Saturday, May 20, 2023

അച്ചൂന് ബാങ്ക് അക്കൗണ്ട് വേണ്ട [ അച്ചു ഡയറി-505] മുത്തശ്ശാ എൻ്റെ പല കൂട്ടുകാർക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. എ ടി എം കാർഡും. പേരൻസ് അക്കൗണ്ടിൽ ക്യാഷ് ഇട്ടു കൊടുക്കും.അവർക്ക് സ്വതന്ത്രമായി ഉപയോഗിക്കാം. പലരും കൃത്യമായി കണക്കെഴുതി അച്ഛനമ്മമാരെ അറിയിക്കും. ചിലർ ക്യാഷ് ലാവിഷ് ആയി ചെലവാക്കുന്നത് കണ്ടാൽ അച്ചൂന് അൽഭുതം തോന്നും. പക്ഷേ പൂരിപക്ഷവും സൂക്ഷിച്ച് ചെലവാക്കുന്നവരാണ്.ഇവിടെ സ്ക്കൂളിൽ അത് പഠിപ്പിക്കുന്നുണ്ട്. അച്ചൂന് ഒരക്കൗണ്ട് തുടങ്ങി അച്ചുവിനും പാച്ചുവിനും ആവശ്യമുള്ളത് അതിലിടാം. അച്ഛൻ പറഞ്ഞതാണ്.കണക്ക് സൂക്ഷിച്ചാൽ മതി.അച്ചുവേണ്ടന്നു പറഞ്ഞു. ക്യാഷിന് ബുദ്ധിമുട്ട് വന്ന് കൂട്ടുകാർ ചോദിച്ചാൽ അച്ചുവിന് നോ പറയാൻ പറ്റില്ല. അതുപോലെ കൂടുതൽ ചെലവാക്കാനും തോന്നും. പിന്നെ പാച്ചൂനും കൂടി ഉള്ളതാണങ്കിൽ അവനെന്നെ നിലം തൊടീക്കില്ല. അത് വേണ്ട.സ്ക്കൂളിൽ ക്യാൻറീനിൽ മണി ബാങ്കുണ്ട് അത്യാവശ്യം വന്നാൽ ആഹാരംകഴിക്കാൻ വേണ്ടി. അച്ചൂനും പാച്ചൂനും പ്രത്യേകം അകൗണ്ട് ഉണ്ട്. നിവർത്തിയുണ്ടങ്കിൽ അച്ചു കഴിക്കാറില്ല. പാച്ചൂ നേരേമറിച്ചാണ്. അവനിഷ്ട്ടമുള്ളതൊക്കെ വാങ്ങിക്കഴിക്കും. ആവശ്യമുള്ളപ്പോൾ അച്ഛനോട് ചോദിച്ചു വാങ്ങുന്നതാണ് അച്ചൂനിഷ്ടം. കൂട്ടുകാർ എന്നെ കളിയാക്കും.പാച്ചുവും കൂടെക്കൂടും. പക്ഷേ അച്ചു കണക്കുകൾ കൃത്യമായി എഴുതി വയ്ക്കും. കണക്ക് എഴുതുമ്പോഴേ അനാവശ്യമായി വന്ന അധിക ചെലവ് നമുക്ക് മനസ്സിലാകൂ

No comments:

Post a Comment