Sunday, April 19, 2020

ഉലു മാങ്ങാ ഭരണി. [ നാലുകെട്ട് -240 ]നല്ല ചീനഭരണികൾ തറവാടിൻ്റെ സ്വത്താണ്. പണ്ട് പര ദേ ശി ക്കച്ചവടക്കാരിൽ നിന്നും കുരുമുളകും, അടയ്ക്കയും ഒക്കെ ക്കൊടുത്തു വാങ്ങിയതാണന്നു മുത്തശ്ശൻ പറഞ്ഞറിയാം. ചില ഭരണിയിൽ ചീനക്കാരുടെ വ്യാളിയുടെ രൂപം കാണാം. കടുമാങ്ങക്കും., ഉലുവ മാങ്ങയക്കും, ഉപ്പുമാങ്ങയ്ക്കം പ്രത്യേകം ഭരണികളാണ് ഉപയോഗിക്കാറ്.ശർക്കര ഇട്ടു വയ്ക്കുന്ന ഭരണിക്കു ചുറ്റും കയർ വരിഞ്ഞ് സുരക്ഷിതമാക്കിയിരിക്കും.സാധാരണ ഉലുവ മാങ്ങയാണ് കേടാകാൻ കൂടുതൽ സാദ്ധ്യത. അതിന് ഏറ്റവും നല്ല ഭരണിയാണുപയോഗിക്കുക. നല്ല നാട്ടുമാങ്ങ പാകമായാൽ മാവിൻ്റെ ചുവടു മുഴുവൻ ഉഴുതുമറിക്കും. എന്നിട്ടാണ് മാങ്ങാ പറിക്കുക.താഴെ വീഴുമ്പോൾ മാങ്ങാപൊട്ടാതിരിക്കാനാണങ്ങിനെ ചെയ്യുന്നെ. പറിച്ച മാങ്ങാ അസ്സലായി കഴുകി എടുക്കും. എന്നിട്ട് അതിൻ്റെ രണ്ടു വശവും പൂളും. പക്ഷേ വേർപെടുത്തില്ല.അതു പോലെ മാങ്ങയുടെ ഞ ട്ട് ചെത്തില്ല. അതിൻ്റെ ചെന നഷ്ടപ്പെടാൻ പാടില്ല. അത് ചീനഭരണിയിൽ ഇടും. കല്ലൂപ്പ് വൃത്തിയാക്കിയത് മുകളിൽ വിതറും. പിന്നെയും മാങ്ങ. ഉപ്പ് എന്നിവ ഇടവെട്ടിട്ട് ഭരണി നിറക്കുന്നു. ഭദ്രമായി അടച്ചു വയ്ക്കുന്നു.ഒരാഴ്ച കഴിഞ്ഞ് ആണ് അതിൻ്റെ കൂട്ട് ശരിയാക്കുക. നല്ലവത്തലുമുളക് ഞ ട്ട് കളഞ്ഞ് നന്നായി വെയിലത്ത് ഉണക്കി എടുക്കും. എന്നിട്ട് മുളക് അരക്കല്ലിൽ അരച്ചെടുക്കുകയാണ് പതിവ്. നല്ല വെണ്ണ പോലെ അരയ്ക്കും.ഉലുവ വറത്തു പൊടിച്ച് ഏതാണ്ട് മുളകിൻ്റെ അത്രയും തന്നെ അതും ചേർക്കും. അന്ന് പെട്ടിക്കായ മാണ് കിട്ടുക. അത് ചെറുകഷണങ്ങളാക്കി നല്ലണ്ണയിൽ വറത്തെടുക്കും. അതും പൊടിച്ചു ചേർക്കും. വലിയ മരം കൊണ്ടുള്ള തോണിയാണ് അതിന് ഉപയോഗിക്കുക.അതിൽ ഭ ര ണി യിലെ മാങ്ങാ ഇട്ട് കൂട്ട് ചെർത്ത് നന്നായി ഇളക്കി യോജിപ്പിക്കുന്നു.ഇത് ഈ ചീനഭരണിയിലേയ്ക്ക് തന്നെ ഇടുന്നു.ഭരണിയുടെ മുക്കാൽ ഭാഗമേ നിറക്കൂ.അതിന് മുകളിൽ നല്ലണ്ണ ഒഴിക്കുന്നു. എന്നിട്ട് അടച്ചു വച്ച് നല്ലമെഴുകു കൊണ്ട് സീലുചെയ്യുന്നു.. നല്ല ഭരണിയാണങ്കിൽ ഇത് കേടുകൂടാതെ എത്ര കാലം വേണമെങ്കിലും ഇരിക്കും

No comments:

Post a Comment