Saturday, April 22, 2023

അച്ചു നാട്ടിലെ ചക്കപ്പഴം സ്വപ്നം കണ്ടു [അച്ചു ഡയറി-503] മുത്തശ്ശാ അച്ചു നാട്ടിൽ വന്ന് ചക്കപ്പഴം കഴിക്കുന്നത് സ്വപ്നം കണ്ടു. കൊതി ആയി മുത്തശ്ശാ.കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ തേൻവരിക്കയുടെ ചക്കപ്പഴം തുണ്ടമാക്കി കൂഞ്ഞില് ചെത്തി മുത്തശ്ശൻ മുമ്പിൽ ക്കൊണ്ടുവച്ചു തന്നു. എല്ലാവരും വട്ടത്തിലിരുന്ന് ചക്കപ്പഴം തിന്നത് ഇന്നും ഓർക്കുന്നു. പക്ഷേ കൂഴച്ചക്കയുടെ പഴം കഴിക്കാൻ അച്ചൂന് പേടിയാ.തൊണ്ണയിൽ കുടുങ്ങും. ചക്ക കൊണ്ട് അമ്മമ്മ എന്തെല്ലാം വെറൈറ്റി ഫുഡ് ആണ് ഉണ്ടാകുന്നത്.ശർക്കരയും അരിപ്പൊടിയും ചേർത്ത് ചക്കപ്പഴം അരച്ച് ഒരു അടയുണ്ടാക്കും. പറമ്പിൽ നിന്ന് പറിക്കുന്ന ഒരു പ്രത്യേക ഇലയിലാണ് പരത്തുന്നത്. എന്നിട്ട് മടക്കി അതിൻ്റെ ഞ ട്ടു കൊണ്ട് തന്നെ ലോക്ക് ചെയ്യുന്നു.എന്നിട്ട് ആവിയിൽ വേവിച്ചെടുക്കുന്നു. എന്തൊരു സ്വാദാണ്. ആ ഇല ഔഷധ ഗുണം ഉള്ളതാണത്രേ.അച്ചൂ നാട്ടിലെ പ്രിപ്പറേഷൻ്റെ വെറൈറ്റി കണ്ട് അൽഭുതപ്പെട്ടിട്ടുണ്ട്. ചക്കപ്പപ്പടം അമ്മമ്മയുടെ സ്പെഷ്യലാണ്. ചക്കക്കുരു തീയിലിട്ട് ചുട്ടെടുത്ത് തരും. നല്ല ദ്വാദാണ്. പക്ഷേ ചിലപ്പോൾ അത് പൊട്ടിത്തെറിക്കും. എനിയ്ക്കൽ ഭൂതം തോന്നുന്നത് അതല്ല. ഈ റബർ വയ്ക്കുന്നതിന് പകരം പ്ലാവ് തോട്ടം പോലെ വച്ചുപിടിപ്പിക്കാത്തതെന്താ. കൃഷി ചെയ്യുമ്പോൾ ആഹാരത്തിനുള്ളത് കൃഷി ചെയ്യുന്നതല്ലേ നല്ലതെന്ന് അച്ചൂന് തോന്നുന്നു. മുഴുവൻ റബർ വച്ച് അത് വിറ്റു കിട്ടുന്ന കാശു കൊണ്ട് ആവശ്യമുള്ള തൊക്കെ വാങ്ങി ജീവിക്കുക. അതാണ് എളുപ്പം അല്ലേ മുത്തശ്ശാ. ചക്കയ്ക്കും നാട്ടിൽ നല്ല വിലയുണ്ടന്നച്ഛൻ പറഞ്ഞു. എന്നാൽ അതുപോരേ മുത്തശ്ശാ. പ്രഡ്ജിൽ ഇന്നും മുത്തശ്ശൻ വരട്ടിക്കൊടുത്തയച്ച ചക്ക ഉണ്ട്.അച്ചു ഇടക്കെടുത്തു കഴിയ്ക്കും നാട്ടിലേക്ക് വരാൻ തോന്നണു മുത്തശ്ശാ.....

No comments:

Post a Comment