Saturday, July 24, 2021

ഞങ്ങളുടെ പ്രിയപ്പെട്ടതായൻ.[ നാലുകെട്ട് - 346] ഈ തറവാടിനെപ്പറ്റിപ്പറയുമ്പോൾ ചെമ്പകംപറമ്പിൽ രാമൻ നായർ എന്നതായനെ ഓർക്കാതെ വയ്യ. ഒരു കാലത്ത് ഈ കൂടുംബത്തിലെ എല്ലാമായിരുന്നു തായൻ.സു:ഖങ്ങളിൽ ഒപ്പം നിന്നു.. കൃഷിപ്പണിയുടെ മുഴുവൻ ചുമതല. അന്ന് പാടത്ത് പൂട്ടാൽ കാളകളെ വളർത്തിയിരുന്നു. അതിൻ്റെ പരിപാലന ചുമതല മുഴുവൻ തായനായിരുന്നു. എല്ലാ ദിവസവും പണിക്കാർ എല്ലാവർക്കും ആഹാരം കൊടുക്കണം. പച്ചക്കറി നുറുക്കിത്തരുന്നതു മുതൽ തുടങ്ങും ആ സേവനം. വിശേഷ ദിവസങ്ങളിൽ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പ്രവർത്തനനിരതമാകും. ധാരാളം സംസാരിക്കുന്ന മനസിൽ ഒട്ടും കളങ്കമില്ലാത്തതായൻ ഞങ്ങൾക്ക് ഒരു ജേഷ്ട്ട സഹോദരൻ്റെ കൂട്ടായിരുന്നു. ഒരിക്കൽ പഴുക്കാപറിക്കാൽ അരിവാതോട്ടിയുമായി കമുകിൽക്കയറിയതാണ്. തൊട്ടി പിടിവിട്ട് തായൻ്റെ കയ്യിലെ മസ്സിൽ പിളർത്തിക്കൊണ്ട് താഴെപ്പതിച്ചു.ചൊരയിൽ കുളിച്ച് തായൻ ഒരു വിധം ഉർന്നിറങ്ങി. അന്ന് എല്ലാവരേയും ദുഃഖത്തിലാഴ്ത്തിയ സംഭവം. ഒരു മാസമെടുത്തു പൂർണ്ണമായി സുഖപ്പെടാൻ. ശരിയ്ക്കുമാറുന്നതിന് മുമ്പും അച്ഛൻ വിലക്കിയിട്ടും തായൻ വന്നു പറ്റുന്ന പണികൾ എടുത്തിരുന്നു. തറവാടിൻ്റെ വടക്കുവശത്തുള്ള അറുപത് സെൻ്റ് സ്ഥലം സൗജന്യമായി തായനെഴുതിക്കൊടുത്തപ്പോൾ അച്ഛൻ പറഞ്ഞത് ഇന്നും ഓർക്കുന്നു. ഈ തറവാടിനു വേണ്ടി ജീവിതകാലം മുഴുവൻ പണി എടുത്തതാണ്,നമ്മുടെ കുടുംബത്തിലെ ഒരംഗത്തിനു കൊടുത്ത വീതമായി ഇതുകണക്കാക്കിയാൽ മതിയെന്ന് .അത്ര മാത്രം ഈ തറവാടിന് വേണ്ടി കഷ്ട്ടപ്പെട്ടിട്ടുണ്ട് തായൻ. പിൽക്കാലത്ത് മക്കളെല്ലാം നല്ല നിലയിലെത്തി. സാമ്പത്തികമായി നല്ല ഉയരത്തിലെത്തിയിട്ടും തായനൊരു മാറ്റവുമില്ലായിരുന്നു.പതിവുപോലെ ഈ കുടുംബത്തിൻ്റെ സഹായി ആയിത്തന്നെ തുടർന്നു. അവസാനം അസുഖം വന്ന് വയ്യാണ്ടാകുന്നതുവരെ. അസുഖം ബാധിച്ചു കിടന്ന തായനേ മക്കൾ പരിചരിച്ച രീതി സമാനതകളില്ലാത്തതായിരുന്നു. ഇന്നലെ നമ്മളെ എല്ലാം ദുഖത്തിലാഴ്ത്തി തായൻ നമ്മേ വിട്ടുപിരിഞ്ഞു.ദുഖത്തോടെ പ്രണാമം

No comments:

Post a Comment