Saturday, September 10, 2022
നാലാം ഓണം [നാലു കെട്ട് -366] ഓണാഘോഷങ്ങളുടെ പരിസമാപ്തി. അന്ന് തറവാട്ടിൽ ചതയം ആഘോഷിക്കുന്നത് മറ്റു ജീവജാലങ്ങൾക്ക് വേണ്ടി കൂടിയാണ്. വളർത്തുമൃഗങ്ങൾക്കും മറ്റു പക്ഷിമൃഗാദികൾക്കും അന്ന് ആഹാരം കൊടുക്കും. എന്തിന് ഉറുമ്പിനു വരെ. വലിയ ആഘോഷത്തിൻ്റെ മിച്ചം മുഴുവൻ മാറ്റി ശുദ്ധമാക്കുന്ന ദിവസം.പായസമുണ്ടാക്കിയതിനു ശേഷമുള്ള തേങ്ങാപ്പീര വല്ലത്തിൽ നിറച്ചുണ്ടാക്കും. അത് വലിയ തൂശനിലയിലിട്ട് മറ്റു വിഭവങ്ങളും കൂട്ടി ആണ് പശുക്കൾക്കും മറ്റു ജീവികൾക്കും കൊടുക്കുക. ആ വലിയ ആഘോഷത്തിൻ്റെ അവശിഷ്ടങ്ങൾ മുഴുവൻ മാറ്റി വീണ്ടും അടുത്ത ഓണത്തിനായി ക്കാത്തിരിക്കുക. അന്ന് കുട്ടികൾക്ക് ആ ആൻറി ക്ലൈമാക്സ് വേദന ഉണ്ടാക്കിയിരുന്നു. ഓണം വെക്കേഷൻ പിന്നേയും മിച്ചമുണ്ടാകും. ഓണത്തല്ലും തലപ്പന്തുകളിയും ഊഞ്ഞാലാട്ടവും തുടരുമെങ്കിലും ഓണത്തിൻ്റെ ഹരമൊടുങ്ങിയ കളി മിക്കവാറും വിരസമാകാറാണ് പതിവ്. അലങ്കരിച്ച് പൂജിച്ച ഓണത്തപ്പൻ മുറ്റത്തിൻ്റെ ഒരു മൂലയ്ക്ക് അനാഥമായിക്കിടപ്പുണ്ടാകും. പൂവും തലയും പോയതുമ്പച്ചെടികൾ തല കുനിച്ച് കാറ്റിലാടുന്നുണ്ടാവും. എല്ലാ ആഘോഷങ്ങളുടെയും അവസാനം ഇങ്ങിനെയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment