. മിക്കവാറും മരങ്ങളുടെ ചുവട് വൃത്തിയാക്കിയിട്ടുണ്ട്.ഞാൻ ചെന്നപ്പോൾ ഒരു ഇലഞ്ഞിമരത്തിൻ്റെ ചുവടു വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ് വൈദ്യർ."എന്താ ഇവിടെ പണി?"എൻ്റെ ശബ്ദം കേട്ട് അയാൾ ഓടി വന്നു."പറമ്പിൽപ്പണി ആയിരുന്നു. അത്യാവശ്യമുള്ള മരങ്ങൾ നിലനിർത്തണമെന്ന് അങ്ങു പറഞ്ഞിരുന്നില്ലെ?" ഞാൻ പോയതിനെക്കാൾ കാടാണല്ലോ 'ഇവിടെ മുഴുവൻ തെളിയ്ക്കാൻ പറഞ്ഞിട്ട് " ഞാൻ കോപം കൊണ്ട് വിറച്ചു."സർ നിർത്തിയിരിക്കുന്നതൊക്കെ നല്ല മരങ്ങൾ ആണ്. നല്ല ഔഷധ ഗുണമുള്ളവ.അപൂർവ്വമായ പല മരങ്ങളും ഇവിടുണ്ട്.ഞാൻ കണക്കാക്കിയിട്ട് ആയിരത്തോളം ഔഷധ സസ്യങ്ങൾ തന്നെ ഇവിടുണ്ട്. ഒന്നും കളയാൻ മനസു വന്നില്ല""ഇങ്ങിനെ ഒരു ജോലിക്കാരനെ എനിയ്ക്കാവശ്യമില്ല. നിങ്ങളെ ഞാൻ പിരിച്ചു വിട്ടിരിക്കുന്നു. ഇങ്ങിനെയുള്ള ഒരു ഭ്രാന്തനെ എനിയ്ക്കാവശ്യമില്ല."എൻ്റെ മക്കൾ എന്നേ ഇറക്കിവിട്ടപ്പഴും അവരും ഇതാണ് പറഞ്ഞത്. " സദാനന്ദൻവൈദ്യൻ
Wednesday, June 15, 2022
എൻ്റെ എഴുത്തിൻ്റെ ഈറ്റില്ലം.: അമ്പത്തിമൂന്നു വർഷം മുമ്പാണ് ഞാൻ ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്നത്. മലയാളമായിരുന്നു സെക്കൻ്റ് ലാഗ്വജ്. അന്ന് മലയാളം പഠിപ്പിച്ചിരുന്നത് ശ്രീ' ജോസഫ് കുന്നശ്ശേരി .നല്ല ഒരെഴുത്തുകാരനായ അദ്ദേഹവുമായി ഞാൻ അടുത്തു. എന്നെ കോളേജ് മാഗസിനിൽ എഴുതാൻ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു.അങ്ങിനെ എൻ്റെ ഒരു കഥ [ എൻ്റെ കഥ] ആദ്യമായി അച്ചടിച്ചുവന്നു. വല്ലാത്ത ആഹ്ലാദം തോന്നി. അതിൻ്റെ ഊർജ്ജം വലുതായിരുന്നു. കോളേജിൽ ഒരെഴുത്തുകാരൻ എന്ന രീതിയിൽ അറിയപ്പെട്ടു തുടങ്ങി. അതൊരു വലിയ അനുഭവമായിരുന്നു. പിന്നീട് മലയാളം അസോസിയേഷൻ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. പിൽക്കാലത്ത് പത്തോളം പുസ്തകങ്ങൾ എഴുതിയപ്പോഴും എൻ്റെ എഴുത്തിൻ്റെ കടപ്പാട് എൻ്റെ കോളേജിനോടായിരുന്നു. കഴിഞ്ഞ ദിവസം ഉഴവൂർ കോളേജിൽ നിന്ന് "പരിസ്ഥിതി മിത്ര "അവാർഡ് ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ ആ കടപ്പാട് ഞാൻ സൂചിപ്പിച്ചിരുന്നു. ഞാനെഴുതിയ പുസ്തകങ്ങൾ മുഴുവൻ ഞാൻ വേദിയിൽ വച്ച് എൻ്റെ കോളേജ് ലൈബ്രറിക്ക് സമർപ്പിച്ചു. നന്ദിയോടെ പ്രിൻസിപ്പൽ Dr. സ്റ്റീഫൻ മാത്യു ആ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
Wednesday, June 8, 2022
ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് [ ഓർമ്മച്ചെപ്പ് -14] അമ്പത്തിമൂന്നു വർഷം മുമ്പാണ് അവിടെ പ്രീഡിഗ്രിക്ക് ചേർന്നത്.ആദ്യ ദിവസം നല്ല അങ്കലാപ്പായിരുന്നു. ഒരു ചെറിയ ഭയവും. അന്ന് ഊരാളിലച്ചനാണ് പ്രിൻസിപ്പൽ.എപ്പഴും ചിരിച്ച് തമാശു പറയുന്ന പ്രിൻസിപ്പൽ.! അദ്ദേഹത്തിൻ്റെ സാമിപ്യം തന്നെ ഭയമകറ്റി.കോളേജ് ജീവിതം ആസ്വദിക്കാനുള്ളതാണന്നദ്ദേഹം പഠിപ്പിച്ചു.നമ്പൂതിരി ഫസ്റ്റ് ഗ്രൂപ്പിൽ പഠിച്ചാൽ മതി. ഊരാളിലച്ച നോട് മറിച്ചൊന്നും പറയാൻ തോന്നിയില്ല. അദ്ദേഹത്തോട് അപ്പഴേക്കും നല്ല ഒരു വിധേയത്വം തോന്നിയിരുന്നു. പിന്നെപ്പിന്നെ ആ സരസ്വതീ ക്ഷേത്രത്തിൻ്റെ ഭാഗമായി ഞാനും ഒഴുകിത്തുടങ്ങി. എൻ്റെ ജീവിതത്തിലെ സുവർണ്ണകാലം. ശൗരിയാർ സാറിൻ്റെ ഗഹനമായ കണക്കു ക്ലാസും, സണ്ണി സാറിൻ്റെ സരസമായ ഇംഗ്ലീഷ് ക്ലാസും ഒരുപോലെ ആസ്വദിച്ചു. അന്നു മലയാളം പഠിപ്പിച്ചിരുന്നത് ജോസഫ് കുന്നശ്ശേരി സാറായിരുന്നു. അജാനുബാഹുവായ അദ്ദേഹത്തേ ആദ്യം പേടി ആയിരുന്നു.പിന്നെപ്പിന്നെ വല്ലാതടുത്തു. ഒരു തികഞ്ഞ സൗഹൃദയൻ. എഴുത്തുകാരൻ. അദ്ദേഹമാണ് എന്നെ കോളേജ് മാഗസിനിൽ എഴുതാൻ പ്രേരിപ്പിച്ചത്.അങ്ങിനെ ആദ്യമായി എൻ്റെ ഒരു കഥ അച്ചടിച്ചുവന്നു. കോളേജ് ജീവിതത്തിൽ അതു തന്ന ഊർജ്ജം വലുതായിരുന്നു.ക്രമേണ ഒരെഴുത്തുകാരൻ എന്നറിയപ്പെട്ടു തുടങ്ങി.കോളേജിൽ അതൊരു വലിയ ഇമ്മേജായിരുന്നു. ഒരു വലിയ കുന്നിനു മുകളിൽ കാടിന് നടുവിൽ ഉള്ള ആവിദ്യാലയത്തിൽ നിന്ന് ഞാൻ പലതും പഠിച്ചു. പിൽക്കാലത്ത് ജീവിതത്തിൽ പിടിച്ചു നിൽക്കാനുള്ളതെല്ലാം .ഗൃഹാതുരത്വത്തിൻ്റെ ചെപ്പു തുറക്കുമ്പോൾ അന്ന് അന്നദാ ദാവായിരുന്ന "അപ്പാപ്പൻ്റെ ചായക്കടയ്ക്ക് വരെ അതിൽ ഒരു വലിയ സ്ഥാനമുണ്ടായിരുന്നു.അങ്ങിനെ നീണ്ട അഞ്ചു വർഷം. അന്ന് ഒരു ബഞ്ചിലിരുന്നു പഠിച്ച മൂലക്കാടു പിതാവുമായുള്ള സൗഹൃദം ഇന്നും തുടരുന്നു. അമ്പത്തിമൂന്നു വർഷത്തിന് ശേഷം ഞാൻ പഠിച്ച കോളേജിൽ നിന്ന് ഒരവാർഡ് എന്നേത്തേടി എത്തിയിരിക്കുന്നു .പരിസ്ഥിതി മിത്ര അവാർഡ് 'അഭിമാനം തോന്നുന്നു. എൻ്റെ ജീവിതത്തിൽ എനിക്കു കിട്ടിയ ഏററവും വലിയ അംഗീകാരമായി ഞാനതിനെക്കാണുന്നു.
Subscribe to:
Posts (Atom)