Sunday, August 6, 2017

       സഹ്യന്റെ മകൻ.....

       ഞാൻ സഹ്യന്റെ മകൻ. നിങ്ങളുടെ കവി പണ്ട് പാടിപ്പു കഴ്ത്തിയിട്ടില്ലെ. അവൻ തന്നെ. എന്റെ കൂടെ രണ്ടാനകൾ കൂടിയുണ്ട്. ഞങ്ങൾ നാട്ടിലേക്ക് ഒന്നിറങ്ങിയതാ. നിങ്ങളുടെ ഗ്രാമവും, പട്ടണവും കാണാനുള്ള മോഹം കൊണ്ടൊന്നുമല്ല. ഗതികേടുകൊണ്ടാണ്. അതിനിത്ര കൊലാഹലം കൂട്ടണ്ട കാര്യമൊന്നുമില്ല.  ഭയപ്പെ ടേണ്ട കാര്യവുമില്ല. ശരീരം വലുതാണങ്കിലും പാവങ്ങൾ ആണു ഞങ്ങൾ. സസ്യാഹാരമേ കഴിക്കൂ. ഞങ്ങളുടെ സഹോദരങ്ങളെ അടിമകളാക്കി ചങ്ങലക്കിട്ട് നങ്ങൾ ഭേദിച്ച് പണി എടുപ്പിക്കുകയല്ലേ?. നിങ്ങൾ ദൈവത്തിന്റെ പേരിൽ നടത്തുന്ന ഒരോ ഉത്സവത്തിനും ഞങ്ങളുടെ കണ്ണീരിന്റെ ഉപ്പു കലർന്നിട്ടുണ്ട്.

       നിങ്ങൾ ഞങ്ങളുടെ ആവാസ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി ഞങ്ങളുടെ ആവാസ വ്യവസ്ഥ തകർത്തപ്പോൾ ഈ കോലാഹലം ഒന്നും കണ്ടില്ലല്ലോ? ഞങ്ങളുടെ കാടു മുഴുവൻ നടുങ്ങു മാറ്പാറ പൊട്ടിച്ചപ്പോഴും പ്രതികരിക്കാൻ ആരേയും കണ്ടില്ല. വനം വെട്ടിനിരത്തി വെട്ടിപ്പിടിച്ച് ഞങ്ങളുടെ സാമ്രാജ്യത്തിൽ നിങ്ങൾ നടത്തിയ അധിനിവേശത്തിന്  എതിരേയും ഒരു ചെറുവിരൽ പോലും ഉയർന്നില്ല. കറണ്ടുവേലി കെട്ടിയും, റെയിൽപ്പാളം പണിതും എത്ര സഹോദരങ്ങളെയാണ് നിങ്ങൾ കൊന്നത്. ഞങ്ങളു സഞ്ചാര പന്ഥം മുഴുവൻ അടയ്ച്ച് ഞങ്ങൾ കൂട്ടം തെറ്റിയപ്പോൾ ഞങ്ങളിവിടെ വന്നു പെട്ടതാണ്.ഞങ്ങൾക്ക് തിരിച്ചു പൊകാൻ വഴിയില്ല. വഴിയറിയില്ല. നിങ്ങൾ ബഹളം കൂട്ടിക്കല്ലെറിഞ്ഞ് പടക്കം പൊട്ടിച്ച് ഓടിച്ചാൽ ഞങ്ങൾ എവിടെപ്പോകും.

       പിന്നെ കാടിനേക്കാൾ സുരക്ഷിതം ഇവിടാണ്. ഇവിടാരും ഞങ്ങളെ ആനക്കൊമ്പിനു വേണ്ടി ക്കൊല്ലില്ല. കാടിന്റെ മറവിൽ അതും പേടിക്കണം. പിന്നെ ഞങ്ങളുടെ കൂട്ടരെത്തന്നെ ബന്ധികളാക്കി നമ്മളെ തുരത്താനാണ് നിങ്ങളുടെ ശ്രമം."നിങ്ങൾ ഇപ്പോൾ സ്വതന്ത്രരാണ്, ഉടൻ കാട്ടിലേക്ക് പൊയ്ക്കൊള്ളൂ.അല്ലങ്കിൽ ഇവർ ചങ്ങലക്കിടും വഴി ഞങ്ങൾ കാണിച്ചു തരാം" എന്നാണവർ പറഞ്ഞതെന്ന് നിങ്ങൾ അറിയുന്നില്ല. അതു ഞങ്ങൾ മനസിലാക്കുന്നു. തിരിച്ചു പോകുന്നു. ഇനി ഈ നശിച്ച നാട്ടിലേക്കില്ല.

No comments:

Post a Comment