Wednesday, February 17, 2021
മടക്കയാത്ര. [കീശക്കഥകൾ - 107 ]"മഹാനഗരം ഉപേക്ഷിച്ചുള്ള മടക്കം. നന്നായി " അച്ഛനാശ്വാസമായി. കഴിഞ്ഞ പത്തുവർഷം.കാശു കൊണ്ട് എല്ലാം വാങ്ങും. ആഹാരം വലിയ മൾട്ടി കമ്പനികളുടെ ഇഷ്ടത്തിനനുസരിച്ച്.അവരുണ്ടാക്കി നൽകുന്ന ആഹാര സാധനങ്ങളിൽ സായൂജ്യം.മടുത്തു.നാട്ടിൽ ഒരു പഴയ നാലുകെട്ട്.കൃഷിയിടങ്ങൾ .അച്ഛനും കാര്യസ്ഥനും മാത്രം. എല്ലാം ഉപേക്ഷിച്ച് മടങ്ങാൻ തീരുമാനിച്ചു. വർക്ക് അറ്റ് ഹോം.പഴയ പ്രൗഢമായ നാലുകെട്ടിന് ചുറ്റും കൃഷിയാണ്. കളവും കളപ്പുര മാളികയും. തൊഴുത്തും പശുക്കളും.മോന് അതൊരു പുതിയ അനുഭവമായിരുന്നു. ഏറെക്കുറെ എനിയ്ക്കും.."അച്ഛാ ഞാൻ ടൗണിൽ പോയി ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വരാം.അല്ലങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്യാം ""ഒന്നും വേണ്ട നമുക്കു വേണ്ടതെല്ലാം നമ്മളിവിടെ ഉണ്ടാക്കുന്നുണ്ട്. "രാവിലെ എഴുനേറ്റ് കുളത്തിലേക്ക്. നീന്തിക്കുളിയ്ക്കണം. മോനും നല്ല ഉൽസാഹം. കളപ്പുര മാളികയിൽ എല്ലാം ഒരുക്കിയിരിയുന്നു.ഉമിക്കരി കുരുമുളകും, ഗ്രാംപൂവും., ഉപ്പും കൂട്ടിപ്പൊടിച്ച് ചെറിയ പൊതികളാക്കി പച്ച ഈർക്കി ലി കീറി അതിനിടക്ക് വച്ച് അടുക്കി വച്ചിരിയ്ക്കുന്നു. പല്ലു തേയ്ക്കാൻ ബ്രഷും പെയ്സ്റ്റും വേണ്ട. കൊപ്രാ ആട്ടിയ നല്ല വെളിച്ചണ്ണ, നല്ല എള്ളെണ്ണ എല്ലാം ഇവിടെ ഉണ്ടാക്കിയത്. ചെറുപയർ പൊടി, വാകപ്പൊടി, ഇഞ്ച.. സോപ്പിന് പകരം. പിണ്ഡ തൈലവും ധാന്വന്തരം കഴമ്പും അച്ഛനുണ്ടാക്കിയത്. എല്ലാം അവിടുണ്ട്.ഞങ്ങൾ ചെന്നപ്പോൾ അച്ഛൻ പരദേവതയ്ക്ക് പൂജ കഴിച്ച് എത്തിയിരുന്നു. കാപ്പി കുടിയ്ക്കാം. പറമ്പിൽ ഉണ്ടായ കാപ്പി ക്കുരു വറത്തു പൊടിച്ചത്. ചായ പതിവില്ല. ഇഡ്ഡലി, ചട്ണി, പൊടി .എനിക്ക് ദേവിയുടെ നിവേദ്യം. ഉണക്കൽച്ചോറ് .തവിട്കളഞ്ഞിട്ടില്ല.ഇളം റോസ് നിറം. കട്ട ത്തൈരും കാന്താരിമുളകും, കടുമാങ്ങയും ഉപ്പും. കൊതി തോന്നി. എനിക്കും അതുമതി. അച്ഛൻ ചിരിച്ചു.ശുദ്ധവായു, ശുദ്ധജലം, മായമില്ലാത്ത പാല്.തൊഴുത്തിൽ രണ്ടു പശുക്കൾ ഉണ്ട്.പാടത്ത് നെൽകൃഷി. രാസവള മോ, കീടനാശിനിയൊ ഉപയോഗിയ്ക്കില്ല.പിന്നെ എള്ളും, പയറും .കുറച്ച് ഞവരനെല്ലും കൃഷി ചെയ്യും ചാണകവും, ചാരവും ചവറും ഇട്ട് പൂട്ടി ഞവരിയ്ക്കടിച്ചുള്ള കൃഷിരീതി രസമാണ്. നാലുകെട്ടിൽ ഒട്ടുംചൂടില്ല. എ.സി. ആവശ്യമില്ല. കോൺപുരകൾ. നല്ല പ്രൈവസിയുള്ള മുറികൾ. "കറണ്ട് ആവശ്യത്തിന് ഞാൻ ഗായത്രി മന്ത്രം ജപിച്ച് എന്നും അരാധിക്കുന്ന സൂര്യഭഗവാനുണ്ട്. എല്ലാം സോളാർ കൊണ്ട് നടക്കും."ഗോബർ ഗ്യാസ് കൊണ്ട് പാചകം നടക്കും. വിറക് ഇഷ്ടം പോലെ. ഒരു പുകയില്ലാത്ത അടുപ്പും. എല്ലത്തിനും ഇവ ധാരാളം മതി. എൽ.പി.ജി വാങ്ങണ്ട കാര്യമില്ല.കറണ്ടു ചാർജ് അടയ്ക്കണ്ട .ടി .വി.ഇൻ്റർനെറ്റ് എല്ലാ സൗകര്യവും ഉണ്ട്. എൻ്റെ ജോലിയും മോൻ്റെ പഠനവും ഇവിടെത്തന്നെ നടക്കും.ഫാസ്റ്റ്ഫുഡും, ജംഗ് ഫുഡും മാത്രം ശീലിച്ച ഞങ്ങൾക്കു് ഈ മാറ്റം ആദ്യം ചിന്തിക്കാൻ കൂടി വയ്യായിരുന്നു.പ്രത്യേകിച്ചും മോൻ. പക്ഷേ ഇപ്പം അവന്നതിലാണ് കമ്പം. ചക്കയും .മാങ്ങയും വാഴപ്പഴവും, ചുണ്ടും. പിണ്ടിയും എല്ലാം ആഹാരത്തിൻ്റെ ഭാഗം. ഉച്ചയ്ക്ക് നല്ല ചെമ്പാവിൻ്റെ അരി കൊണ്ടുള്ള ചോറ് . കാളൻ, ഓലൻ, അവിയൽ, മൊളോഷ്യം. തീർന്നു.സാമ്പാർ പതിവില്ല. ഉള്ളിയും സബോളയും കിഴങ്ങും ഉപയോഗിയ്ക്കില്ല. കടുമാങ്ങയും, ഉലുമാങ്ങയും ഇഞ്ചിത്തൈരും. ചേനയും കായ്യും മെഴുക്കുപുരട്ടി. ആദ്യം നെയ്യുകൂട്ടി ഒരു ഉരുള. അതിൻ്റെ സ്വാദ് ഒന്നു വേറെ .അതിന് ശേഷം കുഴച്ച ആ കൈമണത്ത് നോക്കുമ്പോൾ ഉള്ള ഗന്ധമാണ് ലോകത്തിലെ ഏററവും വശ്യമായ ഗന്ധം എന്നു തോന്നി. അവസാനം നല്ല കട്ടത്തയിർ, അല്ലങ്കിൽ പുളിച്ച മോര്.ഇതു കൂട്ടി ഊണവസാനിപ്പിക്കും. പപ്പടത്തിന് പകരം കാവറുത്തതാണ്. അതിനു ശേഷം ഒരു പൂവൻപഴം.സുഭിക്ഷം!അങ്ങിനെ പുറത്തു നിന്ന് ഒരു സാധനവും വാങ്ങാതെ ഒരു മാസം. ഉണ്ണിയ്ക്കൽഭുതം തോന്നി.ഇങ്ങിനെയും ജീവിയ്ക്കാമോ.? ഇപ്പോൾ ഗ്യാസില്ല അസിഡിറ്റിയില്ല. തലവേദനയില്ല. ഡോക്ടറെ കാണേണ്ടതേയില്ല." അച്ഛാ ഞാനിനി ഇവിടം വിട്ട് പോകുന്നില്ല ." അച്ഛൻ ചിരിച്ചു. ഒരാശ്വാസത്തിൻ്റെ ചിരി. ആ വൃദ്ധ നേത്രത്തിൽ സന്തോഷത്തിൻ്റെ നനവ്." നന്നായി;,,,,,,
Subscribe to:
Post Comments (Atom)
No comments:
Post a Comment