Friday, June 24, 2022
എൻ്റെ പത്താം ക്ലാസിൽ വീണ്ടും [ ഓർമ്മച്ചെപ്പ് - 16] ശ്രീകൃഷ്ണാ വൊക്കേഷണൽ ഹൈസ്ക്കൂൾ. ഞാൻ പഠിച്ച സ്ക്കൂളാണ്.ഈ വർഷം 100 % ശതമാനം റിസൽട്ട്കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷം പങ്കിടാനാണവിടെപ്പോയത്.സ്ക്കൂൾ വിട്ടിരുന്നു. അന്നത്തെ എൻ്റെ പത്താം ക്ലാസ് തുറന്നു കിടക്കുന്നു. സ്കൂളിൻ്റെ അന്നത്തെ ബ്ലോക്കാണ് 'അവിടെ ആണ് എൻ്റെ പത്താം ക്ലാസ്. ഞാൻഫ്രണ്ട് ബഞ്ചിൽ 58 വർഷം മുമ്പ് ഇരുന്നിരുന്ന സീറ്റിൽ പോയിരുന്നു. ഭിത്തി മുഴുവൻ കരിങ്കൽക്കെട്ടാണ്. ഒന്നൊന്നായി ഓർമ്മകൾഎൻ്റെ മനസിലേയ്ക്ക് കടന്നു വന്നു. മലയാളം പഠിപ്പിച്ചിരുന്നത് കൊച്ച് കൈമ്മൾ സാറാണ്. എപ്പഴും ചിരിച്ചു കൊണ്ട് ക്ലാസെടുക്കുന്ന സാറിൻ്റെ ക്ലാസ് എനിക്കേററവും ഇഷ്ടമായിരുന്നു. ഒരു ചോക്കു കഷ്ണം മേൽപ്പതിച്ച പോലെ. ഞാൻ ഞട്ടി. കൈമ്മൾ സാറിൻ്റെ ഏറ്റവും വലിയ ശിക്ഷയാണത്. സ്നേഹത്തോടെ പുറകെ ഒരു ശാസനയും പിന്നെ തീഷ്ണമായ കണ്ണുകൾ കൊണ്ട് ഒറ്റനോട്ടത്തിൽവിറപ്പിക്കുന്ന എൻ്റെ പ്രിയപ്പെട്ട സക്കറിയാസാർ.ഈ സ്ക്കൂളിൻ്റെ എല്ലാമെല്ലാമായ അയ്യർ സാർ. എല്ലാവരും ഒന്നൊന്നായി മനസിലേയ്ക്ക് കടന്നു വന്നു.അന്നിവരുടെ എല്ലാം നോട്ടപ്പുള്ളി ആയിരുന്നു ഞാൻ. എൻ്റെ സിസ്റ്റർ അവിടെ ആണ് പഠിപ്പിച്ചിരുന്നത്. അതു കൊണ്ട് എല്ലാവരും കൂടുതൽ ശ്രദ്ധിച്ചിരുന്നത് എൻ്റെ സ്വാതന്ത്ര്യം കുറയാൻ കാരണമായി.മുമ്പിലത്തെ ബഞ്ചിലായിരുന്നു എൻ്റെ സീറ്റ്. അന്ന് ചോക്കൂ കഷണങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നത് ഈ ഭിത്തിയുടെ പൊത്തിലാണ്. ഇന്നെല്ലാം മാറി. സ്മാർട്ട് ക്ലാസുക8ക്ക് വഴിമാറി. പക്ഷേ ഗൃഹാതുരത്വം തുളുമ്പി നിന്ന ആ പഴയ ബ്ലോക്കിന് വലിയ മാറ്റം വരുത്തിയിരുന്നില്ല.. ആ ക്ലാസ് റൂമിൻ്റെ ഗന്ധം ഇപ്പഴും അവിടെ തങ്ങി നിൽക്കുന്ന പോലെ! ഒരു ചെറിയ ഭയത്തോടെ പരിങ്ങലോടെ അന്നു ആ ക്ലാസിൽ ഇരുന്നിരുന്ന ആ പയ്യനിലേക്ക് ഒരു പരകായപ്രവേശം നടത്തുന്നത് ഞാനറിഞ്ഞു. ആ സുഖമുള്ള ഓർമ്മയിൽ നിന്ന് ഒരു ചെറു നൊമ്പരത്തോടെ ഉണർന്നത് ക്ലാസ് റൂം അടയ്ക്കുന്ന ശബ്ദം കേട്ടാണ്. സങ്കടം തോന്നി. കുറച്ചു നേരം കൂടി....
Subscribe to:
Post Comments (Atom)
No comments:
Post a Comment