Sunday, April 19, 2020

ഞാനും ഒരു കണിമംഗലത്തുകാരനായി [കീശക്കഥ - 1 2 3]കമ്പനിക്കും ലോക്ക് ഔട്ട്. വേഗം നാട്ടിലേയ്ക്ക് പോന്നു.ഭീമമായ ശമ്പളവുമായി ഞങ്ങൾ അവിടെ അർമ്മാദിച്ചിരുന്ന കാലം ഇന്ന് പേടിപ്പെടുത്തുന്ന ഒരു ഓർമ്മയാണ്.മുതിർന്ന ഹോട്ടലുകളിലെ കൊതിയൂറുന്ന ആഹാരങ്ങൾക്കായിരുന്നു അന്നു കൂട്ടതൽ ചെലവ്. വൈകുന്നേരമായാൽ ബാംഗ്ലൂരിലെ വിവിധ ഹോട്ടലുകളിൽ ഊഴമിട്ട് പൊയ്ക്കൊണ്ടിരുന്നു. രാത്രി വളരെ വൈകി വീട്ടിലെത്തും. അമിതമായ ആഹാരത്തിൻ്റെ മടുപ്പിൽ ഉറക്കം പോയ രാത്രികൾ. ആഹാരം ദഹിക്കാനും, ഉറങ്ങാനും, അസിഡിറ്റിക്കും, ഗ്യാസിനും ഒക്കെ പ്രത്യേകം ഗുളികകൾ. വൈകി ഉണരുന്ന ദിനങ്ങൾ. രാവിലത്തെ ദിനചര്യ ഒക്കെ തെറ്റി.വലിയ ഐ.ടി.കമ്പനിക്കുള്ള അടിമപ്പണിക്ക് പതിവു യാത്ര.കമ്പനി ക്യാൻ്റീനിൽ സൗജന്യ ഭക്ഷണം. ഉച്ചക്കും ഇടസമയങ്ങളിലും. ഒരോ ഒരു മണിക്കൂർ ഇടവിട്ട് ചായ മേശപ്പുറത്തുവരും. ജോലികഴിഞ്ഞ് മടുത്ത് എത്തുമ്പോൾ രാത്രി ആകും. ഒരു സെക്കൻ്റ് ഷോക്ക് പോയാലോ? ഒന്നും വയ്ക്കാൻ സമയമില്ല അത്താഴം ഹോട്ടലിൽ നിന്ന്. അന്നും പതിവുപോലെ. ഇതിനിടെ കൂട്ടുകാരുടെ ട്രീറ്റ്. പിന്നെ അവർക്ക് ഞങ്ങൾ കൊടുക്കുന്ന ട്രീറ്റ്. മിക്കതും രാവേറെ വൈകുന്നത്. അമിതാഹാരം, വ്യായാമമില്ലായ്മ്മ പല അസുഖങ്ങളും ഓടി എത്തി. ഇടക്കിടക്കുള്ള ആശുപത്രി സന്ദർശനവും ശീലമായി.നാട്ടിലെത്തിയപ്പോൾ ആദ്യം വിഷമമായിരുന്നു.പിന്നെപ്പിന്നെ രസമായിത്തുടങ്ങി. നല്ല ഫ്രഷ് ആയ ആഹാരം, ശുദ്ധവായു, ശുദ്ധജലം പുറമേ അച്ഛൻ്റെയും അമ്മയുടേയും സുരക്ഷിത കവചം. നല്ല ഉറക്കം. നല്ല വ്യായാമം. നാട്ടുമ്പുറത്തിന്നെ നന്മകളിലേക്ക്. അതിൻ്റെ നിഷ്ക്കളങ്കതയിലേക്ക്. പാതിശമ്പളത്തിൽ ജോലി ചെയ്യുമ്പഴും ക്യാഷ് മിച്ചം. ക്രഡിറ്റ് കാർഡിൻ്റെ ഖനം കുറഞ്ഞു കുറഞ്ഞു വന്നു. മനസുകൊണ്ട് ഈ മഹാമാരിക്ക് നന്ദി പറഞ്ഞ ദിനങ്ങൾ. ഒരു കാര്യം ഉറപ്പായി എനിക്കിനി എൻ്റെ ഈ മനോഹര ഗ്രാമം ഉപേക്ഷിക്കാൻ വയ്യ. ഇന്ന് ഞാനും ഒരു കണിമംഗലത്തുകാരനായോ എന്നു സംശയം.

No comments:

Post a Comment