Wednesday, August 16, 2017

   മനസിലൊരോണപ്പൂക്കളം [നാലു കെട്ട് - 139]

         അന്നൊക്കെ പഞ്ഞം കർക്കിടകം പടിയിറങ്ങിയാൽ പൊന്നിൻചിങ്ങത്തെ വരവേൽക്കുന്നത് ഒരു ഉത്സവമാണ്. കുട്ടികൾ ഓണത്തുമ്പികളുടെ കൂട്ട് പാറിപ്പറന്നു നടക്കും. ഓല മെടഞ്ഞ് പുക്കൂടയുണ്ടാക്കി പൂവിറുക്കാൻ കാടും മേടും ചുറ്റി നടക്കും. കൊങ്ങിണി പൂവ് അരിപ്പൂവ്, ശഖുപുഷ്പം -, കുടയുണ്ടാക്കാൻ വീണ്ട പ്പൂവ്.അങ്ങിനെ എന്തെല്ലാം. ഒരോ ദിവസവും പൂക്കളം വലുതായി വലുതായി വരും. ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അച്ഛനും മുത്തശ്ശനും കൂടും പൂവിടാൻ. അന്ന് മനസിലാണ് ഓണം. മുറ്റത്ത് പച്ചച്ചാണകം കൊണ്ടു വട്ടത്തിൽ മെഴുകി അതിലാണ് പൂവിടുക.

        മുറ്റത്തോട് ചേർന്ന് ഒരു വരിക്കപ്ലാവുണ്ട്. അതിന്റെ കൊമ്പിലാണ് ഊഞ്ഞാൽ കെട്ടുക. കാടുകയറിയ ഇല്ലപ്പറമ്പിൽ ധാരാളമായിക്കാണുന്ന ഞ റ ള വള്ളിയാണ് ഊഞ്ഞാൽ കയർ . പടി ആയി തെങ്ങിൻ മടൽ . അങ്ങിനെ പുതുവത്സരത്തിന്റെ ചാരുത എല്ലാവരും മനസിലേക്ക്  ആവാഹിക്കുന്നു. ഒരു വിളവെടുപ്പിന്റെ ഉത്സവം കൂടി ആയി ആ കാലം മാറും. ഇന്നത്തേപ്പോലെ അതിനൊരു ദിനം അങ്ങിനെയില്ല.

           ഓണക്കളികൾ പലതാണ്. ആൺ കുട്ടികൾക്ക് തലപ്പന്തുകളി, പുഞ്ചകളി. പുഞ്ചകളി ഇന്നത്തെ കബഡി പോലെയാണ്. എതിർ ടീം പി ടി ക്കാൻ വരുമ്പോൾ പുഞ്ചകൊണ്ടടിച്ചോടിക്കും. ഒരു തരം ചെടിയാണ് പുഞ്ച .അത് ചൂലുപോലെ ആക്കി  കയ്യിൽക്കരുതും. അരക്കു താഴെയേ അടിക്കാവൂ. ഓലമെടഞ്ഞ പന്തു കൊണ്ടുള്ള തലപ്പന്തുകളിക്ക് പല ഘട്ടങ്ങൾ ഉണ്ട്. പെൺകുട്ടികൾക്ക് തിരുവാതിര കളിയാണ് പ്രധാനം.പിന്നെ "അക്കുകളി". മുറ്റത്ത് കളം വരച്ച് ഒരു കളത്തിൽ അക്ക് (കരു) ഇടുന്നു. ഒറ്റക്കാലിലിൽ വരയിൽച്ചവിട്ടാതെ അക്കിൽ ചവിട്ടണം. ചവിട്ടിയാൽ ആ കളം അടയാളപ്പെടുത്തും. അങ്ങിനെ കളി തുടരും.

        ഇന്ന് ഓണം വിരൽത്തുമ്പിലാണ്. അല്ലങ്കിൽ ദർശനത്തിലാണ്. സ്വീകരണ മുറിയിലാണ്. ഹൃദയത്തിലേക്ക്. മനസിലേക്ക് ഓണം ആവാഹിച്ചിരുന്ന ആ നല്ല നാളുകൾ മനസിലൂടെ കടന്നു പോയി
...

No comments:

Post a Comment