Thursday, February 4, 2021

നെൽമണികൾ [കീശക്കഥ-102]ചുരുട്ടിക്കെട്ടിയ നെൽ കറ്റകൾ അടുക്കി വച്ചിട്ട് ഒരാഴ്ച്ച ആയി. മെതിയ്ക്കാൻ ഇന്നു വരും നാളെ വരും മുടുത്തു. പണ്ട് ഇല്ലത്ത് കൊയ്ത്തുമെതി ഒരാഘോഷമായിരുന്നു. ഇന്ന് ജന്മിത്വത്തിൻ്റെ ആ കണ്ണികൾ തേഞ്ഞു തുടങ്ങി. പക്ഷേ അന്നും അവർ അധ്വാനിച്ചുണ്ടാക്കുന്നതിൻ്റെ നല്ലൊരു പങ്ക് അവർക്കു തന്നെ കൊടുത്തിരുന്നു. എന്നാലും ബൂർഷാ ജന്മി എന്ന പട്ടം ചാർത്തിക്കിട്ടിയിരുന്നു.ഇന്നത്തെ സ്ഥിതി കഷ്ട്ടമാണ്. അടുക്കള തേവർക്കം മുല്ലയ്ക്കൽ തേവർക്കും നിവേദ്യം വേണം. നമുക്ക് ഒരു നേരം മുടങ്ങിയാലും അതു മുടങ്ങാൻ പാടില്ല. ഇത് മെതിച്ചു കുത്തിയിട്ടു വേണം അരിയുണ്ടാക്കാൻ. ആരും മെതിയ്ക്കാൻ വരുന്ന ലക്ഷണമില്ല. പഴയ അറ്റാച്ച് ട് ലേബറിൻ്റെ കാലം കഴിഞ്ഞു.കാലത്തിനൊത്ത് ഞാനും ഒരു ജോലി തേടിയിരുന്നു. ബാക്കിയുള്ളവരുടെ ദൃഷ്ടിയിൽ മാന്യമായ ജോലി. പക്ഷേ ജോലി എല്ലാം ഒരു തരം അടിമപ്പണിയാണ് എന്ന് എനിയ്ക്ക് താമസിയാതെ മനസിലായി.മേലുദ്യോഗസ്ഥൻ്റെ ശകാരം,ഉന്നതോദ്യോഗസ്ഥരുടെ കുതിര കയറൽ.ഇങ്ങിനെ ഒന്നും ശീലിച്ചിട്ടില്ലാത്ത ഒരു സംസ്ക്കാരത്തിൻ്റെ കണ്ണി ആയതു കൊണ്ടാവാം എനിയ്ക്കത് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയത്. പക്ഷേ ക്ഷമയും നല്ല പെരുമാറ്റവും ഈ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു.അതു കൊണ്ട് പ്രതികരിയ്ക്കാനില്ല, അല്ലങ്കിൽ നല്ല മാന്യമായേ പ്രതികരിക്കാറുള്ളു.പക്ഷേ മനസ് കലുഷമാണ്.ഈ അടിമപ്പണി ഉപേക്ഷിയ്ക്കണം മനസു പറഞ്ഞു കൊണ്ടിരുന്നു. അടുക്കി വച്ച ആ കറ്റകൾക്ക് തൻ്റെ മേൽ കുതിര കയറിയ മേലാളന്മാരുടെ ഛായ.ഒരു പണിയും അറിയില്ലാത്ത നമ്പൂതിരി തന്നെ ഒന്നു തൊടാൻ പോലും തയാറാകില്ല എന്ന് അടക്കി വച്ച ആ കററ കൾ എന്നെ നോക്കി പ്പരിഹസിക്കുന്നതായി തോന്നി. പെട്ടന്ന് എൻ്റെ ശത്രുക്കൾ എല്ലാം ഒന്നിച്ചു വന്ന് എൻ്റെ മുമ്പിൽ അട്ടിയിട്ട് മതിൽ പണിതതായിത്തോന്നി.ഉണ്ണി ചാടി എഴുന്നേറ്റു. ആ കറ്റകൾ മുഴുവൻവലിച്ചു താഴെയിട്ടു. മുണ്ട് മടക്കി കുത്തി.തോർത്ത് എടുത്ത് തലയിൽ കെട്ടി .ആ നെൽക്കതിർക്കുലകൾ മുഴുവൻ തലങ്ങും വിലങ്ങും ചവിട്ടിക്കൂട്ടി. ഇതു വരെ സഹിച്ച ആ അപമാനം മുഴുവൻ ആ നെൽക്കറ്റയിൽ തീർത്തു.സമയം പോയതറിഞ്ഞില്ല. സ്ഥലകാലബോധം വന്നപ്പോൾ മെതിപൂർത്തി ആയിരിക്കുന്നു. ഐശ്വര്യമുള്ള നെൽമണികൾ ഉണ്ണിയേ നോക്കി നന്ദിയോടെ ചിരിച്ചു. തൻ്റെ നെറ്റിയിൽ നിന്നുതിർന്ന് വാർന്ന വിയർപ്പുകണങ്ങളിലൂടെ ആ നെൽമണികൾ മുത്തുകളായിത്തിളങ്ങി.

No comments:

Post a Comment