Sunday, February 21, 2021

ഉണർത്തുപാട്ട് [കീശക്കഥകൾ 108 ]കാലത്തിൻ്റെ വികൃതിയാണ് തിരിച്ചെന്നെ തറവാട്ടിലെത്തിച്ചത്.പ്രസിദ്ധമായ ഈ തറവാട്ടിലെ ഏക ആൺതരി. ഏക അവകാശി.വേദമന്ത്രങ്ങളും കഠിനമായ അനുഷ്ടാനങ്ങളും. അന്നൊന്നും അത് ഉൾക്കൊള്ളാനായില്ല."സോമയാജിപ്പാടിന് മകനെ ഇത്ര അധികം പഠിപ്പിക്കണ്ടതില്ലായിരുന്നു എന്നു തോന്നുന്നുണ്ടോ?""അവൻ പഠിയ്ക്കണം. വലിയവനാകണം.'പക്ഷേ അവൻ എത്ര വലിയ ജോലി കിട്ടിപ്പോയാലും ഒരിയ്ക്കൽ ഇവിടെത്തന്നെ വരും.അതവൻ്റെ ചോരയുടെ പാരമ്പര്യത്തിൻ്റെ സത്തയാണ് ".ഇന്നതു പോലെ തന്നെ സംഭവിച്ചു. പഠിച്ച് വളർന്ന് അമേരിയ്ക്കയിൽ എത്തിയപ്പോൾ വേരുകൾ മറന്നു.ഉയരങ്ങൾ ഒന്നൊന്നായി കീഴടക്കിയപ്പോൾ കയറി വന്ന കോവണിപ്പടികൾ മറന്നു. അച്ഛൻ അനേകം യാഗങ്ങൾ നടത്തി.സകല ചരാചരങ്ങളുടേയും നന്മക്കു വേണ്ടി. ചോ മാതിരി ആയി. അമ്മ പത്തനാടി ആയി. അവസാനം യാഗശാലയും അഗ്നിക്ക് സമർപ്പിച്ചു.ആ അഗ്നിശകലം ഇഷ്ടി ചെയ്ത് ജ്വലിപ്പിച്ച് തറവാട്ടിൽ കിടാവിളക്കായി. ജീവിതകാലം മുഴുവൻ അവർ അഗ്നിസാക്ഷിയായി ജീവിച്ചു. എന്നും രണ്ടു നേരം ഹോമം. രണ്ടു പേരും ഒന്നിച്ച് പുറത്തു പോകാൻ പാടില്ല.ലോകനന്മയ്ക്കായി അച്ഛനും അമ്മയും തങ്ങളുടെ ജീവിതം തന്നെ ഹോമിച്ചു എന്നു പറയുന്നതാവും ശരി. അവസാനം ചിതയിലെയ്ക്കെടുക്കുമ്പോൾ ഈ ഹോമകുണ്ഡത്തിൽ നിന്നുള്ള അഗ്നി തന്നെ വേണം ആ ചിതഎരിയാൻ."അച്ഛാ ഞാൻ തിരിച്ചെത്തി. ആധുനിക ലോകത്തിൻ്റെ കാപട്യം ഉൾക്കൊള്ളാനറിയാത്ത അച്ഛൻ്റെ മകൻ തിരിച്ചെത്തി."ചുക്കിച്ചുളിഞ്ഞ് ഋഷി സമാനമായ ആ ശരീരം ഒന്നു ചലിച്ചു. തീഷ്ണമായ ആ കണ്ണുകൾ നനഞ്ഞു." നന്നായി. ഇനി എന്താ തൻ്റെ പരിപാടി?"" അച്ഛനുമമ്മയ്ക്കും ഒപ്പം ബാക്കി കാലം. അന്നു പഠിപ്പിച്ച മന്ത്രങ്ങൾ ഒന്നുകൂടി ഓതിത്തരണം. പരദേവതയുടെ മൂലമന്ത്രവും." ഉണങ്ങിയ വടംക്ഷം പോലെ ആ വൈദിക വ്യക്തിത്വം ഒന്നു സടകുടഞ്ഞെഴുനേറ്റ പോലെ." മനസ്സതിന് പാകപ്പെട്ടങ്കിൽ നന്നായി "തലയിൽ ചമത പോലെ ചുക്കിച്ചുളിഞ്ഞ ആ കൈകൾ വച്ച നുഗ്രഹിച്ചു. വട്ടുക്കിണിയിലെ ഹോമകുണ്ഡത്തിരുമുമ്പിൽ അഗ്നിസാക്ഷിയായി മനസിനെപ്പാകപ്പെടുത്തൂ.ലോകനന്മയ്ക്കായി അനേകം യാഗങ്ങൾ നടത്തിയ ഈ അച്ഛന് സമാധാനമായി "അങ്ങു ദൂരെ അഴകൻ്റെ കുടിൽ. അവിടുത്തെ പൂവൻകോഴിയുടെ ഉണർത്തുപാട്ട് കേൾക്കുന്നില്ലല്ലോ?അവനും മറന്നു കാണും. അന്ന് ഏഴര വെളുപ്പിന് അവൻ്റെ കൂവൽ കേട്ടാണണരാറ്.ഒരനുഷ്ടാനം പോലെ മാലോകരെ ഉണർത്തിയിരുന്ന ആ പാട്ടും നിലച്ചിരിയ്ക്കുന്നു. ഗ്രാമീണ ജീവിതത്തിൻ്റെ പശ്ചാത്തല സംഗീതങ്ങൾ ഒന്നും ഇന്നില്ല. എല്ലാം അന്യം നിന്നുപോയി.തറവാട്ടിൽ അച്ഛനും അമ്മയും ഉത്സാഹത്തിലാണ്. എന്നും വിഷാദഛായയിൽ മാത്രം കണ്ടിരുന്ന അമ്മ ചിരിച്ചു തുടങ്ങി. കുളിച്ച് ഭസ്മവും ചന്ദനവും തൊട്ട്, തററുടുത്ത്, ഉത്തരീയവുമിട്ട് വീണ്ടും തൻ്റെ മകനെക്കണ്ടപ്പോൾ ആ അമ്മ ഒന്നു തേങ്ങി.തൻ്റെ കാൽക്കൽ വീണു നമസ്ക്കരിക്കുന്ന ഉണ്ണിയേ മനസ്സറിഞ്ഞ നുഗ്രഹിച്ചു.അമ്മയുടെ സന്തോഷാശ്രു വിൻ്റെ നനവ് ആ കയ്യിൽ അനുഭവപ്പെട്ടു.''എൻ്റെ ഉണ്ണിയ്ക്കിതൊക്കെപ്പറ്റുമോ.. " ഞാനും ആകെ മാറി. ഭൗതിക ലോകത്തിൻ്റെ അങ്ങേ അറ്റം വരെ എത്തി തിരിച്ചു പോന്നതാണ്. ഇന്ന് മനസ് വേദമന്ത്രങ്ങളിലേയ്ക്ക് തിരിഞ്ഞു.മനസമാധാനത്തിൻ്റെ നിസ്വാർത്ഥതയുടെ ലോകം. മാസം ഒന്നു കഴിഞ്ഞു.അങ്ങു ദൂരെ അഴകൻ്റെ കുടിൽ ഇന്നും പഴയതുപോലെ തന്നെ. പക്ഷേ കൂവാൽ മറന്ന പുവ്വങ്കോഴി ഇന്നുറക്കെ കൂവി.അരുണോദയത്തിൽത്തന്നെ. അവനും വന്നിരിയ്ക്കുന്നു മാറ്റം. ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ആ ഉണർത്തുപാട്ട് ഇന്ന് വീണ്ടും എൻ്റെ ജീവിതത്തെ ചിട്ടപ്പെടുത്തി:

No comments:

Post a Comment