Friday, May 26, 2023
കൃഷ്ണ കിരീടം. :[കീശക്കഥ-182]: " അച്ഛൻ്റെ കഥകളിക്കോപ്പുകൾ വിലയ്ക്ക് കൊടുക്കുമോ.?ജീവിതകാലം മുഴുവൻ കളിക്കൊപ്പ് നിർമ്മാണത്തിലായിരുന്നു അച്ഛൻ.ജീവിത സായാഹ്നം വരെ പട്ടിണിയും പരിവട്ടവും.മനയോല തേച്ച മുഖങ്ങളിൽ നവരസങ്ങൾ ആടിതിമിർക്കമ്പോൾ ആരും ആ കോപ്പ് നിർമ്മിച്ച ആളേപ്പററി ചിന്തിക്കൂ കപോലുമുണ്ടായില്ല. കിരീടത്തിന് ദശമൂലത്തിലെ കുമിൾ ആണുപയോഗിക്കുക. പിന്നെ കല്ലുകൾ വർണ്ണപ്പൊട്ടുകൾ, പീലിത്തണ്ട് പശ ഇവയൊക്കെ സംഘടിപ്പിക്കാൻ അച്ഛൻ പെട്ട പാടുകൾ എനിയ്ക്കറിയാം. കലാകാരന്മാരെയും കഥാപാത്രങ്ങളെയും അണിയിച്ചൊരുക്കുമ്പഴും ആഹാരത്തിനുള്ള വക പോലും കിട്ടിയിരുന്നില്ല. കൃഷ്ണ മുടി, മഹർഷി മുടി, കുട്ടിച്ചാമരം ഒക്കെ ആ കരവിരുതിൽ മനോഹരമായി ഒരുങ്ങി.അതിനിടെ അരങ്ങിൽതിരിശീല പിടിക്കാനും കൂടും. അവസാനം വയ്യാതായപ്പോൾ ആരും സഹായിക്കാനില്ലായിരുന്നു. രോഗം മൂർച്ഛിച്ച സമയത്തും ആ കോപ്പുകളുടെ നടുക്കുള്ള ആ പഴയ കട്ടിലിലേ അച്ഛൻകിടക്കൂ."അച്ഛാ ഇവ കൊടുക്കട്ടെ അച്ഛൻ്റെ ചികിത്സക്കുള്ള കാശെങ്കിലുമാകുമല്ലോ " അച്ഛൻ്റെ കണ്ണിലെ കണ്ണുനീർ ഞാൻ കണ്ടില്ലന്നു നടിച്ചു.അച്ഛൻ പതുക്കെ കയ്യുയർത്തി ആ കൃഷ്ണ കിരീടം കയ്യിലെടുത്തു."ഇതൊഴിച്ച് എല്ലാം കൊടുത്തോളൂ. ഇതു മാത്രം.... ഇത് മഹാരാജാവ് കൽപ്പിച്ചു തന്നതാണ്." അച്ഛൻ എന്നെ ദയനീയമായി നോക്കി.അതൊഴിച്ച് ബാക്കി എല്ലാം അവർ നല്ല വില തന്നെടുത്തു. കാശ് എണ്ണി വാങ്ങുമ്പോൾ എൻ്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ആ കൃഷ്ണ കിരീടവും കെട്ടിപ്പിടിച്ച് അച്ഛൻ്റെ ആ മുഖം മറക്കില്ല. രൂപാ മുഴുവൻ ഞാൻ അച്ഛൻ്റെ കാൽക്കൽ വച്ചു. "എൻ്റെ ജീവൻ്റെ വില ... സാരമില്ല. നീ ഇതൊരിക്കലും കൈവിട്ട കളയരുത്. അത് നിനക്ക് ഭാഗ്യം കൊണ്ടുവന്നു തരും " ആ വിറക്കുന്ന കൈ കൊണ്ട് ആ കഷ്ണ കിരീടം എൻ്റെ കയ്യിൽത്തന്നു. ആ ദുർബലമായ കൈകൾ എൻ്റെ തലയിൽ വച്ചു.ഒരെക്കിൾ ആ ശരീരം ഒന്നു വിറച്ചു. ആ ശ്വാസം നിലച്ചു.താനുണ്ടാക്കിയ ദൈവങ്ങളുടെ അടുത്തേയ്ക്ക് അച്ഛൻ്റെ ആൽമ്മാവ് പറന്നകന്നിരുന്നു. നീണ്ട പത്തുവർഷം കടന്നു പോയി.ആ കൃഷ്ണമുടി ഇന്നും അലമാരിയുടെ മുകളിൽ വച്ചിട്ടുണ്ട്. ഞാനത് സാവധാനം കയ്യിലെടുത്തു. അതു മുഴുവൻ ചിതലെടുത്തിരുന്നു. എൻ്റെ കയ്യിൽ നിന്നും അത് താഴെ വീണു അത് പല കഷ്ണങ്ങളായി ചിതറിത്തെറിച്ചു.അതിലെ ഒരു നീലക്കല്ല് തെറിച്ച് എൻ്റെ കാൽക്കൽ വീണു. ഞാൻ സാവധാനം അത് കയ്യിലെടുത്തു. കഴുകിത്തുടച്ചപ്പൊൾ അത് വെട്ടിത്തിളങ്ങി. അത് അമൂല്യമായ ഒരു രത്നമായിരുന്നു. വില നിർണ്ണയിക്കാൻ പറ്റാത്ത രത്നം ! ഇതു നിൻ്റെ ഭാഗ്യമാണ് കൈവിട്ട് കളയരുത്. അച്ഛൻ പറഞ്ഞതോർത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment