Thursday, October 26, 2023

കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം ഒരു മനോഹര ഗ്രാമക്ഷേത്രംഗുരുവായൂർ ഏകാദശി പ്രധാന ഉത്സവമായ ഈ ഗ്രാമക്ഷേത്രം "തെക്കൻ ഗുരുവായൂർ " എന്നാണറിയപ്പെടുന്നത്.നല്ലൊരു വിദ്യാലയവും ഇതിൻ്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യ ഭാഗവതസത്രം മള്ളിയൂരിൻ്റെ നേതൃത്വത്തിൽ ഈ ക്ഷേത്ര മുറ്റത്താണ് നടന്നത്. ഇരുപത്തി അഞ്ചാമതു സത്രവും ഈ തിരുമുറ്റത്തു തന്നെ വേണം എന്ന് മോഹിച്ച് അതിന് ആറു വർഷം മുമ്പ് തന്നെ അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇൻഡ്യയിലെ തന്നെ ഏറ്റവും വലിയ ഒരു അദ്ധ്യാത്മിക സംരംഭമായി അത് മാറി.പടിഞ്ഞാട്ട് ദർശ്ശനമുള്ള അപൂർവ്വ ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇതിനു മുമ്പിലുള്ള ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള ഒരു മനോഹരമായ ആൽമരം ഉണ്ട്. ആറാട്ട് കഴിഞ്ഞെത്തുന്ന ഭഗവാനെ എതിരേൽക്കുന്നതവിടെയാണ്. അന്നത്തെ ആൽത്തറമേളം തൃശൂരെ എലഞ്ഞിത്തറമേളം പോലെ പ്രസിദ്ധമാണ്.ഏകാദശി വിളക്കിനോടനുബന്ധിച്ചുള്ള ഉത്സവം നാട്ടുകാരുടെ സഹായത്തോടെ ഒരു വലിയ ആഘോഷമായി ഇന്നുംനടന്നു വരുന്നു. അടുത്ത ഗ്രാമത്തിലുള്ള മണ്ണയ്ക്കനാട് ജലാധി വാസഗണപതിയുടെ പരിപാവനമായ തീർത്ഥക്കുളത്തിലാണ് പുത്തൃക്കാവിലപ്പൻ്റെ ആറാട്ട്. രണ്ടു ഗ്രാമങ്ങളുടെ ഉത്സവമായി ആറാട്ടുത്സവം വളർന്നു.ജാതി മത വ്യത്യാസമില്ലാതെ വഴിയ്ക്കിരുവശവും ദീപം തെളിയിച്ച് പൂതൃക്കോവിലപ്പനെ ദേശവാസികൾ വരവേ ൽക്കുന്നു.പ്രകൃതി സൗഹൃദമായി ഈ ഗ്രാമ ക്ഷേത്രത്തെ മാറ്റുക എന്നത് ഒരു സ്വപ്നമായിരുന്നു ഭക്തജനങ്ങൾക്കുണ്ടായിരുന്നത്‌.ഭക്തജനങ്ങളുടെ സഹകരണത്തോടെ ഒരു തുളസീവനം, ആൽത്തറയിൽ മനോഹരമായി രൂപകൽപ്പന ചെയ്ത ദശപുഷ്പോദ്യാനം, കണ്ണന് കദളിപ്പഴത്തിനായി ഒരു കദളീവനം, തീർത്ഥക്കുളം പിന്നെ ഒരു വൃന്ദാവനം. വനമാല ഓഡിറ്റോറിയത്തൊട് ചേർന്ന് "ചന്ദ്രകാന്തം" എന്ന ഓപ്പൺ ഓഡിറ്റോറിയവും പലതും പടിപടിയായിപൂർത്തി ആയി വരുന്നു.ഭഗവാൻ്റെ ജന്മനക്ഷത്രക്കല്ലായ ചന്ദ്രകാന്തം എല്ലാവർക്കും ധരിക്കാവുന്ന രത്നമാണ്.അത് സ്വർണ്ണം കൊണ്ടുള്ള ആലിലയിൽ ഉറപ്പിച്ച് മനോഹരമാക്കിയ "പൂതൃക്കോവിൽ ചന്ദ്രകാന്തപ്പതക്കം" പന്ത്രണ്ട് ദിവസം പീ0 ത്തിൽ വച്ച് പൂജിച്ച് ഭക്തജനങ്ങൾക്ക് കൊടുക്കുന്ന ഒരു അപൂർവ്വമായ വഴിപാടുണ്ടിവിടെ.. പടിഞ്ഞാറെ നടയിലെ ക്ഷേത്രഗോപുരം അതുപോലെ അതീന്ദ്ര്യ ധ്യാനത്തിലൂടെ പ്രാർത്ഥനയ്ക്കുള്ള ഒരു മെഡിറ്റേഷൻ ഹാൾ, ഇവയും ഭക്തജനങ്ങളും സ്വപ്ന പദ്ധതിയാണ് ക്ഷേത്രക്കുളം നവീകരിച്ച് മനോഹരമായ ഒരു തീർത്ഥക്കുളം, അതെല്ലാം പടിപടി ആ യി നടത്താനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണ് ഭാരവാഹികളും ഭക്തജനങ്ങളുംഇൻഡ്യയിലെ തന്നെ എണ്ണപ്പെട്ട ആദ്ധ്യാത്മിക വേദി ആയി ഇരുപത്തി അഞ്ചാമത്തെ ഭാഗവതസത്രം ഈ ക്ഷേത്ര മുറ്റത്ത് അരങ്ങേറി. മള്ളിയൂർ ശ്രീ.ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലും ഉത്സാഹത്തിലുമാണ് ആ സത്രം ഇത്ര ഉദാത്തമായത്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരുടെയും അപൂർവ്വ ഭൂതമായ സഹകരണം ഈ സത്രത്തിന് മികവേകി. പിന്നീട് ആ ക്ഷേത്രത്തിൻ്റെ അത്ഭുതകരമായ വളർച്ചയാണ് നമ്മൾ കണ്ടത്. എല്ലാ ഭക്തജനങ്ങളും അകമഴിഞ്ഞ് സഹകരിച്ചപ്പോൾ ഈ ക്ഷേത്രം മഹാക്ഷേത്രങ്ങളുടെ പദവിയിലേക്ക് ഉയർന്നു.പ്രകൃതി രമണീയമായ ഈകൊച്ചുഗ്രാമത്തിന് തിലകക്കുറി ആയി ഈ ക്ഷേത്രം മാറി.1. കുചേലവൃത്തത്തിലെ രുക്മിണീസമേതനായ കൃഷ്ണൻ ആണ് ഇവിടുത്തെ ദേവസങ്കൽപ്പം.കുടുംബ ഐശ്വര്യത്തിനും, സുഹൃത്ബന്ധത്തിനും വിശേഷം. വിവാഹം ഈ ക്ഷേത്രസന്നിധിയിൽത്തന്നെ വേണമെന്നാഗ്രഹിക്കുന്നവർ അനവധി. അതൊരശ്വര്യമായി അവർ കാണുന്നു.2. ഇടത്തുവശത്തുള്ള ഉണ്ണിഗണപതിക്കും പ്രത്യേക തയുണ്ട്"ഒക്കത്തു ഗണപതി " എന്നാണ് പറയുക. ശ്രീകൃഷ്ണൻ ഉണ്ണിഗണപതിയെ ഒക്കത്ത് എടുത്തു കൊണ്ടിരിക്കുന്ന സങ്കൽപ്പം.മള്ളിയൂര് മറിച്ചാണ് സങ്കൽപ്പം3 .ശ്രീകോവിലിന് വലതു വശത്ത് ഒരു ദേവീപ്രതിഷ്ഠയുണ്ട്.4. പുറത്തു് പടിഞ്ഞാട്ടു ദർശനമായി ഒരു ശൈവ പ്രതിഷ്ഠയും ഉണ്ട്. 5. ഏഴു ഊരണ്മകുടുബക്കാരുടെ വകയായ ഈ ക്ഷേത്രത്തിനു കീഴിൽ നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കുന്നു. ഇന്ന് ഈ ക്ഷേത്രം ഭക്തജനങ്ങളുടെ ഉത്സാഹത്തോടെ ഏകാദശിവിളക്ക് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. എട്ടു ദിവസത്തെ ഉത്സവത്തിൻ്റെ പള്ളിവേട്ടയുടെ അന്നാണ് ഏകാദശിവിളക്ക്. അതിനു പിറേറദിവസം ചരിത്രപ്രസിദ്ധമായ ആറാട്ടും ആൽത്തറമേളവും.

Wednesday, October 25, 2023

കാടിൻ്റെ മക്കൾ [കീശക്കഥ-188] മന്ത്രി പരിവാര സമേതം ആണ് എത്തിയത്.ആദിവാസികളായ ഗോത്രവർഗ്ഗക്കാർക്ക് സ്വന്തമായി ഭൂമി, വീട് എല്ലാം പൂർത്തി ആയി .അതിൻ്റെ ഉത്ഘാടന മാമാങ്ക മാണിന്ന്. എല്ലാവർക്കും ബ്രഡും,ബിസ്ക്കറ്റും,റൊട്ടിയും, ന്യൂഡിൽസും. സോഫ്റ്റ് ഡ്രിഗ്സ് വേറേയും .ആഘോഷമയം . മന്ത്രി എല്ലാവരേയും വിളിച്ചു കൂട്ടി. അവർക്കു വേണ്ടിച്ചെയ്ത നല്ല കാര്യങ്ങൾ വിശദീകരിച്ചു. ഇനി എന്താണ് വേണ്ടത് എന്നു പറഞ്ഞാൽ നടത്തിത്തരും." ഞങ്ങൾക്ക് ഞങ്ങളുടെ സാമ്രാജ്യം തിരിച്ചു തരണം പറ്റുമോ?" എല്ലാവരും തിരിഞ്ഞു നോക്കി അവിടെ പാറപ്പുറത്ത് ഒരു ചെറുപ്പക്കാരൻ. കറുപ്പൻ. അവനെ പോലീസ് വളഞ്ഞു. അവസാനം മന്ത്രിയുടെ അടുത്തെത്തിച്ചു.മന്ത്രി പോലീസുകാരോട് മാറാൻ പറഞ്ഞു. " പറയൂ നിനക്കെന്താണ് വേണ്ടത്. " അയാൾ മന്ത്രിയേ സൂക്ഷിച്ചു നോക്കി. അവിടെ ഇരുന്ന ഒരു കസേര എടുത്ത് മന്ത്രിയ്ക്കഭിമുഖമായി ഇരുന്നു. പോലീസ് കാർ തടയാൻ ശ്രമിച്ചു.മന്ത്രി തടഞ്ഞു. അവൻ പറയട്ടെ അവനും കൂടി വേണ്ടിയാണിവിടെ വന്നത്."ഈ വിശാലമായ കാട് മുഴുവൻ നമുക്ക് സ്വന്തമായിരുന്നു. നമ്മൾ ഒരോ ഊരിലും ഒന്നിച്ചു താമസിച്ചു. ഒന്നിച്ച് ഉണ്ടുറങ്ങി. കാടിൻ്റെ അലിഖിത നിയമങ്ങൾ നമ്മളെ സംരക്ഷിച്ചിരുന്നു. ഇന്ന് നിങ്ങൾ ഞങ്ങളെ അവിടുന്ന് കുടിയിറക്കി. എന്നിട്ട് ഒരോ സ്ഥലത്ത് കറേ സ്ഥലം തന്ന് വീട് വച്ച് തന്ന് തടങ്കലിലാക്കി.നിങ്ങൾ നഗരത്തിൻ്റെ മാലിന്യം നിറഞ്ഞ ഭക്ഷണം നമുക്ക് തന്നു. നമ്മുടെ തനതായ ഭക്ഷണം നിങ്ങൾ വിലക്കി.പ്ലാസ്റ്റിക്ക് പാത്രങ്ങൾ കൊണ്ട് നമ്മുടെ വീടുകൾ നിറച്ചു. ""നല്ല വീടും സൗകര്യവുമായില്ലേ"" കാട്ടിൽ നമുക്കുള്ള ഭക്ഷണം സുലഭമായിരുന്നു. ആഹാരത്തിനു വേണ്ടി മാത്രമേ ഞങ്ങൾ വേട്ടയാടൂ. അതു കാടിൻ്റെ നിയമമാണ്. ഒരു വന്യമൃഗവും നമ്മളേ അന്ന് ആക്രമിച്ചിട്ടില്ല. ഇന്നിവിടെ അവയെപ്പേടിച്ച് ജീവിയ്ക്കാൻ മേലാ.""നിങ്ങളുടെ നന്മക്ക് വേണ്ടിയാണിതൊക്കെ ചെയ്തത്."ഒന്നിച്ച് നിന്ന് പ്രശ്നങ്ങൾ പങ്കിട്ട് പരിഹരിച്ചിരുന്ന ഞങ്ങൾ ഒരോ തുരുത്തിലാണ്. നമ്മുടെ എല്ലാമെല്ലാമായ കാട്ടിലേയ്ക്ക് നമുക്ക് കയറാൻ വരെ അനുവാദം വേണം." കറപ്പന് അത്യാവശ്യം വിദ്യാഭ്യാസമുണ്ട്. ആദിവാസി ഉന്ന മനത്തിനായി കാടു മുഴുവൻ സഞ്ചരിച്ചു പ്രവർത്തിച്ചു വരുന്നു. പോലീസിൻ്റെ ലിസ്റ്റിൽ അവൻ മാവോവാദിയാണ്. മന്ത്രി എഴുനേറ്റ് അവൻ്റെ അടുത്തുചെന്നു. നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണി ത്രയൊക്കെ ചെയ്തത് അതു പഴയ രീതിയിലാക്കുക നടക്കില്ല. ഇനി നിങ്ങളുടെ ഉന്നമനത്തിന് ഞങ്ങൾ എന്തു ചെയ്യണമെന്നു പറയൂ.കറപ്പൻ ഒന്നാലോചിച്ചു ഈ ഊരിലെ കുട്ടികൾക്ക് മുഴുവൻ സർക്കാരിൻ്റെ ഉത്തരവാദിത്വത്തിൽ വിദ്യാഭ്യാസം നൽകണം. അവർക്ക് പഠിയ്ക്കാവുന്നിടത്തോളം പഠിപ്പിച്ച് ജോലി ആക്കിക്കൊടുക്കണം ഇവിടെ ഉള്ളവർക്ക് തൊഴിൽ ഉറപ്പു വരുത്തണം ഇത്രയും മതി."ഇവൻ ധിക്കാരിയാണ് ഇവനെപ്പിടിച്ച കത്തിടട്ടെ " മന്ത്രി പോലീസുകാരെത്തടഞ്ഞു. "കറപ്പൻ പറഞ്ഞത് ന്യായമാണ് ഞാനുറപ്പുതരുന്നു., ഇതു നടന്നിരിയ്ക്കും

Monday, October 23, 2023

അക്ഷര പൂജ.. ഇന്നു വിജയദശമി. അക്ഷര പൂജക്കൊരു ദിനം. വിദ്യക്കൊരു ദേവി.വിദ്യാരംഭത്തിനൊരു ദിവസം. എത്ര മഹത്തായ സങ്കൽപ്പം. ലോകത്ത് മറ്റൊരിടത്തും കാണാത്ത ഒരു പരിപാവന സങ്കൽപ്പം. നമ്മുടെ ആചാരങ്ങളിൽ ഏറ്റവും ഉദാത്തമായത്. സരസ്വതീപൂജ. വാണീദേവിയെ ധ്യാനിച്ച് അക്ഷരമാല കോർത്തെടുത്ത് ഇന്ന് എഴുത്തിന് തുടക്കം കുറിക്കൂ. സാമൂഹ്യ മാധ്യമത്തിലെ ഈ വിശാലമായ ഇടത്തിൽ അക്ഷരക്കൂട്ടങ്ങൾ നിറയട്ടെ. നമുക്ക് പറ്റുമോ എന്നു ശങ്കിക്കണ്ട പറ്റും. നിങ്ങളുടെ ചെറിയ ചെറിയ അനുഭവങ്ങൾ, ഭാവനകൾ, കവിതാ ശകലങ്ങൾ എല്ലാം ഈ ഇടത്തിൽ നിറക്കൂ. വായിക്കാനാളുണ്ടാവും, ആസ്വദിക്കാനാളുണ്ടാവും.ഈ പ്രവണത തുടരുമ്പോൾ, അങ്ങിനെ പടരുമ്പോൾ ഈ വിശാലമായ ഇടവും അക്ഷര പൂജ കൊണ്ട് ശുദ്ധമാകും. വെള്ളവും പാലും വേർതിരിച്ചെടത്തു പാനം ചെയ്യുന്ന അരയന്ന വാഹിനിയായ വാണീദേവിയെ സാക്ഷിനിർത്തി നമുക്ക് ഒരു പുതിയ അക്ഷര സംസ്കാരം ഇന്നാരംഭിക്കാം, ഇവിടെ ആരംഭിക്കാം... ആശംസകൾ...

Sunday, October 22, 2023

ലഞ്ച് വിത്ത് ടീച്ചർ [അച്ചു ഡയറി- 513] ഇന്ന് പാച്ചു ഇടഞ്ഞാണു് സ്കൂളിൽ നിന്ന് വന്നത്.ഇന്ന് അവനെ വിളിച്ചു കൊണ്ട് വരണമായിരുന്നു. അച്ചുവും നേരത്തേ എത്തി. ഒരു യാത്ര ഉണ്ട്.അതാണ് കുഴപ്പമായത് .അവൻ ഇന്ന് ടീച്ചറുടെ കൂടെ ലഞ്ചു കഴിയ്ക്കാൻ എലിജിബിൾ ആയ ദിവസമായിരുന്നു. സ്ക്കൂളിൽ അങ്ങിനെ ഒരു പരിപാടിയു ണ്ട്. പഠിത്തത്തിലും, സേവനത്തിലും,വൃത്തിയിലും, ബാക്കി ഉള്ളവരെ സഹായിക്കുന്നതിലും, നന്നായി പ്പെരുമാറുന്നതിനും ഒക്കെ പോയൻ്റ് വച്ച് ക്യാഷ് കൂപ്പൺകൊടുക്കും. ക്യാഷ് ഒന്നുമില്ല കൂപ്പൺ മാത്രം. അതിൽ പോയിൻ്റ് എഴുതിയിരിക്കും. ഒരു മാസം ഏററവും കൂടുതൽ പോയിൻ്റ് കിട്ടുന്ന കുട്ടിയ്ക്ക് ടീച്ചറുടെ കൂടെ ലഞ്ച് കഴിക്കാം.പാച്ചു ഉത്സാഹിച്ച് പോയിൻ്റ് വാരിക്കൂട്ടി. എന്നാൽ ഇതൊന്നും നമ്മളോട് പറഞ്ഞിരുന്നില്ല. അവൻ്റെ പോയിൻ്റ് വച്ച് അവൻ്റെ ഒരു കൂട്ടുകാരനേക്കൂടി ഒപ്പം കൂട്ടാം. അതും അവൻ ഏർപ്പാടാക്കിയിരുന്നു. അപ്പഴാണ് ഇതൊന്നുമറിയാതെ അമ്മ അവനെ കൂട്ടാൻ ചെന്നത്.ആദ്യം അവൻ പോരാൻ കൂട്ടാക്കിയില്ല. പിന്നെ ടീച്ചർ നിർബ്ബന്ധിച്ച് പറഞ്ഞു വിട്ടു.അങ്ങിനെ ആ ചാൻസ് പോയി. അതിൻ്റെ വിഷമമാണ് ഈ ബഹളത്തിന് കാരണം. അവൻ സിലക്റ്റ് ചെയ്ത കൂട്ടുകാരൻ ടീച്ചറുടെ കൂടെ ലഞ്ചു കഴിക്കാൻ പോവുകയും ചെയ്തു. വീട്ടിൽ വന്ന് ബാഗ് ഒക്കെ വലിച്ചെറിഞ്ഞ് വലിയ ബഹളമായി.കരച്ചിലായി. വിവരങ്ങൾ അറിഞ്ഞപ്പോൾ അമ്മക്കും വിഷമായി. അവൻ്റെ കണ്ണീരു കണ്ടപ്പോൾ അച്ചൂ നും വിഷമമായി' അവൻ്റെ ഭാഗത്തും ന്യായമുണ്ട്. അച്ചു അമ്മയോട് ടീച്ചറെ വിളിച്ച് വേറൊരു ദിവസം സൗകര്യപ്പെടുത്താൻ പറയൂ. അവസാനം അമ്മ ടീച്ചറെ വിളിച്ചു. ടീച്ചർ പാച്ചുവിനെ നേരിട്ട് വിളിച്ചു.തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് പാച്ചുവുമായി ലഞ്ച് .അമ്മയോട് പറയൂ. അവൻ്റെ മുഖം തെളിഞ്ഞു. കണ്ണീരു തുടച്ചു. ടീച്ചർ പറഞ്ഞ കാര്യം പറഞ്ഞു.അമ്മ ടീച്ചറെ വിളിച്ച കാര്യം അവനറിഞ്ഞില്ല.

Saturday, October 21, 2023

രക്ഷകൻ [കീശക്കഥ-187] ആശുപത്രിക്കിടക്കയിലാണ്.ഹൃദയത്തിനുള്ളിൽ ഒരു ഗ് രോത്ത്' അത് ഒന്നടർന്നു പോയാൽ അപ്പം മരണം. അതു നീക്കംചെയ്യണം. ഇന്ന് പ്രസിദ്ധനായ ഒരു ഡോക്ട്ടർ വരും.അദ്ദേഹമാണ് ഓപ്പറേഷൻ ചെയ്യുക."എന്തിനാ ഈ വയസാംകാലത്ത് കത്തിവയ്ക്കുന്നത്.ഇതിങ്ങിനെ അവസാനിക്കട്ടെ. ബാക്കിയുള്ളവർക്ക് ഒരുപകാരവുമില്ലാതെ. ഉപദ്രവമായിട്ട് എത്ര കാലം."ആരു പറഞ്ഞു ഉപകാരമില്ലന്ന് 'അങ്ങയുടെ എഴുത്തുകൾ എത്ര പേർക്കാണ് ആശ്വാസവും ആനന്ദവും പകരുന്നത്. അതു നമുക്ക് തുടരാനാവണം" ഇതും പറഞ്ഞാണ് ഡോക്ടർ വന്നത്. എന്നെപ്പരിശോധിക്കാൻ വന്ന പ്രഗൽഭനായ ഡോക്ടർ.ഹരിപ്രസാദ്‌. അദ്ദേഹം ചിരിച്ചു കൊണ്ട് എന്നെപ്പരിശോധിച്ചു തുടങ്ങി .ഞാൻ ഡോക്ടറെത്തന്നെ നോക്കിയിരിക്കുകയാണ്. എവിടെയോ കണ്ടു പരിചയം. അങ്ങട് ഓർമ്മ വരുന്നില്ല." അങ്കിൾ മറന്നു;" .... ഓ...ഹരി അന്ന് എൻ്റെ ജീവൻ രക്ഷിച്ച ഹരി. അമ്പലത്തിൽ പരിപാവനമായ ഒരു ചടങ്ങ് നടക്കുകയാണു്. പെട്ടന്ന് എനിക്കൊരു നെഞ്ചുവേദന.ഈ നെഞ്ചിൻ്റെ മദ്ധ്യഭാഗത്തു നിന്ന് കഴുത്തിൻ്റെ അങ്ങോട്ട് വേദന പടരുന്നപോലെ. ഞാൻ അടുത്തുള്ള കാറിൽ ചാരി നിന്നു.ആ കാറിൽ നിന്ന് ഒരു പയ്യൻ ഇറങ്ങി വന്നു. എന്നെ താങ്ങി വണ്ടിയിൽ കിടത്തി."എന്നെ അടുത്തുള്ള ഒരാശുപത്രിയിൽ കൊണ്ടു പോകൂ. വേറെ ആരേം അറിയിക്കണ്ട. അവരുടെ സന്തോഷത്തിന് ഭംഗം വരണ്ട. ' ഉടൻ അവൻ കാറിൽക്കയറി. അവൻ തന്നെ ഓടിച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചു. നേരേ കാഷ്വാലിറ്റിയിൽ. ഉടനേE CG എടുക്കണം. ഹാർട്ട് അറ്റായ്ക്കാണന്നു തോന്നുന്നു.പത്തു മിനിട്ടു കൊണ്ടവൻ എല്ലാം എർപ്പാടാക്കി.ഓപ്പറേഷൻ വേണം. ഉടനെ അതിന് സൗകര്യമുള്ള ഒരു ഹോസ്പിറ്റലിൽ എത്തിയ്ക്കണം. പ്രധമ ശുശ്രൂഷയ്ക്ക് ശേഷം ആബുലൻസിൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക്.ഹരി അടുത്തു തന്നെയുണ്ട്.ഞാൻ എൻ്റെ മൊബൈലും പേഴ്സും ATM കാർഡും അവൻ്റെ കയ്യിൽ കൊടുത്തു. പിൻ നമ്പർ പറഞ്ഞു കൊടുത്തു.മാലയും മോതിരവും ഊരി അവനെ ഏൾപ്പിച്ചു.പിന്നെ നാൽപ്പത്തി അഞ്ച് മിനിട്ട് .ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം. ഹോസ്പിറ്റലിൽ എത്തി '. അത്യാഹിത വിഭാഗത്തിൽ .തത്ക്കാലം സ്റ്റൻ്റ് ഇടാം.കൃത്യസമയത്ത് എത്തിച്ചത് ഭാഗ്യം. പിന്നെ കണ്ണു തുറന്നപ്പോൾ ബന്ധുക്കൾ എല്ലാം അടുത്തുണ്ട്. അവനെ വിടെ: ഹരി. അവൻ എല്ലാം ഏർപ്പാടാക്കി സുരക്ഷിതമാണന്നുറപ്പു വരുത്തിയാണ് പോയത്. അച്ഛൻ്റെ ഫോണിൽ നിന്നാണ് വിളിച്ചത്. അച്ഛനേൽപ്പിച്ച തൊക്കെ എന്നെ ഏർപ്പിച്ചിട്ടുണ്ട്. അവൻ പെട്ടന്നു പോയി. അഡ്രസ് ചോദിയ്ക്കാൻ പോലും കഴിഞ്ഞില്ല. അന്ന് എൻ്റെ ജീവൻ രക്ഷിച്ച ഹരി. !" അങ്ങിനെ ഒരു ഭാഗ്യമുണ്ടായി. അന്നത്തെ ആ അനുഭവമാണ് ഈ ഫീൽഡ് തിരഞ്ഞെടുക്കാനും കാർഡിയോളജിയിൽ സ്പെഷ്യലൈയ്സ് ചെയ്യാനും പ്രചോദനമായത് "" വീണ്ടും എൻ്റെ ജീവൻ രക്ഷിയ്ക്കാനും ..ഞാൻ കൂട്ടിച്ചേർത്തു. അവൻ ചിരിച്ചു. അങ്കിൾ ഒന്നുകൊണ്ടും പേടിയ്ക്കണ്. ഇന്ന് ഇത് നിസാര ഓപ്പറേഷനാണ്. വേഗം സുഖപ്പെടും.അനസ്തേഷ്യ യോടെ മയക്കത്തിലേയ്ക്ക് വഴുതി വീണ ഞാൻ എൻ്റെരക്ഷക്ക് വീണ്ടും പ്രത്യക്ഷപ്പെട്ട ദൈവദൂതനേപ്പോലെയുള്ള ആ സോക്ട്ടറെ നോക്കിക്കൊണ്ടു തന്നെ പതുക്കെ മയക്കത്തിലേക്ക്

Friday, October 13, 2023

ആൽത്തറമേളത്തിന് വാദ്യ പ്രവീൺ ശ്രീ. ഗുരുവായൂർ ജയപ്രകാശ്. കുറിച്ചിത്താനം പുതൃക്കോവിലിലെ ആൽത്തറമേളം പ്രസിദ്ധo. തൃശൂർ പൂരത്തി'ൻ്റെ ഇലഞ്ഞിത്തറമേളം പോലെ. ഗുരുവായൂരിലെ മജുളാൽത്തറ മേളം പോലെ.തിരുവാറാട്ട് കഴിഞ്ഞ് ഭഗവാൻ ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിലുള്ള ആൽത്തറയുടെ സമീപം എത്തുമ്പോൾ ദീപക്കാഴ്ച്ചയോടെ പഞ്ചവാദ്യ അകമ്പടിയോടെ പൂതൃക്കോവിലപ്പനെ എതിരേൽക്കുന്നു. പിന്നെയാണ് പ്രസിദ്ധമായ ആൽത്തറമേളം. ഇത്തവളത്തെ മേളത്തിന് സാക്ഷാൽ ഗുരുവൂരപ്പൻ അയച്ച ശ്രീ. ഗുരുവായൂർ ജയപ്രകാശിൻ്റെ പ്രമാണത്തിലാണ് മേളം. തിരുവെങ്കിടം ഗ്രാമം അക്ഷരാർത്ഥത്തിൽ ഒരു കലാഗ്രാമമാണ്. തിരുവെങ്കിടം ഗോപി വെളിച്ചപ്പാടിൻ്റെ മകൻ പാരമ്പര്യമായി കലാപൈതൃകം ഉള്ള ചെണ്ട കലാകാരനാണ്. ക്ഷേത്രാനുഷ്ടാന കലകൾ അച്ഛനിൽ നന്നഭ്യ സിച്ചാണ് തുടക്കം. പിന്നെ ഗുരുവായൂർ ശിവരാമൻ്റെയും, കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി ആശാൻ്റെയും കീഴിൽ തായമ്പക അഭ്യസിച്ച് അരങ്ങേറി. കോട്ടയ്ക്കൽ പ്രസാദ്, പനമണ്ണ ശശി, ഗുരുവായൂർ ഗോപൻ, പേരൂർ ഉണ്ണികൃഷ്ണൻ, കോട്ടപ്പടി സന്തോഷ് എന്നിവരിൽ നിന്ന് ഈ അസുര വാദ്യത്തിൻ്റെ വിവിധ ഭാഗങ്ങൾ ഹൃദിസ്ഥമാക്കി. ഇന്ന് മദ്ധ്യകേരളത്തിലെ പ്രധാന പൂരങ്ങളിലൊക്കെ നിറസാന്നാദ്ധ്യമായി ഈ കലാകാരനെ കണ്ടിട്ടുണ്ട്. വ്യത്യസ്ഥ ശൈലിയിലുള്ള അനേകം ഗുരുഭൂതന്മാരുടെ ശിക്ഷണത്തിൽ വളർന്ന ശ്രീ.ജയപ്രകാശ് തൻ്റെതായ ഒരു നൂതന ശൈലി രൂപപ്പെടുത്തിയതായിക്കാണാം.ഗുരുവായൂർ മേളപുരസ്ക്കാരം ഉൾപ്പടെ അനേകം പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഏതാണ്ട് രണ്ടായിരത്തിൽത്താഴെ ശിഷ്യ സമ്പത്തുള്ള ഈ അനുഗ്രഹീത കലാകാരന് തെക്കൻ ഗുരുവായൂർക്ക് സ്വാഗതം. പ്രസിദ്ധമായ ആൽത്തറമേളത്തിന് കയ്യൊപ്പ് ചാർത്താൻ '

കരിയിലപ്പടകൂട്ടം [ കാനന ക്ഷേത്രം ] ഐകമത്യം മഹാബലം.ഇതറിയണമെങ്കിൽ ഈ കരിയില പ്പിടകളെ കണ്ടാൽ മതി.കൂട്ടം കൂട്ടമായി നടക്കുന്നു. കരിയിലയുടെ തവിട്ടു നിറം. അധികദൂരം പറക്കില്ല. അധിക ഉയരത്തിലും.. മണ്ണിലും, കരിയിലകൾക്കിടയിലുള്ള കൃമി കീടങ്ങളും ചിതലും ഭക്ഷണം. എന്തൊരു ചടുലമാണവയുടെ ചലനം:. ഒരു നിമിഷം വെറുതേ ഇരിക്കില്ല. കൂട്ടമായി മുറ്റത്ത് ഓടി നടക്കും. അവിടെയുള്ള ജലാശത്തിൽ തുടിച്ച് ചിറകടിച്ച് കുളിയ്ക്കും.ഈ സമയത്ത് അടുത്തുള്ള മരത്തിൽ ഒരുത്തൻകാവലുണ്ടാകും.അപകടം മണത്താൽ അവൻ മുന്നറിയിപ്പ് കൊടുക്കുo. അപ്പോൾ എല്ലാം ഒന്നിച്ചു പറന്നുയരും.. ചെറിയ മരങ്ങളിൽ അവ തോളോട് തോൾ ഉരുമ്മി ഇരിയ്ക്കo. അവയുടെ കൂടുകൾക്കും വലിയ ഭംഗിയും ഉറപ്പും ഒന്നുമില്ല. നല്ല കടും നീല നിറത്തിലുള്ള മുട്ടയാണ്.ഇതു വിരിയുന്നയുന്നത് വരെ അവരേ സംരക്ഷിക്കണ്ട ഉത്തരവാദിത്വം മററുള്ളവർ ഏറ്റെടുക്കും. മനുഷ്യന് ഉപകാരമുള്ള ഈ കരിയിലക്കിളികളിൽ നിന്ന് നമുക്ക് ഒരു പാട് കാര്യം പഠിയ്ക്കാനുണ്ട്. ഈ കാനനക്ഷേത്രത്തിനെ ചലനാൽ ന്മ കമാക്കുന്നത് ഈ കരിയിലക്കിളികൾആണ് .

Monday, October 9, 2023

ഹിഡുoബൻ എന്ന ഉടുമ്പ് [കാനന ക്ഷേത്രം - 3] അഞ്ചടിയൊളം നീളം. പടച്ചട്ട പോലത്ത തൊലി.രണ്ടായി പ്പിളർന്ന നീളമുള്ള നാവ്. കാലുകളിൽ കൂർത്ത് മൂർത്തനങ്ങൾ. രാജകീയ നടത്തം. ഒറ്റനോട്ടത്തിൽ ഒരു ഭീകരജീവി .കാനനക്ഷേത്രത്തിലെ അന്തേവാസിയാണ്.ഒരു മിത്രകീടം. എലിയേയും തവളയേയും, പാമ്പിനേം പിടിക്കും. മനുഷ്യന് ഒരു പന്ദ്രവവും ചെയ്യില്ല. ചിലപ്പോൾ അവൻ നാലുകെട്ടിനകത്തേയ്ക്കും കയറും. വരണാസ് എന്ന ജനുസ്സിൽപ്പെട്ടവനാണവൻ. അവൻ്റെ മുൻ തലമുറയേപ്പറ്റി വീരകഥകൾ അനവധി.ശിവാജിയേ ശത്രുക്കളുടെ കോ-ട്ട കടക്കാൻ സഹായിച്ച "യശ്വന്തി " എന്ന ഉടുമ്പിൻ്റെ പിൻമുറക്കാരനാണന്നാണൻ്റെ ഭാരം. കണ്ണു പോലെ തന്നെ മൂക്കും അടയ്ക്കാനും തുറക്കാനും പറ്റും.ഏതു മരത്തിലും വലിഞ്ഞു കയറും. വവ്വാലിനെ വരെ പ്പിടിക്കും. അവൻ്റെ അടുത്ത് ചെന്ന് ഫോട്ടോ എടുക്കാൻ ചെന്നാൽ അവൻ പോസ് ചെയ്തു തരും.

Saturday, October 7, 2023

അണ്ണാറക്കണ്ണൻ [ കാനന ക്ഷേത്രം - 2 ] തുളസിത്തറയിലെ വിളക്ക് വച്ചാൽ ഉടൻ എണ്ണ മുഴുവൻ കുടിക്കുന്ന കറപ്പൻ എന്ന കാക്കയെപ്പറ്റിപ്പറഞ്ഞല്ലോ? അങ്ങിനെയാണ് പൂമുഖത്തിനു മുമ്പിൽ ഒരു തൂക്ക് വിളക്ക് പിടിപ്പിച്ചത്. അതിലിരിയ്ക്കാൻ സ്ഥലമില്ലാത്തതു കൊണ്ടവൻ്റെ പരിപാടി നടക്കില്ല. അപ്പഴാണ് വേറൊരവതാരം. മോട്ടു എന്ന കാനനക്ഷേത്രത്തിലെ അരുമ ആയ അണ്ണാറക്കണ്ണൻ. ഒരു ദിവസം അവൻ തൂക്കുവിളക്കിൽക്കൂടി താഴേക്കിറങ്ങി വരുന്നു. അവൻ്റെയും ലക്ഷ്യം വിളക്കിലെ എണ്ണ തന്നെ .'അവൻ ആ ചങ്ങലയിൽ തൂങ്ങിക്കിടന്നു കൊണ്ട് തന്നെ ആ എണ്ണ മുഴുവൻ കുടിച്ചു തീർത്തു. വീഡിയോയിൽ പ്പകർത്താൻ തയാറായിപ്പൊയ ഞാൻ അതു പോലും മറന്നു പോയി. അത്രയ്ക്ക് കൗതുകമായിരുന്നു ആ കാഴ്ച്ച. മോട്ടു മാത്രമല്ല ചിലപ്പോൾ അവൻ പരിവാരസമേതം വരും.ഛിൽ '..ഛിൽ ശബ്ദം കേൾപ്പിച്ച് വാലിട്ടിളക്കി ഡാൻസ് കളിച്ചാണവയുടെ വരവ്. പക്ഷേ അവൻ്റെ നീക്കങ്ങൾ വളരെ ശ്രദ്ധയോടെയാണ്. ശത്രുക്കളെ കണ്ടാൽ വാലിട്ടിളക്കി ശബ്ദമുണ്ടാക്കി അവൻ കൂട്ടുകാർക്ക് മുന്നറിയിപ്പ് കൊടുക്കും.നിമിഷ നേരം കൊണ്ട് അവൻ മരക്കൊമ്പുകളിൽക്കൂടി ച്ചാടി ഉയരത്തിലെത്തും. അവനെ ഒന്നു തൊടാൻ പോലും കിട്ടില്ല. പിന്നേയും ശത്രുക്കൾ പിന്തുടർന്നാൽ വാല് പാരച്ചൂട്ടു പോലെ വിടർത്തി താഴേക്ക് ഒരൊറ്റ ചാട്ടമാണ്.ഒരു സുരക്ഷിത ലാൻ്റിഗ്. . കാനനക്ഷേത്രത്തിലെ കായ്കനികളുടെഎല്ലാം നേരവകാശി അവരാണന്നാണവൻ്റെ ഭാവം.ഞങ്ങളതനുവദിച്ചു കൊടുക്കും. അവനും കൂടി ഉള്ളതാണല്ലോ ഈ ഭൂമി. പക്ഷേ ചിലപ്പോൾ അതിരു കടക്കും. എല്ലാം പകുതി കടിച്ച് അവൻ അവകാശം സ്ഥാപിക്കും. സീസണിൽ അവൻ പഞ്ഞമാസത്തിലേയ്ക്കുള്ള വിത്തുകളും പരിപ്പും മണ്ണിൽ കുഴിയുണ്ടാക്കി സൂക്ഷിച്ചുവയ്ക്കും. അത് പിന്നീട് എടുക്കാൻ മറന്നാൽ അതവിടെക്കിടന്ന് മുളയ്ക്കും. അവനും ഞങ്ങൾ ആഹാരം കൊടുക്കും. അവനു മാത്രം അവകാശപ്പെട്ട ഒരു സ്ഥലമുണ്ട്. അവിടെ വച്ചാൽ വേറെ ആരും എടുക്കില്ല. അത് കാടിൻ്റെ നിയമമാണ്.സേതുബന്ധന സമയത്ത് ശ്രീരാമചന്ദ്രൻ അവൻ്റെ പുറത്തു തലോടിയപ്പോൾ ഉണ്ടായതാണാ മനോഹരമായ വരകൾ എന്നവൻ അഹങ്കരിക്കുന്ന പോലെ തോന്നി. ചിലപ്പോൾ അവൻ ആധികാരികമായി നാലുകെട്ടിലേക്ക് കയറി വരും., പണ്ടു കുട്ടിക്കാലത്ത് മാമ്പഴം പറിച്ചുതന്നതിൻ്റെ നന്ദിഞങ്ങൾ ഈ തലമുറയോടും കാണിക്കുന്നു. ഞങ്ങൾ ഒരിയ്ക്കലും അവയെ ഉപദ്രവിക്കാറില്ല..

Tuesday, October 3, 2023

എൻ്റെ പ്രിയ സുഹൃത്ത് സന്തോഷ് കുളങ്ങരയുമായി... എൻ്റെ ."ദൂബായി ഒരത്ഭുതലോകം .": എന്ന യാത്രാവിവരണത്തിന് അവതാരിക തന്നത് ശ്രീ സന്തോഷ് കുളങ്ങരയാണ്. യാത്രാവിവരണങ്ങളെ വിലയിരുത്താൻ അദ്ദേഹത്തേപ്പോലെ വേറൊരാളെപ്പറയാനില്ല.അദ്ദേഹത്തെ കാണണം. പുസ്തകം കൊടുക്കണം. നന്ദി അറിയിയ്ക്കണം. ഇന്നലെ അവധി ദിവസമായിരുന്നു. ഓഫീസിൽ അദ്ദേഹം മാത്രം. ഒരു തിരക്കമില്ലാതെ ആ പ്രതിഭാധനനുമായി കുറേ സമയം പങ്കിട്ടു.ഇത്ര അധികം അർപ്പണബോധമുള്ള, കാഴ്ച്ചപ്പാടുള്ള അദ്ദേഹവുമായ ആ കൂടിക്കാഴ്ച്ച ഒരു വല്ലാത്ത പോസിറ്റീവ് എനർജിയാണ് എനിക്കു തന്നത്. ഒപ്പം ഒത്തിരി പാഠങ്ങളും. നമ്മളൊക്കെ എന്തുമാത്രം സമയമാണ് ജീവിതത്തിൽ നഷ്ടപ്പെടുത്തുന്നതെന്ന് അദ്ദേഹത്തിൻ്റെ ദിനചര്യ കേട്ടപ്പഴാണ് മനസിലായത്. ഏതാണ്ട് ഒരു ദിവസം പത്തൊമ്പതു മണിക്കൂറും കർമ്മനിരതനാണദ്ദേഹം.മനസുകൊണ്ട് ഒരായിരം തവണ നമസ്ക്കരിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്.