Friday, April 28, 2023
അർദ്ധനാരീശ്വരൻ [കീശക്കഥകൾ - 179]നീണ്ട അമ്പതു വർഷം മുമ്പ്. അന്നാണവൾ എൻ്റെ വാമഭാഗമായത്.''സഹധർമ്മം ചരത: "അച്ഛൻ്റെ ആശീർവാദം. അഗ്നിസാക്ഷി ആയി എൻ്റെ ഇടതു വശം ചേർന്നിരിക്കുമ്പോൾ രണ്ടാളും ഒരാളായി താദാത്മ്യം പ്രാപിച്ച പോലെ. അവൾ എന്നിൽ ലയിച്ചു ചേർന്ന പോലെ.അതു പോലെ ഞാനും. ജീവിതത്തിൻ്റെ ഏകത്വഭാവത്തിൻ്റെ പ്രതീകമായ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ അലിഞ്ഞ പോലെ. വിപരീത ശക്തികളുടെ ഒരൈയ്ക്യം അവിടെ സംഭവിച്ച പോലെ. തികച്ചും വ്യത്യസ്ഥ സ്വഭാവമായിരുന്നു നമ്മൾ എങ്കിലും ഒന്നായി ഒന്നിച്ച് ഉമാമഹേശ്വരന്മാരായിത്തുടർന്നു.അവളുടെ വേദന എന്നേയും വേദനിപ്പിച്ചു. മറിച്ചും. ആ വിപരീത ശക്തികളുടെ ഐക്യത്തിൽ കുഞ്ഞുങ്ങൾ ഉണ്ടായി. അവരെ വളർത്തി വലുതാക്കി.ദൂരെ ദൂരെ വലിയ മരക്കൊമ്പുകൾ നോക്കി അവർ പറന്നകന്നപ്പോൾ ഞങ്ങൾ ഒന്നിച്ചാഹ്ലാദിച്ചു. ദു:ഖിച്ചതും ഉന്നിച്ചായിരുന്നു. ഇന്ന് ഏകാന്തതയുടെ തടവുകാരായി. ആരും കൂട്ടില്ലാതെ. അർദ്ധനാരീശ്വരൻ ആയതിനാൽ രണ്ടു പേരില്ല. ഒരാളായി ജീവിച്ചു. അതാണ് ഏകാന്തത ആയത്. അന്യോന്യം പങ്കിടാൻ എനിക്കു മാത്രം ഒരു ദു:ഖമില്ലായിരുന്നു. അർദ്ധനാരീശ്വരന്മാർക്ക് ദുഖം പങ്കിടാനാകില്ല. സന്തോഷവും.രണ്ടു ദു:ഖമില്ല. രണ്ടു സന്തോഷമില്ല. പിന്നെപ്പങ്കിട്ടാശ്വസിക്കണമെങ്കിൽ വേറൊരാൾവേണം. ജീവിതത്തിൽ ഒരാളായി ജീവിയ്ക്കാൻ ഞങ്ങൾക്ക് പറ്റില്ല. അതു കൊണ്ടു തന്നെ മരിയ്ക്കാനും .അങ്ങിനെ അമരന്മാരായി, അർദ്ധനാരീശ്വരനായി അനന്തകാലം. പ്രകൃതിയിൽ ലയിച്ചു ചേരുന്നിടം വരെ.
Wednesday, April 26, 2023
പാച്ചൂസ് ഫാം ഹൗസ് [ അച്ചു ഡയറി-504] മുത്തശ്ശാ ഞങ്ങളുടെ കോർട്ട് യാർഡ് മുഴുവൻ ഫെൻസിഗ്ചെയ്തു. അവിടെ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കണം. മഞ്ഞുകാലത്തിനു മുമ്പ് വിളവെടുക്കാൻ പാകത്തിനു്. മുഴുവൻ കിളച്ച് തടമെടുത്തു.കൃഷിക്കായി ഒരുക്കിയിട്ടു.: അപ്പഴാണ് പാച്ചു പറയുന്നത് ബാക്കി അവൻ ചെയ്തു കൊള്ളാമെന്ന്.അതായത് പാച്ചൂൻ്റെ ഫാം ഹൗസ്.ഇപ്പോൾ അവൻ സമയം കിട്ടുമ്പഴൊക്കെ അതിൻ്റെ പുറകെ ആണ് .എന്തെങ്കിലും ഹെൽപ്പ് നിൻ്റെ ഫാം ഹൗസിന് വേണമെങ്കിൽ പറഞ്ഞാൽ മതി. ഞങ്ങൾ ചെയ്തു തരാം .ഇപ്പോൾ വലിയ പണി ക ളൊക്കെ അവൻ നമ്മളെ കൊണ്ടാ ചെയ്യിക്കുന്നേ. അവൻ എവിടം വരെ പോകും എന്നു നോക്കാം.. അവൻ ഒരു ബോർഡ് എഴുതി അതിനു നടുക്ക് വച്ചു. "പാച്ചൂസ് ഫാം ഹൗസ് ". പക്ഷേ അവൻ്റെ ഇൻഷ്യേറ്റീവ് അച്ചൂന് ഇഷ്ടപ്പെട്ടു.കൊച്ചു കുട്ടിയല്ലേ.അവ നി ത്രയൊക്കെ ചെയ്യുന്നുണ്ടല്ലോ? ഒരു ദിവസം ഒരു അണ്ണാറക്കണ്ണൻ വന്ന് അവൻ്റെ തൈകൾ ഇളക്കി മറിച്ചിട്ടു."ഏട്ടൻ്റെ അണ്ണാറക്കണ്ണൻ ഇനി വന്നാൽ ഞാൻ തല്ലിക്കൊല്ലും." അച്ചു അണ്ണാറക്കണ്ണന് എന്നും ആഹാരം കൊടുക്കും അതാ അവൻ വരുന്നത്.അതാണവൻ എന്നോട് ചൂടായത്. പക്ഷേ അവനെ ത്തണുപ്പിയ്ക്കണം അവൻ പറഞ്ഞാൽ അതു ചെയ്തിരിക്കും. പാച്ചു നമുക്ക് ഒരു കാര്യം ചെയ്യാം. പുറത്ത് അവനുള്ള ആഹാരം ഒരു പാത്രത്തിൽ എന്നും പുറത്തു്വയ്ക്കാം. അവൻ കഴിച്ചിട്ട് പൊയ്ക്കൊള്ളും.
Saturday, April 22, 2023
അച്ചു നാട്ടിലെ ചക്കപ്പഴം സ്വപ്നം കണ്ടു [അച്ചു ഡയറി-503] മുത്തശ്ശാ അച്ചു നാട്ടിൽ വന്ന് ചക്കപ്പഴം കഴിക്കുന്നത് സ്വപ്നം കണ്ടു. കൊതി ആയി മുത്തശ്ശാ.കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ തേൻവരിക്കയുടെ ചക്കപ്പഴം തുണ്ടമാക്കി കൂഞ്ഞില് ചെത്തി മുത്തശ്ശൻ മുമ്പിൽ ക്കൊണ്ടുവച്ചു തന്നു. എല്ലാവരും വട്ടത്തിലിരുന്ന് ചക്കപ്പഴം തിന്നത് ഇന്നും ഓർക്കുന്നു. പക്ഷേ കൂഴച്ചക്കയുടെ പഴം കഴിക്കാൻ അച്ചൂന് പേടിയാ.തൊണ്ണയിൽ കുടുങ്ങും. ചക്ക കൊണ്ട് അമ്മമ്മ എന്തെല്ലാം വെറൈറ്റി ഫുഡ് ആണ് ഉണ്ടാകുന്നത്.ശർക്കരയും അരിപ്പൊടിയും ചേർത്ത് ചക്കപ്പഴം അരച്ച് ഒരു അടയുണ്ടാക്കും. പറമ്പിൽ നിന്ന് പറിക്കുന്ന ഒരു പ്രത്യേക ഇലയിലാണ് പരത്തുന്നത്. എന്നിട്ട് മടക്കി അതിൻ്റെ ഞ ട്ടു കൊണ്ട് തന്നെ ലോക്ക് ചെയ്യുന്നു.എന്നിട്ട് ആവിയിൽ വേവിച്ചെടുക്കുന്നു. എന്തൊരു സ്വാദാണ്. ആ ഇല ഔഷധ ഗുണം ഉള്ളതാണത്രേ.അച്ചൂ നാട്ടിലെ പ്രിപ്പറേഷൻ്റെ വെറൈറ്റി കണ്ട് അൽഭുതപ്പെട്ടിട്ടുണ്ട്. ചക്കപ്പപ്പടം അമ്മമ്മയുടെ സ്പെഷ്യലാണ്. ചക്കക്കുരു തീയിലിട്ട് ചുട്ടെടുത്ത് തരും. നല്ല ദ്വാദാണ്. പക്ഷേ ചിലപ്പോൾ അത് പൊട്ടിത്തെറിക്കും. എനിയ്ക്കൽ ഭൂതം തോന്നുന്നത് അതല്ല. ഈ റബർ വയ്ക്കുന്നതിന് പകരം പ്ലാവ് തോട്ടം പോലെ വച്ചുപിടിപ്പിക്കാത്തതെന്താ. കൃഷി ചെയ്യുമ്പോൾ ആഹാരത്തിനുള്ളത് കൃഷി ചെയ്യുന്നതല്ലേ നല്ലതെന്ന് അച്ചൂന് തോന്നുന്നു. മുഴുവൻ റബർ വച്ച് അത് വിറ്റു കിട്ടുന്ന കാശു കൊണ്ട് ആവശ്യമുള്ള തൊക്കെ വാങ്ങി ജീവിക്കുക. അതാണ് എളുപ്പം അല്ലേ മുത്തശ്ശാ. ചക്കയ്ക്കും നാട്ടിൽ നല്ല വിലയുണ്ടന്നച്ഛൻ പറഞ്ഞു. എന്നാൽ അതുപോരേ മുത്തശ്ശാ. പ്രഡ്ജിൽ ഇന്നും മുത്തശ്ശൻ വരട്ടിക്കൊടുത്തയച്ച ചക്ക ഉണ്ട്.അച്ചു ഇടക്കെടുത്തു കഴിയ്ക്കും നാട്ടിലേക്ക് വരാൻ തോന്നണു മുത്തശ്ശാ.....
Friday, April 21, 2023
മംഗളവനത്തിലൊരു പരിസ്ഥിതി സെമിനാർ അനിയൻ തലയാറ്റും പിള്ളി കൊച്ചിയുടെ ഹൃദയഭാഗത്ത് ഒരു ബേർഡ് സാഞ്ചറി.എറണാകുളം ഹൈക്കോർട്ടിൻ്റെ പുറക് വശത്ത് രണ്ടേമുക്കാൽ ഹെക്റ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഒരു കണ്ടൽ ഉദ്യാനം . മംഗളവനം. ദേശാടനപ്പക്ഷികളുടെ ആവാസകേ ന്ദ്രം. അവിടെയാണ് അർത്ഥപൂർണ്ണമായ ഒരു ജന്മദിനം കൊണ്ടാടിയത്. യുഗപ്രഭാവനാ യ ആയുർവേദ ഭിഷഗ്വരൻ ഇട്ടി അച്ചു തൻ്റെ ജന്മദിനം. ആയ്യൂർവേദ ഔഷധങ്ങളെപ്പറ്റിയും അപൂർവ്വ ഇനം മററു വൃക്ഷലതാതികളെപ്പറ്റിയും ഒരു ആധികാരിക വിശ്വവിജ്ഞാനകോശം അദ്ദേഹത്തിൻ്റെ സംഭാവനയാണ്. അന്നത്തെ ഡച്ച് ഗവർണ്ണർ ആയിരുന്ന ഹെൻഡ്റിക്ക് ആൻഡ്രിയൻ വാൻ റീഡാണ്ട് അദ്ദേഹത്തിനെ ഈ പുസ്തക രചനയിൽ സഹായിച്ചത്. ആയ്യൂർവേദത്തിലെ ഔഷധങ്ങളുടെ ഒരു ആധികാരിക ഗ്രന്ഥമാണത്. ഈ മംഗളവനത്തിൽ വച്ചു നടന്ന ആ ജന്മദിനാഘോഷം ഒരു പരിസ്ഥിതി സെമിനാറായി മാറുന്നതാണ് പിന്നെ നമ്മൾ കണ്ടത്. ജസ്റ്റീസ് സുകുമാരൻ സാറിൻ്റെ മുൻ കയ്യിൽ നടന്ന ഈ പരിപാടി എല്ലാം കൊണ്ടും വ്യത്യസ്ഥമായിരുന്നു. ഇൻഡ്യൻ സൊസൈറ്റി ഓഫ് ഒതേഴ്സും., ഹോർത്തൂസ് മലബാറിക്കാസ് സൊസൈറ്റിയും, ബാംബു മിഷൻ ട്രസ്റ്റും ഒപ്പം സഹകരിച്ചപ്പോൾ അത് എണ്ണം പറഞ്ഞ ഒരു പ്രോഗ്രാം ആയി മാറി. ഇതിൽ പങ്കെടുക്കാനും, ഈ സംഘടനകളുമായി ഇടപഴകാൻ കഴിഞ്ഞതും ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
Tuesday, April 11, 2023
ബേപ്പൂരിലെ കടൽപ്പാലം [ യാത്രാ നുറുങ്ങുകൾ - 1004 ] ഒരു പാട് ചരിത്രമുറങ്ങുന്ന ഒരു പുരാതന തുറമുഖം. അതു കൊണ്ട് തന്നെ അതിലേയുള്ള സഞ്ചാരo ഹൃദയഹാരിയാണ്.ഒരു സായാന്നസവാരി എന്നു ചിന്തിച്ചപ്പോൾത്തന്നെ ബേപ്പൂരിലെ കടൽപ്പാലമാണ് ഓർമ്മ വന്നത്. സാഗരമദ്ധ്യത്തിലൂടെ ഒരു നടത്തം.! സമുദ്രമദ്ധ്യ ഭാഗത്ത് അവസാനിക്കുന്ന ആ പുലിമുട്ട്. ആ പാലത്തിലേയ്ക്ക് കയറുവാൻ പടികൾ ഉണ്ട്. നെടുനീളത്തിൽ അതി മനോഹരമായ ഒരു പാത.അത് ഒരു കിലോമീറ്ററോളം കടലിലേക്ക് നീണ്ടു കിടക്കുന്നു. വശങ്ങളിൽ മനോഹരങ്ങളായ തൂണുകളിൽ വൈദ്യുത ബൾബുകൾ. അഞ്ചു മണിക്ക് പാലത്തിൽക്കയറിയതാണ് വ ശ ങ്ങളി ൾഅനന്തനീല സമുദ്രം നിമിഷം പ്രതി ആകൃതി മാറി മാറി വരുന്ന നീലാകാശം മുകളിൽ. ആ മനോഹര കാഴ്ച്ച കണ്ട് യാത്ര പതുക്കെ ആയി. കടൽ കാക്കകളും ചെമ്പരുന്തും പറന്നു നടക്കുന്നു. അങ്ങിനെ ആ പാലത്തിൻ്റെ അവസാനമെത്തി. അവിടെ പാറക്കെട്ടുകളിൽക്കയറി ഫോട്ടോ എടുക്കാം.ശക്തമായ തിരകൾ അടിച്ചു കയറുന്നുണ്ട്. ആകാശത്തിൽ ചുവപ്പു വീണു. സൂര്യഭഗവാൻ വിടവാങ്ങാറായി. ഇത്ര ആസ്വദിച്ച് ഒരു സൂര്യാസ്ഥമനം കണ്ടിട്ടില്ല എന്നു തന്നെ പറയാം. അസ്ഥ മനം കഴിഞ്ഞപ്പോൾ കൂരാ കൂരിരുട്ട്.വശങ്ങളിൽ ആലക് ത്തിക ദീപംങ്ങൾ തെളിഞ്ഞു.ഇനി ഇതുവരെക്കണ്ടതൊന്നുമല്ല. വേറൊരനുഭൂതിയാണ്. അവസാനം തിരിച്ചെത്തി. അവിടെ നിരനിരയായി പെട്ടികടകൾ ഉണ്ട്. നാരങ്ങയും ഇഞ്ചിയും ഉപ്പും കാന്താരിമുളകും കൂട്ടി ഐസ് സോഡാ ഒഴിച്ചൊരു സ്പെഷൽ നാരങ്ങാവെള്ളം.രണ്ടു ഗ്ലാസ് ഒറ്റ അടിയ്ക്ക് അത്ര ദാഹമായിരുന്നു.. ആ പുരാതന തുറമുഖത്തോട് അങ്ങിനെ വിടപറഞ്ഞു ഒത്തിരി ഓർമ്മകൾ ബാക്കി വച്ച്.
Monday, April 10, 2023
ബേപ്പൂർ മരീനാ ബീച്ചിലെ ഫ്ലോട്ടി ഗ് ബ്രിഡ്ജ് [ യാത്രാനുറുങ്ങുകൾ - 1003] ചരിത്രമുറങ്ങുന്ന ബേപ്പൂർ ആധുനിക ടൂറിസത്തിൻ്റെ ചേരുവകൾ ചേർത്ത് മനോഹരമാക്കി വരുന്നു. ബേപ്പൂർ മരീനാ ബീച്ചിലെ ഫ്ലോട്ടി ഗ് ബ്രിഡ്ജ് ഇതിനൊരുദാഹരണം. ഹൈഡൻസിറ്റി പോളിത്തിലിൻ ബ്ലോക്കൂ കൾ കൂട്ടിയിണക്കി തിരമാലകൾക്ക് മുകളിൽ നൃത്തം ചെയ്യുന്ന ഒരു പാലം,. അതി മനോഹരമാണത് കാണാൻ. അതിസാഹസികമാണതിൽ സഞ്ചരിയ്ക്കാൻ. ചാലക്കുടി ചാപ്റ്റർ ഡേയ്സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോട്സ് DTDC യുമായി ച്ചേർന്നാണ് ഇതു നിർമ്മിച്ചത്.ഇതിന് നൂറു മീററർ നീളം മൂന്നു മീററർ വീതി. വളരെപ്പെട്ടന്ന് ഈ ബ്ലോക്കുകൾ യോജിപ്പിച്ച് ഒരു പാലമാക്കാം. അത് ഡിസ്മാൻ്റിൽ ചെയ്ത് വേറൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്യാം. ആയിരത്തി മുണ്ണൂറോളം ബ്ലോക്കുകൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. രണ്ടു വശവും പിടിയ്ക്കാൻ തൂണുകളിൽ കയർബന്ധിച്ചിട്ടുണ്ട്. നല്ല തിര വരുമ്പോൾ തിരമാലയ്‌ക്കൊപ്പം ഇതും ചലിച്ചു തുടങ്ങും. ലൈഫ് ജാക്കററ് ഇട്ട് വേണം ഇതിൽക്കയറാൻ. ഇതിൽക്കൂടിയുള്ള യാത്ര ഒരു പ്രത്യേകാനുഭവമാണ്. ശ്രദ്ധിച്ചില്ലങ്കിൽ താഴെ വീഴും. തിരകളുടെ ദൈർഘ്യം അനുസരിച്ച് ഇതിൻ്റെ തരംഗദൈർഘ്യം വ്യത്യാസപ്പെ ട്ട് കൊണ്ടിരിയ്ക്കും. ഉടുപ്പിയിലെ മാൻപേ ബീച്ചിൽ ഇങ്ങിനൊന്നു കണ്ടിട്ടുണ്ട്. ഏറ്റവും നീളം കൂടിയത് അഹമ്മദാബാദിലാണന്നുതൊന്നുന്നു. നമ്മുടെ ടൂറിസം ഡവലപ്പ്മെൻ്റിന് ഈ കോഴിക്കോടൻ സ്പർശ്ശo അനുകരണീയമാണ്.
Wednesday, April 5, 2023
അരിക്കൊമ്പനും മധുവും [ ലംബോദരൻ മാഷും തിരുമേനീം - 48] " എന്നാലും ആ അരിക്കൊമ്പനെ വെടിവച്ചു കൊല്ലണ്ട തായിരുന്നു " " ഇന്ന് ലംബോദരൻ മാഷ് നല്ല ചൂടിലാണല്ലോ?"" എന്തു നാശനഷ്ടമാ അവനുണ്ടാക്കിയത്. അവനെ വെറുതേ വിടരുത്.""എന്താ മാഷേ അവൻ ആഹാരമല്ലേ മോഷ്ടിച്ചത്. വിശപ്പ് സഹിക്കാൻ പറ്റാതെ. ഒരു തരത്തിൽ അവൻ്റെ ആഹാരം തടഞ്ഞതിൻ്റെ ഉത്തരവാദിത്വവും നമുക്കാണ്; "" അവന് കാട്ടിൽക്കഴിയാനുള്ളത് അവിടെ ഒണ്ടല്ലോ?""അവൻ്റെ കാടു മുഴുവൻ കയ്യേറി. വനവൽക്കരണം എന്നു പറഞ്ഞ് പൈനും അൽക്കേഷ്യയും വച്ചു.പുല്ലും ഈറ്റയും അപ്രത്യക്ഷമായി. "" എന്നു വിചാരിച്ച് മനുഷ്യൻ അവൻ്റെ ഈ അക്രമം മുഴുവൻ സഹിക്കണന്നാണോ തിരുമേനി പറയുന്നത് ""ഒരു പ്രാവശ്യം അവനെപ്പിടിക്കാൻ എത്ര കോടിയാണ് മുടക്കുന്നത്. അത്രയും കാശ്മതി അവർക്കാവശ്യമുള്ളത് വനത്തിൽ നട്ടുവളർത്താൻ. ഇപ്പോൾ ഉള്ളത് നിലനിർത്താൻ. കാട് സംരക്ഷിക്കാൻ ഒരു വലിയ ഫോറസ്റ്റ് ജീവനക്കാരുടെ പട തന്നെയുണ്ടല്ലോ. അവരെ ഈ പരിസ്ഥിതി സംരക്ഷിക്കാൻ കൂടി പ്രാപ്തരാക്കണം. ആദിവാസികളിൽ നിന്ന് തന്നെ യോഗ്യതയുള്ളവരെ ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൽ നിയമിക്കണം. ചെക്കു ഡാമുകൾ പണിത് കുടിവെള്ളം ഉറപ്പുവരുത്തണം""ഇതൊക്കെ നടക്കുന്ന കാര്യമാണോ ഇതിനൊക്കെ വലിയ തുക വേണ്ടേ?","ആദിവാസികളെയും വനത്തേയും സംരക്ഷിക്കാൻ കോടികളുടെ തുകയുണ്ട്. അത് നല്ല കാഴ്ച്ചപ്പാടോടെ വിനിയോഗിച്ചാൽ ഇതൊക്കെ നടക്കും""ഒരു പാവം മനുഷ്യൻ ആഹാരത്തിനായി നാട്ടിലിറങ്ങി അപ്പം മോഷ്ട്ടിച്ചതിനാണ് പിൻതുടർന്നവനെ അടിച്ചവശനാക്കി കൊലപ്പെടുത്തിയത്. അത് വീഡിയോയിൽ പ്പ കർത്തി പ്രചരിപ്പിച്ച് സായൂജ്യമടഞ്ഞത്.ഇതൊരു മാനസിക രോഗമാണ്. ആൾക്കൂട്ട കൊലപാതകം മാത്രം എന്നു പറഞ്ഞു തള്ളരുത്. കഠിനമായ ശിക്ഷ കൊടുക്കണം. ഇനി ഇതാവർത്തിക്കരുത്. ഒരു തരത്തിൽ അരിക്കൊമ്പനും പാവം മധുവും ഒരു പോലെയാണ് "
Monday, April 3, 2023
ആറാട്ടുപുഴ പൂരം - ഒരു ദേവമേള ഭൂമിയിലെ ദേവ മേളയായി ആറാട്ടുപുഴ പൂരം. മുപ്പത്തിമുക്കോടി ദൈവങ്ങളും അന്നവിടെ സന്നിഹിതരാകും എന്നാണ് വിശ്വാസം. ദേവീദേവന്മാരും, യക്ഷികളും, കിന്നരന്മാരും എല്ലാം അന്നവിടെ സാന്നിദ്ധ്യമറിയിക്കും. തൃപ്രയാറപ്പൻ തൻ്റെ ഗുരുനാഥനെ കാണാനെത്തുന്ന തന്നാണ്. കാശി വിശ്വനാഥ ക്ഷേത്ര മുൾപ്പെടെ പ്രധാനപ്പെട്ട അമ്പലങ്ങളിലെല്ലാം നേരത്തേ നട അടയ്ക്കും. അവിടെ അന്ന് അത്താഴപൂജയില്ല. എല്ലാവരുoആറാട്ടുപുഴ ശാസ്താവിൻ്റെ അന്ന് എത്തണ്ടതുകൊണ്ടാണത്രേ... ഏഴു ദിവസമാണ് ഉത്സവം.ഏഴാം ദിവസം പൂരം. പെരുവനം പൂരം മുതൽ തുടങ്ങും പൂരത്തിൻ്റെ ആരവം. അടുത്തുള്ള ഇരുപത്തിരണ്ടു ക്ഷേത്രങ്ങളിൽ നിന്നും പല സമയത്തായി ചെറുപൂരങ്ങളായി ശാസ്താ സന്നിധിയിൽ എത്തുന്നു. മൂവായിരം വർഷത്തിൽ മുകളിൽ പഴക്കമുള്ള ഈ ഉത്സവച്ചടങ്ങുകൾ ഒരു മാറ്റവുമില്ലാതെ തുടരുന്നു. ശാസ്താവിൻ്റെ മുമ്പിൽ എണ്ണം പറഞ്ഞ പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് പ്രധാന എഴുന്നള്ളത്ത്. ഏതാണ്ട് ഇരുനൂറ്റി അമ്പതോളം കലാകാരന്മാരടങ്ങിയ മേളം പ്രസിദ്ധമാണ്. അതു തീർന്നാൽ കരിമരുന്നു പ്രയോഗം. ഒരോ അമ്പലങ്ങളിലും നിന്നുള്ള പൂരങ്ങൾ അങ്ങോട്ടു വന്നുകൊണ്ടിരിക്കും. മൂന്നു മണിയാകുമ്പോൾ മൈതാനത്ത് ശാസ്താവിനഭിമുഖമായി, തൃപ്പയാറപ്പൻ്റെ ഇരുവശങ്ങളിലായി നൂററി ഒന്ന് ആനകളോളം അണിനിരക്കും. അത് ദർശ്ശന പ്രധാനമാണ്. എല്ലാ ദൈവങ്ങളേയും ഒരു സ്ഥലത്തു വണങ്ങാനവസരം. അവസാനം മന്ദാരക്കടവിലെ മനോഹരമായ ആറാട്ട് ചടങ്ങ്. എല്ലാ ദേവീദേവന്മാർക്കും ശേഷം അവസാനം ശാസ്താവ് ആറാടുന്നു. അതിനു ശേഷം എല്ലാ ദേവീദേവന്മാരും ഉപചാരം ചൊല്ലിപ്പിരിയുന്ന ഒരു രംഗമുണ്ട്. ഹൃദയസ്പർശ്ശിയാണ്. ഈ മഹാ പൂര നാളുകളുടെ ആലസ്യത്തിൽ ആഘോഷങ്ങൾ അവസാനിപ്പിച്ച് അവർ ഉപചാരം ചൊല്ലിപ്പിരിയുമ്പോൾ പൂരപ്രേമികളിലേയ്ക്കും ഭക്തജനങ്ങളിലേയ്ക്കും ആ ശോക ഛായ പടരും.ആറാട്ടുപുഴ ശാസ്താവ് ഏഴുകണ്ടം അനുഗമിച്ച് ദേവീദേവന്മാരെ യാത്ര ആക്കുന്നതോടെ ഇവർഷത്തെ പൂരം അവസാനിയ്ക്കുന്നു.
Subscribe to:
Posts (Atom)