Saturday, October 7, 2023

അണ്ണാറക്കണ്ണൻ [ കാനന ക്ഷേത്രം - 2 ] തുളസിത്തറയിലെ വിളക്ക് വച്ചാൽ ഉടൻ എണ്ണ മുഴുവൻ കുടിക്കുന്ന കറപ്പൻ എന്ന കാക്കയെപ്പറ്റിപ്പറഞ്ഞല്ലോ? അങ്ങിനെയാണ് പൂമുഖത്തിനു മുമ്പിൽ ഒരു തൂക്ക് വിളക്ക് പിടിപ്പിച്ചത്. അതിലിരിയ്ക്കാൻ സ്ഥലമില്ലാത്തതു കൊണ്ടവൻ്റെ പരിപാടി നടക്കില്ല. അപ്പഴാണ് വേറൊരവതാരം. മോട്ടു എന്ന കാനനക്ഷേത്രത്തിലെ അരുമ ആയ അണ്ണാറക്കണ്ണൻ. ഒരു ദിവസം അവൻ തൂക്കുവിളക്കിൽക്കൂടി താഴേക്കിറങ്ങി വരുന്നു. അവൻ്റെയും ലക്ഷ്യം വിളക്കിലെ എണ്ണ തന്നെ .'അവൻ ആ ചങ്ങലയിൽ തൂങ്ങിക്കിടന്നു കൊണ്ട് തന്നെ ആ എണ്ണ മുഴുവൻ കുടിച്ചു തീർത്തു. വീഡിയോയിൽ പ്പകർത്താൻ തയാറായിപ്പൊയ ഞാൻ അതു പോലും മറന്നു പോയി. അത്രയ്ക്ക് കൗതുകമായിരുന്നു ആ കാഴ്ച്ച. മോട്ടു മാത്രമല്ല ചിലപ്പോൾ അവൻ പരിവാരസമേതം വരും.ഛിൽ '..ഛിൽ ശബ്ദം കേൾപ്പിച്ച് വാലിട്ടിളക്കി ഡാൻസ് കളിച്ചാണവയുടെ വരവ്. പക്ഷേ അവൻ്റെ നീക്കങ്ങൾ വളരെ ശ്രദ്ധയോടെയാണ്. ശത്രുക്കളെ കണ്ടാൽ വാലിട്ടിളക്കി ശബ്ദമുണ്ടാക്കി അവൻ കൂട്ടുകാർക്ക് മുന്നറിയിപ്പ് കൊടുക്കും.നിമിഷ നേരം കൊണ്ട് അവൻ മരക്കൊമ്പുകളിൽക്കൂടി ച്ചാടി ഉയരത്തിലെത്തും. അവനെ ഒന്നു തൊടാൻ പോലും കിട്ടില്ല. പിന്നേയും ശത്രുക്കൾ പിന്തുടർന്നാൽ വാല് പാരച്ചൂട്ടു പോലെ വിടർത്തി താഴേക്ക് ഒരൊറ്റ ചാട്ടമാണ്.ഒരു സുരക്ഷിത ലാൻ്റിഗ്. . കാനനക്ഷേത്രത്തിലെ കായ്കനികളുടെഎല്ലാം നേരവകാശി അവരാണന്നാണവൻ്റെ ഭാവം.ഞങ്ങളതനുവദിച്ചു കൊടുക്കും. അവനും കൂടി ഉള്ളതാണല്ലോ ഈ ഭൂമി. പക്ഷേ ചിലപ്പോൾ അതിരു കടക്കും. എല്ലാം പകുതി കടിച്ച് അവൻ അവകാശം സ്ഥാപിക്കും. സീസണിൽ അവൻ പഞ്ഞമാസത്തിലേയ്ക്കുള്ള വിത്തുകളും പരിപ്പും മണ്ണിൽ കുഴിയുണ്ടാക്കി സൂക്ഷിച്ചുവയ്ക്കും. അത് പിന്നീട് എടുക്കാൻ മറന്നാൽ അതവിടെക്കിടന്ന് മുളയ്ക്കും. അവനും ഞങ്ങൾ ആഹാരം കൊടുക്കും. അവനു മാത്രം അവകാശപ്പെട്ട ഒരു സ്ഥലമുണ്ട്. അവിടെ വച്ചാൽ വേറെ ആരും എടുക്കില്ല. അത് കാടിൻ്റെ നിയമമാണ്.സേതുബന്ധന സമയത്ത് ശ്രീരാമചന്ദ്രൻ അവൻ്റെ പുറത്തു തലോടിയപ്പോൾ ഉണ്ടായതാണാ മനോഹരമായ വരകൾ എന്നവൻ അഹങ്കരിക്കുന്ന പോലെ തോന്നി. ചിലപ്പോൾ അവൻ ആധികാരികമായി നാലുകെട്ടിലേക്ക് കയറി വരും., പണ്ടു കുട്ടിക്കാലത്ത് മാമ്പഴം പറിച്ചുതന്നതിൻ്റെ നന്ദിഞങ്ങൾ ഈ തലമുറയോടും കാണിക്കുന്നു. ഞങ്ങൾ ഒരിയ്ക്കലും അവയെ ഉപദ്രവിക്കാറില്ല..

No comments:

Post a Comment