Friday, April 28, 2023

അർദ്ധനാരീശ്വരൻ [കീശക്കഥകൾ - 179]നീണ്ട അമ്പതു വർഷം മുമ്പ്. അന്നാണവൾ എൻ്റെ വാമഭാഗമായത്.''സഹധർമ്മം ചരത: "അച്ഛൻ്റെ ആശീർവാദം. അഗ്നിസാക്ഷി ആയി എൻ്റെ ഇടതു വശം ചേർന്നിരിക്കുമ്പോൾ രണ്ടാളും ഒരാളായി താദാത്മ്യം പ്രാപിച്ച പോലെ. അവൾ എന്നിൽ ലയിച്ചു ചേർന്ന പോലെ.അതു പോലെ ഞാനും. ജീവിതത്തിൻ്റെ ഏകത്വഭാവത്തിൻ്റെ പ്രതീകമായ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ അലിഞ്ഞ പോലെ. വിപരീത ശക്തികളുടെ ഒരൈയ്ക്യം അവിടെ സംഭവിച്ച പോലെ. തികച്ചും വ്യത്യസ്ഥ സ്വഭാവമായിരുന്നു നമ്മൾ എങ്കിലും ഒന്നായി ഒന്നിച്ച് ഉമാമഹേശ്വരന്മാരായിത്തുടർന്നു.അവളുടെ വേദന എന്നേയും വേദനിപ്പിച്ചു. മറിച്ചും. ആ വിപരീത ശക്തികളുടെ ഐക്യത്തിൽ കുഞ്ഞുങ്ങൾ ഉണ്ടായി. അവരെ വളർത്തി വലുതാക്കി.ദൂരെ ദൂരെ വലിയ മരക്കൊമ്പുകൾ നോക്കി അവർ പറന്നകന്നപ്പോൾ ഞങ്ങൾ ഒന്നിച്ചാഹ്ലാദിച്ചു. ദു:ഖിച്ചതും ഉന്നിച്ചായിരുന്നു. ഇന്ന് ഏകാന്തതയുടെ തടവുകാരായി. ആരും കൂട്ടില്ലാതെ. അർദ്ധനാരീശ്വരൻ ആയതിനാൽ രണ്ടു പേരില്ല. ഒരാളായി ജീവിച്ചു. അതാണ് ഏകാന്തത ആയത്. അന്യോന്യം പങ്കിടാൻ എനിക്കു മാത്രം ഒരു ദു:ഖമില്ലായിരുന്നു. അർദ്ധനാരീശ്വരന്മാർക്ക് ദുഖം പങ്കിടാനാകില്ല. സന്തോഷവും.രണ്ടു ദു:ഖമില്ല. രണ്ടു സന്തോഷമില്ല. പിന്നെപ്പങ്കിട്ടാശ്വസിക്കണമെങ്കിൽ വേറൊരാൾവേണം. ജീവിതത്തിൽ ഒരാളായി ജീവിയ്ക്കാൻ ഞങ്ങൾക്ക് പറ്റില്ല. അതു കൊണ്ടു തന്നെ മരിയ്ക്കാനും .അങ്ങിനെ അമരന്മാരായി, അർദ്ധനാരീശ്വരനായി അനന്തകാലം. പ്രകൃതിയിൽ ലയിച്ചു ചേരുന്നിടം വരെ.

No comments:

Post a Comment