Wednesday, September 13, 2023
തെക്കൻ ഗുരുവായൂരിലെ ഏകാദശി വിളക്ക്. കോട്ടയം ജില്ലയിലെ കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം. തെക്കൻ ഗുരുവായൂർ എന്നു പുകൾപെറ്റ ശ്രീകൃഷ്ണ ക്ഷേത്രം. എല്ലാ ച്ചടങ്ങുകൾക്കും ഉത്സവത്തിനു പോലും ഗുരുവായൂർ അമ്പലവുമായി സാമ്യമുണ്ട്. ഗുരുവായൂർ ഏകാദശി വിളക്കാണ് ഇവിടെയും പ്രധാന ഉത്സവം. എട്ടു ദിവസത്തെ ഉത്സവത്തിന് ആറാട്ടിന് തലേ ദിവസമാണ് ഏകാദശി വിളക്ക്. ആദ്യഭാഗവതസത്രവും ഇരുപത്തി അഞ്ചാമത് സത്രവും ഈ സന്നിധിയിൽ ആണ് നടന്നത്.ഒരു മഹാ ക്ഷേത്രത്തിൻ്റെ എല്ലാ ചാരുതയും ഈ ഉത്സവച്ചടങ്ങുകളിൽ നമുക്ക് ദർശിക്കാം. തെക്കൻ ജില്ലകളിൽ ചിട്ട ആയമേളത്തിന് തുടക്കം കുറിച്ചത് ഇവിടെ ആയിരുന്നു. പഞ്ചവാദ്യവും, പഞ്ചാരിയും, പാണ്ടിയും പിന്നെ തായമ്പകയും. എല്ലാവർഷവും എണ്ണം പറഞ്ഞ കലാകാരന്മാരാണ് ഇവിടെ വരാറുള്ളത്.ഈ ഉത്സവത്തിൻ്റെ കലാവേദി ഐശ്വര്യമുള്ളതാണ് എന്നു കലാകാരന്മാർക്ക് ഒരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഇവിടന്ന് ഒന്നര കിലോമീറ്റർ അകലെ മണ്ണയ്ക്ക നാട് ജലാധി വാസഗണപതിയുടെ പുണ്യതീർത്ഥത്തിലാണ് പൂതൃക്കോവിലപ്പൻ്റെ ആറാട്ട്. തിരുവാറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ദീപം കൊളുത്തി നിറപറയോടെ ഭക്തജനങ്ങൾ എതിരേക്കുന്നു. ആറാട്ട് കടവു മുതൽ അമ്പല നട വരെ ആറായിരം ദീപങ്ങൾ! ഭക്തജനങ്ങളും ഗ്രാമവാസികളും ഉത്സവത്തെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment