Saturday, July 10, 2021

എൻ്റെ അമ്മയുടെ ശുദ്ധ ഭക്തി [നാലുകെട്ട് -344]ഈ പരമ്പരയിൽ എൻ്റെ അമ്മയെപ്പററിപ്പണ്ട് സൂചിപ്പിച്ചിട്ടുണ്ട്.. പക്ഷേ അമ്മയുടെ ഭക്തിയേപ്പറ്റി ക്കൂടി പറയാതെ പോവുക വയ്യ. ഒരു നെയ് വിളക്ക് പോലെ വെളിച്ചം പരത്തി ഈ പുരാതന തറവാട്ടിൽ ജ്വലിച്ചസ്തമിച്ച എൻ്റെ അമ്മയുടെ കഥ ഒരു കാലഘട്ടത്തിൻ്റെ കഥയാണ്. പഴയ ഒരു നമ്പൂതിരി കൂട്ടുകുടുംബത്തറവാടിൻ്റെകൂടി കഥയാണിത്. അത് ഒരു വലിയ ഗ്രന്ഥമായി രൂപം പ്രാപിച്ചു വരുന്നു.അതിൽ നിന്നുള്ള ഒരു ചെറിയ ഏടാണിത്.സംസ്കൃതത്തിലും ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അമ്മയുടെ ഭക്തി അനുപമമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ശുദ്ധമായ ദൈവഭക്തി.! അതായത് ഭയത്തോടെയുള്ള ദൈവഭക്തിയ്ക്കെതിരായിരുന്നു അമ്മ. എല്ലാവരും ദൈവഭയത്തോടെ വളരണം എന്നു പറയുന്നിടത്താണ് എൻ്റെഅമ്മ ഇങ്ങിനെ മടിയിലിരുത്തിപ്പറഞ്ഞു തന്നത്. ദൈവങ്ങൾ കോപിയ്ക്കില്ല.ശപിയ്ക്കില്ല. അതൊക്കെ അനുസരിപ്പിയ്ക്കാനുള്ള സമൂഹത്തിൻ്റെ ഒരു രീതിയാണ്. എത്ര വലിയ ടൻഷൻ വന്നാലും പരദേവതയുടെ മുമ്പിൽ ഒരു നെയ് വിളക്ക് വച്ച് ചിരിച്ചു കൊണ്ട് തിരിച്ചു വരുന്ന അമ്മ എനിക്കെന്നും കരുത്തായിരുന്നു.ഞാൻ കുട്ടിക്കാലം മുതൽ ദൈവവിശ്വാസമില്ലാത്ത ഒരു നിഷേധി ആയാണ് ഞാൻ അറിയപ്പെട്ടിരുന്നത്. അതിൻ്റെ പേരിൽ ഒത്തിരി ശകാരം കേട്ടിട്ടും ഉണ്ട്. അപ്പഴൊക്കെ അമ്മ ഒപ്പമുണ്ടാകും. തറവാട്ടിൽ അഷ്ടമംഗല പ്രശ്നങ്ങളും പരിഹാരങ്ങളും, കളംപൂജയും മററാചാരങ്ങളും എല്ലാം കുട്ടിക്കാലത്ത് എൻ്റെ മനസിനെ വല്ലാതെ കലുഷമാക്കിയിരുന്നു. അതിനിടെ കൂടോത്രം, കൈവിഷം എന്നൊക്കെപ്പറഞ്ഞ് എൻ്റെ ഭയത്തിന് മുത്തശ്ശിഎണ്ണ പകർന്നിരുന്നു. നീ നിൻ്റെ വിശ്വാസമനുസരിച്ച് മുമ്പോട്ടു പോകൂ. ഞാനിടപെടില്ല. പക്ഷേ ഈ തറവാട്ടിലെ ഉണ്ണിയ്ക്ക് ചില കടമകൾ ഉണ്ട്.അത് മറ്റുള്ളവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതിനെ നിഷേധിക്കാൻ നിനക്കവകാശമില്ല. അതു ചെയ്യാൻ പാടില്ല. അത്രയേ പറയാറുള്ളു. എൻ്റെ വിശ്വാസം എന്തായാലും ഞാനതക്ഷരം പ്രതി പാലിച്ചിട്ടുണ്ട്.തൻ്റെ കളങ്കമില്ലാത്ത ത്യാഗമായിരുന്നു അമ്മയുടെ ഭക്തി എന്നു പലപ്പഴും തോന്നിയിട്ടുണ്ട്. തറവാട്ടിൽ തൻ്റെ സുഖങ്ങൾ മുഴുവൻ ത്യജിച്ച് ബാക്കിയുള്ളവർക്ക് വേണ്ടി എരിഞ്ഞു തീർന്ന എൻ്റെ അമ്മ. പക്ഷേ ആ പ്രതിസന്ധി മുഴുവൻ തരണം ചെയ്തത് ആ ശുദ്ധമായ കലർപ്പില്ലാത്ത ഭക്തി കൊണ്ടാണന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്. എൻ്റെ വാമഭാഗത്തിന് കുറച്ചു കാലമേ എൻ്റെ അമ്മയുടെ സാമിപ്യത്തിന് ഭാഗ്യമുണ്ടായുള്ളു. പക്ഷേ അവളും ഒരു പരിധി വരെ ഈ കാഴ്ച്ചപ്പാടിലേയ്ക്ക് ഉയർന്നിരുന്നു.ഭയമില്ലാതെ സമീപിയ്ക്കാവുന്ന ഗുരുവായും, വഴികാട്ടി ആയും ,സുഹൃത്തായും ദൈവത്തെ കാണാൻ പഠിപ്പിച്ച എൻ്റെ അമ്മയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിയ്ക്കുന്നു.

No comments:

Post a Comment