Sunday, February 28, 2021

പാച്ചുവിൻ്റെ സെഞ്ച്വറി [ അച്ചു ഡയറി-4 23]മുത്തശ്ശാ പാച്ചൂ നെ ഓൺലൈൻ ക്ലാസ്സിൽ പ്പിടിച്ചിരുത്താൻ വലിയ പാടാണ്. അവൻ്റെ പ്രായത്തിലുള്ള കുട്ടികളെ അനുസരിപ്പിക്കാൻ ടീച്ചർമാർ പാടുപെടുകയാണ്. അതിന് ടീച്ചർ ഒരു പരിപാടി ചെയ്യുന്നുണ്ട്. നല്ല കുട്ടികളായിരിക്കുന്നവർക്ക് പോയിൻ്റ് വയ്ക്കും. ശരി ഉത്തരം പറയുന്നവർക്ക്. നന്നായി ന്യൂസ് വായിക്കുന്നവർക്ക്, നല്ലവണ്ണം ബിഹേവ് ചെയ്യുന്നവർക്ക്.. ഒക്കെ പോയിൻ്റ് കൊടുക്കും. ഒരു പോയിൻ്റിന് ഒരു സെൻ്റ് ആണ് കണക്കാക്കുക. ഇത്ര കൂടുതൽ സെൻ്റ് കിട്ടിയാൽ ടീച്ചറുടെ കൂടെ ലഞ്ചു കഴിയ്ക്കാം.കുട്ടികൾക്ക് നല്ല ആവേശമാണ്പാച്ചു സെഞ്ച്വറി അടിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ ഇതൊക്കെ സങ്കൽപ്പമാണ് മുത്തശ്ശാ. അവർക്ക് സെൻ്റും ഡോളറും ഒന്നും കിട്ടില്ല . കണക്കിൽ മാത്രമേ കാണൂ. പക്ഷേ കുട്ടികൾക്ക് നല്ല മോട്ടിവേഷനാണ്. പാച്ചു ഭയങ്കരനാണ് മുത്തശ്ശാ. അവൻ വലിയ ഒരു ടിൻ കമ്പ്യൂട്ടറിന് മുമ്പിൽ വച്ചിട്ടുണ്ട്. അവന് പത്ത് സെൻ്റ് കിട്ടിയാൽ അമ്മയെക്കൊണ്ട് ആ തുക ആ ടിന്നിലിടിയ്ക്കും. അവനെപ്പറ്റിയ്ക്കാൻ പറ്റില്ല. അവനെന്നും ചെക്കു ചെയ്യും.നൂറു സെൻ്റാകാൻ കാത്തിരിക്കുകയാണവൻ. അമ്മ കുറച്ച് ഇൻഡ്യൻ റുപ്പീസും കൂടെ ഇട്ടിട്ടുണ്ട്. അതു ബോണസാണത്രേ.നല്ല ബിഹേവറി നും.പ0നത്തിനും ക്യാഷ് പ്രതിഫലം വയ്ക്കുന്നത് അച്ചൂന് യോജിപ്പില്ല. ഒരു ദിവസം എല്ലാവരും ഇരുന്നപ്പോൾ അച്ചു അത് പറയുകയും ചെയ്തു. പാച്ചൂന് ദേഷ്യം വന്നു. അവനൊന്നും മിണ്ടിയില്ല. പിന്നെ ഒന്നു ചിരിച്ചു. ആ കള്ളച്ചിരി. "ഇതെന്തിനാണന്നു് ഏട്ടറിയോ ഈ ക്യാഷ് ഏട്ടനും പാച്ചൂനും ഐസ്ക്രീം വാങ്ങാനാ. " അവൻ ഏട്ടനെ തോൽപ്പിച്ചു കളഞ്ഞല്ലോ. അങ്ങനെ പറയണ്ടായിരുന്നു.

Tuesday, February 23, 2021

ഉരി "അളക്കാൻ ഒരു പാത്രം [ നാലുകെട്ട് - 337 ] 1962-ൽ ഏപ്രിൽ ഒന്നു മുതൽ അന്താരാഷ്ട്ര ഏക കവ്യവസ്തനിലവിൽ വന്നു. അതിനു മുമ്പ് ഉഴക്ക്, ഉരി, നാഴി, ഇടങ്ങഴി, നാരായം, പറ എന്നിങ്ങനെ ആയിരുന്നു അളവു പാത്രങ്ങൾ. മുളംകുഴൽ, മരം ,പിച്ചള, ഓട് എന്നിവ കൊണ്ടാണ് പണ്ടിത് ഉണ്ടാക്കി കണ്ടിരുന്നത്.രണ്ട് ഉഴക്ക് = ഒരു ഉരി ,രണ്ട് ഉരി =ഒരു നാഴി, നാലു നാഴി = ഒരിടങ്ങഴി, പത്ത് ഇടങ്ങഴി = ഒരു പറ.അതിനിടയിൽ ആറു നാഴി = ഒരു നാരായം എന്നൊരളവു കൂടിയുണ്ട്. നാലുകെട്ടിൽ ഈ പാത്രങ്ങൾ എല്ലാമുണ്ട്. ഓടുകൊണ്ടുള്ള "ഉരി' പഴയ പാത്രങ്ങളുടെ ഇടയിൽ നിന്ന് കണ്ടെടുത്തപ്പോൾ ക്ലാവ് പിടിച്ച് നിറം മങ്ങിയ ഒരു പാത്രം എന്നേ കരുതിയിരുന്നൊള്ളു. അത് ഉപ്പും പുളിയും കലക്കി അതിൽ ഒരു ദിവസം ഇട്ടു വച്ചു. തേച്ചു കഴുകി എടുത്ത് ഉണങ്ങി നന്നായി ബ്രാസോ ഇട്ട് പിടിച്ചപ്പോൾ സ്വർണ്ണം പോലെ വെട്ടിത്തളങ്ങി.ഒരു ഉരി എന്നതിൽ കുറിച്ചതു കണ്ടപ്പഴാണ് അതിൻ്റെ ഉപയോഗം മനസിലായത്,. ഇന്നത്തെ തലമുറ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല.അതു പോലെ തൂക്കത്തിനു പയോഗിച്ചിരുന്ന കഴഞ്ചിക്കോൽ അധവാ വെള്ളിക്കോൽ ഇതൊന്നും പരിചയമുണ്ടാകില്ല. ഉപയോഗമില്ലാത്തതു കൊണ്ട് പലതും നശിച്ചുപോയിട്ടും ഉണ്ട്

Monday, February 22, 2021

കർമ്മകാണ്ഡം - വെൻ്റിലേറററിലായിരുന്നപ്പഴും തുടരുന്ന ശ്രീ.സന്തോഷ് കുളങ്ങര.വെൻ്റിലേറ്ററിൽ കിടന്നു കൊണ്ട് തൻ്റെ പ്രിയപ്പെട്ട സഫാരിചാനൽ ജോലി ചെയ്യുന്ന ശ്രീ.സന്തോഷ് കുളങ്ങര യേക്കണ്ടു. എനിക്കൊരത്ഭുതവും തോന്നിയില്ല. അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കാർക്കും അത്ഭുതം തോന്നില്ല. അർപ്പണബോധത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും ആൾരൂപമാണദ്ദേഹം.തളർന്ന് പാതിമയക്കത്തിലേയ്ക്ക് വീണുപോകുന്ന സമയത്തും ഊർജ്ജം വീണ്ടെടുത്ത് അദ്ദേഹം ചാനലിൻ്റെ പണികൾ പൂർത്തിയാക്കിക്കൊടുത്തു. ആ മനസാന്നിദ്ധ്യത്തിന് ഒരു വലിയ നമസ്ക്കാരം. ലാപ് ടോപ്പ് വെൻ്റിലേറ്റർ ടേബിളിൽ കണക്റ്റ് ചെയ്തു തരാൻ പറഞ്ഞപ്പോൾ ഡോക്ട്ടർമാർ എതിർത്തതാണ്. അവസാനം വഴങ്ങണ്ടി വന്നു.അദ്ദേഹത്തിൻ്റെ ഏറ്റവും തിരക്കുള്ള കാലത്താണ് കുറിച്ചിത്താനം ലൈബ്രറിയിൽ ഒരു ഓഡിറേറാറിയം ഉത്ഘാടനത്തിന് ക്ഷണിച്ചത്."താൻ വായിച്ചു വളർന്ന ലൈബ്രറിക്ക് തൻ്റെ പുസ്തകങ്ങളുടെ റോയൽറ്റി കൊണ്ട് ഒരോ ഡിറ്റോറിയം. ഉദാത്തം. ഞാൻ വരാം. തിയതി നിശ്ചയിച്ചോളൂ. അദ്ദേഹം കൃത്യസമയത്തെത്തി. ആദ്യവസാനം ആ പരിപാടിയിൽ പ്പങ്കെടുത്താണ് തിരിച്ചു പോയത്.പിന്നീട് എൻ്റെ യു എസ് യാത്രവിവരണ ഗ്രന്ഥത്തിന് ഒരവതാരികയും അദ്ദേഹം തന്നു.ജീവിതത്തിൽ ഇത്രയും വാല്യൂസ് സൂക്ഷിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം കഴിവതും വേഗം ആരോഗ്യം വീണ്ടെടുത്ത് തൻ്റെ കർമ്മരംഗത്ത് സജീവമാകട്ടെ. പ്രാർത്ഥിക്കുന്നു.ഹൃദയപൂർവ്വം.

Sunday, February 21, 2021

ഉണർത്തുപാട്ട് [കീശക്കഥകൾ 108 ]കാലത്തിൻ്റെ വികൃതിയാണ് തിരിച്ചെന്നെ തറവാട്ടിലെത്തിച്ചത്.പ്രസിദ്ധമായ ഈ തറവാട്ടിലെ ഏക ആൺതരി. ഏക അവകാശി.വേദമന്ത്രങ്ങളും കഠിനമായ അനുഷ്ടാനങ്ങളും. അന്നൊന്നും അത് ഉൾക്കൊള്ളാനായില്ല."സോമയാജിപ്പാടിന് മകനെ ഇത്ര അധികം പഠിപ്പിക്കണ്ടതില്ലായിരുന്നു എന്നു തോന്നുന്നുണ്ടോ?""അവൻ പഠിയ്ക്കണം. വലിയവനാകണം.'പക്ഷേ അവൻ എത്ര വലിയ ജോലി കിട്ടിപ്പോയാലും ഒരിയ്ക്കൽ ഇവിടെത്തന്നെ വരും.അതവൻ്റെ ചോരയുടെ പാരമ്പര്യത്തിൻ്റെ സത്തയാണ് ".ഇന്നതു പോലെ തന്നെ സംഭവിച്ചു. പഠിച്ച് വളർന്ന് അമേരിയ്ക്കയിൽ എത്തിയപ്പോൾ വേരുകൾ മറന്നു.ഉയരങ്ങൾ ഒന്നൊന്നായി കീഴടക്കിയപ്പോൾ കയറി വന്ന കോവണിപ്പടികൾ മറന്നു. അച്ഛൻ അനേകം യാഗങ്ങൾ നടത്തി.സകല ചരാചരങ്ങളുടേയും നന്മക്കു വേണ്ടി. ചോ മാതിരി ആയി. അമ്മ പത്തനാടി ആയി. അവസാനം യാഗശാലയും അഗ്നിക്ക് സമർപ്പിച്ചു.ആ അഗ്നിശകലം ഇഷ്ടി ചെയ്ത് ജ്വലിപ്പിച്ച് തറവാട്ടിൽ കിടാവിളക്കായി. ജീവിതകാലം മുഴുവൻ അവർ അഗ്നിസാക്ഷിയായി ജീവിച്ചു. എന്നും രണ്ടു നേരം ഹോമം. രണ്ടു പേരും ഒന്നിച്ച് പുറത്തു പോകാൻ പാടില്ല.ലോകനന്മയ്ക്കായി അച്ഛനും അമ്മയും തങ്ങളുടെ ജീവിതം തന്നെ ഹോമിച്ചു എന്നു പറയുന്നതാവും ശരി. അവസാനം ചിതയിലെയ്ക്കെടുക്കുമ്പോൾ ഈ ഹോമകുണ്ഡത്തിൽ നിന്നുള്ള അഗ്നി തന്നെ വേണം ആ ചിതഎരിയാൻ."അച്ഛാ ഞാൻ തിരിച്ചെത്തി. ആധുനിക ലോകത്തിൻ്റെ കാപട്യം ഉൾക്കൊള്ളാനറിയാത്ത അച്ഛൻ്റെ മകൻ തിരിച്ചെത്തി."ചുക്കിച്ചുളിഞ്ഞ് ഋഷി സമാനമായ ആ ശരീരം ഒന്നു ചലിച്ചു. തീഷ്ണമായ ആ കണ്ണുകൾ നനഞ്ഞു." നന്നായി. ഇനി എന്താ തൻ്റെ പരിപാടി?"" അച്ഛനുമമ്മയ്ക്കും ഒപ്പം ബാക്കി കാലം. അന്നു പഠിപ്പിച്ച മന്ത്രങ്ങൾ ഒന്നുകൂടി ഓതിത്തരണം. പരദേവതയുടെ മൂലമന്ത്രവും." ഉണങ്ങിയ വടംക്ഷം പോലെ ആ വൈദിക വ്യക്തിത്വം ഒന്നു സടകുടഞ്ഞെഴുനേറ്റ പോലെ." മനസ്സതിന് പാകപ്പെട്ടങ്കിൽ നന്നായി "തലയിൽ ചമത പോലെ ചുക്കിച്ചുളിഞ്ഞ ആ കൈകൾ വച്ച നുഗ്രഹിച്ചു. വട്ടുക്കിണിയിലെ ഹോമകുണ്ഡത്തിരുമുമ്പിൽ അഗ്നിസാക്ഷിയായി മനസിനെപ്പാകപ്പെടുത്തൂ.ലോകനന്മയ്ക്കായി അനേകം യാഗങ്ങൾ നടത്തിയ ഈ അച്ഛന് സമാധാനമായി "അങ്ങു ദൂരെ അഴകൻ്റെ കുടിൽ. അവിടുത്തെ പൂവൻകോഴിയുടെ ഉണർത്തുപാട്ട് കേൾക്കുന്നില്ലല്ലോ?അവനും മറന്നു കാണും. അന്ന് ഏഴര വെളുപ്പിന് അവൻ്റെ കൂവൽ കേട്ടാണണരാറ്.ഒരനുഷ്ടാനം പോലെ മാലോകരെ ഉണർത്തിയിരുന്ന ആ പാട്ടും നിലച്ചിരിയ്ക്കുന്നു. ഗ്രാമീണ ജീവിതത്തിൻ്റെ പശ്ചാത്തല സംഗീതങ്ങൾ ഒന്നും ഇന്നില്ല. എല്ലാം അന്യം നിന്നുപോയി.തറവാട്ടിൽ അച്ഛനും അമ്മയും ഉത്സാഹത്തിലാണ്. എന്നും വിഷാദഛായയിൽ മാത്രം കണ്ടിരുന്ന അമ്മ ചിരിച്ചു തുടങ്ങി. കുളിച്ച് ഭസ്മവും ചന്ദനവും തൊട്ട്, തററുടുത്ത്, ഉത്തരീയവുമിട്ട് വീണ്ടും തൻ്റെ മകനെക്കണ്ടപ്പോൾ ആ അമ്മ ഒന്നു തേങ്ങി.തൻ്റെ കാൽക്കൽ വീണു നമസ്ക്കരിക്കുന്ന ഉണ്ണിയേ മനസ്സറിഞ്ഞ നുഗ്രഹിച്ചു.അമ്മയുടെ സന്തോഷാശ്രു വിൻ്റെ നനവ് ആ കയ്യിൽ അനുഭവപ്പെട്ടു.''എൻ്റെ ഉണ്ണിയ്ക്കിതൊക്കെപ്പറ്റുമോ.. " ഞാനും ആകെ മാറി. ഭൗതിക ലോകത്തിൻ്റെ അങ്ങേ അറ്റം വരെ എത്തി തിരിച്ചു പോന്നതാണ്. ഇന്ന് മനസ് വേദമന്ത്രങ്ങളിലേയ്ക്ക് തിരിഞ്ഞു.മനസമാധാനത്തിൻ്റെ നിസ്വാർത്ഥതയുടെ ലോകം. മാസം ഒന്നു കഴിഞ്ഞു.അങ്ങു ദൂരെ അഴകൻ്റെ കുടിൽ ഇന്നും പഴയതുപോലെ തന്നെ. പക്ഷേ കൂവാൽ മറന്ന പുവ്വങ്കോഴി ഇന്നുറക്കെ കൂവി.അരുണോദയത്തിൽത്തന്നെ. അവനും വന്നിരിയ്ക്കുന്നു മാറ്റം. ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ആ ഉണർത്തുപാട്ട് ഇന്ന് വീണ്ടും എൻ്റെ ജീവിതത്തെ ചിട്ടപ്പെടുത്തി:

Wednesday, February 17, 2021

മടക്കയാത്ര. [കീശക്കഥകൾ - 107 ]"മഹാനഗരം ഉപേക്ഷിച്ചുള്ള മടക്കം. നന്നായി " അച്ഛനാശ്വാസമായി. കഴിഞ്ഞ പത്തുവർഷം.കാശു കൊണ്ട് എല്ലാം വാങ്ങും. ആഹാരം വലിയ മൾട്ടി കമ്പനികളുടെ ഇഷ്ടത്തിനനുസരിച്ച്.അവരുണ്ടാക്കി നൽകുന്ന ആഹാര സാധനങ്ങളിൽ സായൂജ്യം.മടുത്തു.നാട്ടിൽ ഒരു പഴയ നാലുകെട്ട്.കൃഷിയിടങ്ങൾ .അച്ഛനും കാര്യസ്ഥനും മാത്രം. എല്ലാം ഉപേക്ഷിച്ച് മടങ്ങാൻ തീരുമാനിച്ചു. വർക്ക് അറ്റ് ഹോം.പഴയ പ്രൗഢമായ നാലുകെട്ടിന് ചുറ്റും കൃഷിയാണ്. കളവും കളപ്പുര മാളികയും. തൊഴുത്തും പശുക്കളും.മോന് അതൊരു പുതിയ അനുഭവമായിരുന്നു. ഏറെക്കുറെ എനിയ്ക്കും.."അച്ഛാ ഞാൻ ടൗണിൽ പോയി ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വരാം.അല്ലങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്യാം ""ഒന്നും വേണ്ട നമുക്കു വേണ്ടതെല്ലാം നമ്മളിവിടെ ഉണ്ടാക്കുന്നുണ്ട്. "രാവിലെ എഴുനേറ്റ് കുളത്തിലേക്ക്. നീന്തിക്കുളിയ്ക്കണം. മോനും നല്ല ഉൽസാഹം. കളപ്പുര മാളികയിൽ എല്ലാം ഒരുക്കിയിരിയുന്നു.ഉമിക്കരി കുരുമുളകും, ഗ്രാംപൂവും., ഉപ്പും കൂട്ടിപ്പൊടിച്ച് ചെറിയ പൊതികളാക്കി പച്ച ഈർക്കി ലി കീറി അതിനിടക്ക് വച്ച് അടുക്കി വച്ചിരിയ്ക്കുന്നു. പല്ലു തേയ്ക്കാൻ ബ്രഷും പെയ്സ്റ്റും വേണ്ട. കൊപ്രാ ആട്ടിയ നല്ല വെളിച്ചണ്ണ, നല്ല എള്ളെണ്ണ എല്ലാം ഇവിടെ ഉണ്ടാക്കിയത്. ചെറുപയർ പൊടി, വാകപ്പൊടി, ഇഞ്ച.. സോപ്പിന് പകരം. പിണ്ഡ തൈലവും ധാന്വന്തരം കഴമ്പും അച്ഛനുണ്ടാക്കിയത്. എല്ലാം അവിടുണ്ട്.ഞങ്ങൾ ചെന്നപ്പോൾ അച്ഛൻ പരദേവതയ്ക്ക് പൂജ കഴിച്ച് എത്തിയിരുന്നു. കാപ്പി കുടിയ്ക്കാം. പറമ്പിൽ ഉണ്ടായ കാപ്പി ക്കുരു വറത്തു പൊടിച്ചത്. ചായ പതിവില്ല. ഇഡ്ഡലി, ചട്ണി, പൊടി .എനിക്ക് ദേവിയുടെ നിവേദ്യം. ഉണക്കൽച്ചോറ് .തവിട്കളഞ്ഞിട്ടില്ല.ഇളം റോസ് നിറം. കട്ട ത്തൈരും കാന്താരിമുളകും, കടുമാങ്ങയും ഉപ്പും. കൊതി തോന്നി. എനിക്കും അതുമതി. അച്ഛൻ ചിരിച്ചു.ശുദ്ധവായു, ശുദ്ധജലം, മായമില്ലാത്ത പാല്.തൊഴുത്തിൽ രണ്ടു പശുക്കൾ ഉണ്ട്.പാടത്ത് നെൽകൃഷി. രാസവള മോ, കീടനാശിനിയൊ ഉപയോഗിയ്ക്കില്ല.പിന്നെ എള്ളും, പയറും .കുറച്ച് ഞവരനെല്ലും കൃഷി ചെയ്യും ചാണകവും, ചാരവും ചവറും ഇട്ട് പൂട്ടി ഞവരിയ്ക്കടിച്ചുള്ള കൃഷിരീതി രസമാണ്. നാലുകെട്ടിൽ ഒട്ടുംചൂടില്ല. എ.സി. ആവശ്യമില്ല. കോൺപുരകൾ. നല്ല പ്രൈവസിയുള്ള മുറികൾ. "കറണ്ട് ആവശ്യത്തിന് ഞാൻ ഗായത്രി മന്ത്രം ജപിച്ച് എന്നും അരാധിക്കുന്ന സൂര്യഭഗവാനുണ്ട്. എല്ലാം സോളാർ കൊണ്ട് നടക്കും."ഗോബർ ഗ്യാസ് കൊണ്ട് പാചകം നടക്കും. വിറക് ഇഷ്ടം പോലെ. ഒരു പുകയില്ലാത്ത അടുപ്പും. എല്ലത്തിനും ഇവ ധാരാളം മതി. എൽ.പി.ജി വാങ്ങണ്ട കാര്യമില്ല.കറണ്ടു ചാർജ് അടയ്ക്കണ്ട .ടി .വി.ഇൻ്റർനെറ്റ് എല്ലാ സൗകര്യവും ഉണ്ട്. എൻ്റെ ജോലിയും മോൻ്റെ പഠനവും ഇവിടെത്തന്നെ നടക്കും.ഫാസ്റ്റ്ഫുഡും, ജംഗ് ഫുഡും മാത്രം ശീലിച്ച ഞങ്ങൾക്കു് ഈ മാറ്റം ആദ്യം ചിന്തിക്കാൻ കൂടി വയ്യായിരുന്നു.പ്രത്യേകിച്ചും മോൻ. പക്ഷേ ഇപ്പം അവന്നതിലാണ് കമ്പം. ചക്കയും .മാങ്ങയും വാഴപ്പഴവും, ചുണ്ടും. പിണ്ടിയും എല്ലാം ആഹാരത്തിൻ്റെ ഭാഗം. ഉച്ചയ്ക്ക് നല്ല ചെമ്പാവിൻ്റെ അരി കൊണ്ടുള്ള ചോറ് . കാളൻ, ഓലൻ, അവിയൽ, മൊളോഷ്യം. തീർന്നു.സാമ്പാർ പതിവില്ല. ഉള്ളിയും സബോളയും കിഴങ്ങും ഉപയോഗിയ്ക്കില്ല. കടുമാങ്ങയും, ഉലുമാങ്ങയും ഇഞ്ചിത്തൈരും. ചേനയും കായ്യും മെഴുക്കുപുരട്ടി. ആദ്യം നെയ്യുകൂട്ടി ഒരു ഉരുള. അതിൻ്റെ സ്വാദ് ഒന്നു വേറെ .അതിന് ശേഷം കുഴച്ച ആ കൈമണത്ത് നോക്കുമ്പോൾ ഉള്ള ഗന്ധമാണ് ലോകത്തിലെ ഏററവും വശ്യമായ ഗന്ധം എന്നു തോന്നി. അവസാനം നല്ല കട്ടത്തയിർ, അല്ലങ്കിൽ പുളിച്ച മോര്.ഇതു കൂട്ടി ഊണവസാനിപ്പിക്കും. പപ്പടത്തിന് പകരം കാവറുത്തതാണ്. അതിനു ശേഷം ഒരു പൂവൻപഴം.സുഭിക്ഷം!അങ്ങിനെ പുറത്തു നിന്ന് ഒരു സാധനവും വാങ്ങാതെ ഒരു മാസം. ഉണ്ണിയ്ക്കൽഭുതം തോന്നി.ഇങ്ങിനെയും ജീവിയ്ക്കാമോ.? ഇപ്പോൾ ഗ്യാസില്ല അസിഡിറ്റിയില്ല. തലവേദനയില്ല. ഡോക്ടറെ കാണേണ്ടതേയില്ല." അച്ഛാ ഞാനിനി ഇവിടം വിട്ട് പോകുന്നില്ല ." അച്ഛൻ ചിരിച്ചു. ഒരാശ്വാസത്തിൻ്റെ ചിരി. ആ വൃദ്ധ നേത്രത്തിൽ സന്തോഷത്തിൻ്റെ നനവ്‌." നന്നായി;,,,,,,

Thursday, February 4, 2021

നെൽമണികൾ [കീശക്കഥ-102]ചുരുട്ടിക്കെട്ടിയ നെൽ കറ്റകൾ അടുക്കി വച്ചിട്ട് ഒരാഴ്ച്ച ആയി. മെതിയ്ക്കാൻ ഇന്നു വരും നാളെ വരും മുടുത്തു. പണ്ട് ഇല്ലത്ത് കൊയ്ത്തുമെതി ഒരാഘോഷമായിരുന്നു. ഇന്ന് ജന്മിത്വത്തിൻ്റെ ആ കണ്ണികൾ തേഞ്ഞു തുടങ്ങി. പക്ഷേ അന്നും അവർ അധ്വാനിച്ചുണ്ടാക്കുന്നതിൻ്റെ നല്ലൊരു പങ്ക് അവർക്കു തന്നെ കൊടുത്തിരുന്നു. എന്നാലും ബൂർഷാ ജന്മി എന്ന പട്ടം ചാർത്തിക്കിട്ടിയിരുന്നു.ഇന്നത്തെ സ്ഥിതി കഷ്ട്ടമാണ്. അടുക്കള തേവർക്കം മുല്ലയ്ക്കൽ തേവർക്കും നിവേദ്യം വേണം. നമുക്ക് ഒരു നേരം മുടങ്ങിയാലും അതു മുടങ്ങാൻ പാടില്ല. ഇത് മെതിച്ചു കുത്തിയിട്ടു വേണം അരിയുണ്ടാക്കാൻ. ആരും മെതിയ്ക്കാൻ വരുന്ന ലക്ഷണമില്ല. പഴയ അറ്റാച്ച് ട് ലേബറിൻ്റെ കാലം കഴിഞ്ഞു.കാലത്തിനൊത്ത് ഞാനും ഒരു ജോലി തേടിയിരുന്നു. ബാക്കിയുള്ളവരുടെ ദൃഷ്ടിയിൽ മാന്യമായ ജോലി. പക്ഷേ ജോലി എല്ലാം ഒരു തരം അടിമപ്പണിയാണ് എന്ന് എനിയ്ക്ക് താമസിയാതെ മനസിലായി.മേലുദ്യോഗസ്ഥൻ്റെ ശകാരം,ഉന്നതോദ്യോഗസ്ഥരുടെ കുതിര കയറൽ.ഇങ്ങിനെ ഒന്നും ശീലിച്ചിട്ടില്ലാത്ത ഒരു സംസ്ക്കാരത്തിൻ്റെ കണ്ണി ആയതു കൊണ്ടാവാം എനിയ്ക്കത് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയത്. പക്ഷേ ക്ഷമയും നല്ല പെരുമാറ്റവും ഈ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു.അതു കൊണ്ട് പ്രതികരിയ്ക്കാനില്ല, അല്ലങ്കിൽ നല്ല മാന്യമായേ പ്രതികരിക്കാറുള്ളു.പക്ഷേ മനസ് കലുഷമാണ്.ഈ അടിമപ്പണി ഉപേക്ഷിയ്ക്കണം മനസു പറഞ്ഞു കൊണ്ടിരുന്നു. അടുക്കി വച്ച ആ കറ്റകൾക്ക് തൻ്റെ മേൽ കുതിര കയറിയ മേലാളന്മാരുടെ ഛായ.ഒരു പണിയും അറിയില്ലാത്ത നമ്പൂതിരി തന്നെ ഒന്നു തൊടാൻ പോലും തയാറാകില്ല എന്ന് അടക്കി വച്ച ആ കററ കൾ എന്നെ നോക്കി പ്പരിഹസിക്കുന്നതായി തോന്നി. പെട്ടന്ന് എൻ്റെ ശത്രുക്കൾ എല്ലാം ഒന്നിച്ചു വന്ന് എൻ്റെ മുമ്പിൽ അട്ടിയിട്ട് മതിൽ പണിതതായിത്തോന്നി.ഉണ്ണി ചാടി എഴുന്നേറ്റു. ആ കറ്റകൾ മുഴുവൻവലിച്ചു താഴെയിട്ടു. മുണ്ട് മടക്കി കുത്തി.തോർത്ത് എടുത്ത് തലയിൽ കെട്ടി .ആ നെൽക്കതിർക്കുലകൾ മുഴുവൻ തലങ്ങും വിലങ്ങും ചവിട്ടിക്കൂട്ടി. ഇതു വരെ സഹിച്ച ആ അപമാനം മുഴുവൻ ആ നെൽക്കറ്റയിൽ തീർത്തു.സമയം പോയതറിഞ്ഞില്ല. സ്ഥലകാലബോധം വന്നപ്പോൾ മെതിപൂർത്തി ആയിരിക്കുന്നു. ഐശ്വര്യമുള്ള നെൽമണികൾ ഉണ്ണിയേ നോക്കി നന്ദിയോടെ ചിരിച്ചു. തൻ്റെ നെറ്റിയിൽ നിന്നുതിർന്ന് വാർന്ന വിയർപ്പുകണങ്ങളിലൂടെ ആ നെൽമണികൾ മുത്തുകളായിത്തിളങ്ങി.

Monday, February 1, 2021

"ഐ ഹാവ് എ ഡ്രീം [അച്ചുവിൻ്റെ ഡയറി-4 21]മുത്തശ്ശാ ഇത് മാർട്ടിൻ ലൂതർ കിഗിൻ്റെ ഡ്രീംസാണ്.അച്ചുൻ്റെ അല്ല.പക്ഷേ ആ ഡ്രീം അച്ചുനിഷ്ടാ. മുത്തശ്ശാ അമേരിക്കയിൽ അച്ചൂന് ഏറ്റവും ഇഷ്ടം എബ്രഹാം ലിങ്കനേം ,മാർട്ടിൻ ലൂതർ കിഗിനേം, ഒബാമയേ 'യുമാണ്. ഇപ്പം മാർട്ടിൻ ലൂതർ കിഗിൻ്റെ പ്രസിദ്ധമായ ആ പ്രസംഗം വായിച്ചു കൊണ്ടിരിക്കുകയാണച്ചു. അമേരിക്കക്കാർക്കു വേണ്ടിയുള്ള സ്വപ്നം. റെയ്സൽ ഡിസ്ക്രിമിനേഷനെതിരായുള്ള സമരത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. ബസിൽ വെള്ളക്കാരുടെ സീററിൽ ഇരുന്ന കറുത്ത വർഗ്ഗക്കാരിയെ പോലിസ് അറസ്റ്റു ചെയ്തതിനെതിരായുള്ള സമരം കുറേ നാൾ നീണ്ടുനിന്നു. നമ്മുടെ പ്രിയപ്പെട്ട ഗാന്ധിയുടെ ഒരാരാധകനായിരുന്നു അദ്ദേഹം.വാഷിഗ്ടൻDc യിലെ ലിങ്കൻ മെമ്മോറിയലിനെതിരായുള്ള നാഷണൽ മോളിൽ വച്ചായിരുന്നു ലോക പ്രസിദ്ധമായ ആ പ്രസംഗം. വളരെ സിബിൾ ആയി ആത്മാർദ്ധതയോടെ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു. അമേരിക്കക്കാരുടെ മക്കൾ എല്ലാം ഒരു മേശക്ക് ചുററുമിരിക്കുന്ന കാലത്തേക്കുറിച്ചുള്ള സ്വപ്നം. അച്ചൂ രണ്ട് പ്രാവശ്യം ആ പ്രസംഗം മുഴുവൻവായിച്ചു. വെറുംപതിനേഴ് മിനിട്ട് മാത്രമുള്ള ആ പ്രസംഗത്തിൽ എന്തെല്ലാം കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.പാവപ്പെട്ടവരുടെ കാണപ്പെട്ട ദൈവമായിരുന്നു അദ്ദേഹം. പക്ഷേ പല പ്രാവശ്യം മരണത്തിൽ നിന്നു രക്ഷപെട്ട അദ്ദേഹത്തെ ജയ്സ് എൾഗ എന്നൊരാൾ വെടിവച്ചു കൊന്നു. വായിച്ചപ്പോൾ അച്ചൂന് സങ്കടം വന്നു. ലോക സമാധാനത്തിന് നോബൽ സമ്മാനം കിട്ടിയ അദ്ദേഹത്തിൻ്റെ സ്വപ്നം പിന്നീട് ഒരു പരിധി വരെ യാധാർധ്യമായി അമേരിക്കയിൽ.ഇൻഡ്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു പ്രസിഡൻ്റ് നമുക്കുമുണ്ടായിരുന്നു. ഡോക്ടർ അബ്ദുൾ കലാം. അച്ചൂന് ഏററവും ഇഷ്ടമുള്ള പേഴ്സണാലിറ്റി ആയിരുന്നു അദ്ദേഹത്തിന്. കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിച്ച നമ്മുടെ ഒക്കെ പ്രിയ മുത്തശ്ശൻ. ഇങ്ങിനെ ഉളളവരുടെ ഒക്കെ കഥ വായിയ്ക്കാൻ അച്ചൂന് വലിയ ഇഷ്ടമാ.