Wednesday, June 8, 2022
ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് [ ഓർമ്മച്ചെപ്പ് -14] അമ്പത്തിമൂന്നു വർഷം മുമ്പാണ് അവിടെ പ്രീഡിഗ്രിക്ക് ചേർന്നത്.ആദ്യ ദിവസം നല്ല അങ്കലാപ്പായിരുന്നു. ഒരു ചെറിയ ഭയവും. അന്ന് ഊരാളിലച്ചനാണ് പ്രിൻസിപ്പൽ.എപ്പഴും ചിരിച്ച് തമാശു പറയുന്ന പ്രിൻസിപ്പൽ.! അദ്ദേഹത്തിൻ്റെ സാമിപ്യം തന്നെ ഭയമകറ്റി.കോളേജ് ജീവിതം ആസ്വദിക്കാനുള്ളതാണന്നദ്ദേഹം പഠിപ്പിച്ചു.നമ്പൂതിരി ഫസ്റ്റ് ഗ്രൂപ്പിൽ പഠിച്ചാൽ മതി. ഊരാളിലച്ച നോട് മറിച്ചൊന്നും പറയാൻ തോന്നിയില്ല. അദ്ദേഹത്തോട് അപ്പഴേക്കും നല്ല ഒരു വിധേയത്വം തോന്നിയിരുന്നു. പിന്നെപ്പിന്നെ ആ സരസ്വതീ ക്ഷേത്രത്തിൻ്റെ ഭാഗമായി ഞാനും ഒഴുകിത്തുടങ്ങി. എൻ്റെ ജീവിതത്തിലെ സുവർണ്ണകാലം. ശൗരിയാർ സാറിൻ്റെ ഗഹനമായ കണക്കു ക്ലാസും, സണ്ണി സാറിൻ്റെ സരസമായ ഇംഗ്ലീഷ് ക്ലാസും ഒരുപോലെ ആസ്വദിച്ചു. അന്നു മലയാളം പഠിപ്പിച്ചിരുന്നത് ജോസഫ് കുന്നശ്ശേരി സാറായിരുന്നു. അജാനുബാഹുവായ അദ്ദേഹത്തേ ആദ്യം പേടി ആയിരുന്നു.പിന്നെപ്പിന്നെ വല്ലാതടുത്തു. ഒരു തികഞ്ഞ സൗഹൃദയൻ. എഴുത്തുകാരൻ. അദ്ദേഹമാണ് എന്നെ കോളേജ് മാഗസിനിൽ എഴുതാൻ പ്രേരിപ്പിച്ചത്.അങ്ങിനെ ആദ്യമായി എൻ്റെ ഒരു കഥ അച്ചടിച്ചുവന്നു. കോളേജ് ജീവിതത്തിൽ അതു തന്ന ഊർജ്ജം വലുതായിരുന്നു.ക്രമേണ ഒരെഴുത്തുകാരൻ എന്നറിയപ്പെട്ടു തുടങ്ങി.കോളേജിൽ അതൊരു വലിയ ഇമ്മേജായിരുന്നു. ഒരു വലിയ കുന്നിനു മുകളിൽ കാടിന് നടുവിൽ ഉള്ള ആവിദ്യാലയത്തിൽ നിന്ന് ഞാൻ പലതും പഠിച്ചു. പിൽക്കാലത്ത് ജീവിതത്തിൽ പിടിച്ചു നിൽക്കാനുള്ളതെല്ലാം .ഗൃഹാതുരത്വത്തിൻ്റെ ചെപ്പു തുറക്കുമ്പോൾ അന്ന് അന്നദാ ദാവായിരുന്ന "അപ്പാപ്പൻ്റെ ചായക്കടയ്ക്ക് വരെ അതിൽ ഒരു വലിയ സ്ഥാനമുണ്ടായിരുന്നു.അങ്ങിനെ നീണ്ട അഞ്ചു വർഷം. അന്ന് ഒരു ബഞ്ചിലിരുന്നു പഠിച്ച മൂലക്കാടു പിതാവുമായുള്ള സൗഹൃദം ഇന്നും തുടരുന്നു. അമ്പത്തിമൂന്നു വർഷത്തിന് ശേഷം ഞാൻ പഠിച്ച കോളേജിൽ നിന്ന് ഒരവാർഡ് എന്നേത്തേടി എത്തിയിരിക്കുന്നു .പരിസ്ഥിതി മിത്ര അവാർഡ് 'അഭിമാനം തോന്നുന്നു. എൻ്റെ ജീവിതത്തിൽ എനിക്കു കിട്ടിയ ഏററവും വലിയ അംഗീകാരമായി ഞാനതിനെക്കാണുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment