Friday, September 30, 2022
ജീവിതമെഴുത്തിൻ്റെ സൗന്ദര്യ ശാസ്ത്രം - അൽ ഫോൻസാ കോളേജിലെ ശിൽപ്പശാലയിൽ ജീവിതത്തിൽ ആ ഒരു ദിവസം അർത്ഥ പൂർണ്ണമായതായി തോന്നി. പാലാ അൽഫോൻസാ കോളേജിലെ ഏക ദിന സെമിനാർ ജീവിതമെഴുത്തിൻ്റെ സൗന്ദര്യ ശാസ്ത്രമായി മാറി. ചരിത്രപ്രസിദ്ധമായ ഈ സരസ്വതീ ക്ഷേത്രം അപൂർവ്വ പുസ്തകങ്ങളുടെ കലവറയായ പിഎസ് പി.എം ലൈബ്രറി യെക്കൂടി ഉൾപ്പെടുത്തിയപ്പോൾ അതൊരു പുതിയ ചരിത്രം കുറിയ്ക്കലായി മാറി.എം ജി യൂണിവേഴ്സിറ്റിയുടെ സജീവ സാന്നിദ്ധ്യം സെമിനാറിന് മാറ്റുകൂട്ടി :Dr തോമസ് സ്ക്കറിയായുടെ സംഘാടക മികവും, കോളേജിൻ്റെ ചിട്ടയായ പ്രവർത്തന മികവും കൊണ്ട് ഈ സെമിനാർ അവിസ്മരണീയമാക്കി. വൈസ് പ്രിൻസിപ്പൽ Dr. സിസ്റ്റർ മിനിമോൾ മാത്യു, ഹിന്ദി വിഭാഗവും മലയാള വിഭാഗവും ഒന്നിച്ചപ്പോൾ Dr. ജസ്റ്റിൻ ഇമ്മാനുവേൽ, Drഅനിലാ തോമ്മസ് എന്നിവരുടെ അർപ്പണബോധവും അത്യദ്ധ്വാനവും ഇതിൻ്റെ വിജയത്തിൽ പ്രധാന പങ്കാണ് വഹിച്ചത് കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നു വരെ പ്രഗൽഭർ പങ്കെടുത്ത സെമിനാർ നല്ല അച്ചടക്കത്തോടെ കേട്ടിരുന്ന പുതിയ തലമുറ പ്രതീക്ഷ നൽകുന്നു.D r. ദീപേഷ് കരിമ്പിൻ കരയുടെ ഉത്ഘാടന പ്രസംഗം മുതൽ ഒരോ പ്രബന്ധാവതാരകരും മികവു പുലർത്തി. സമാപന സമ്മേളനത്തിൽ Dr. കെ.കെ.ശിവദാസിൻ്റെ ഹൃസ്വ പ്രഭാഷണം കൂടുതൽ അർത്ഥപൂർണ്ണമായി അനുഭവപ്പെട്ടു. ജീവിതമെഴുത്തിനെപ്പറ്റി വിദ്യാർത്ഥിനികളുടെ അഭിപ്രായം വന്നപ്പോൾ ആ സിസ്റ്ററിൻ്റെ പ്രസംഗം വേറിട്ട തായിത്തോന്നി.ഹൃദയത്തിൽ ത്തറഞ്ഞ തൻ്റെ അഭിപ്രായങ്ങൾ വളരെ ശാന്തമായി അവതരിപ്പിച്ചപ്പോൾ എന്തോ മനസ് ഒന്നു വല്ലാതെ തേങ്ങിപ്പോയി.
Saturday, September 17, 2022
ഫാമിലി ലൈഫ് എഡ്യൂക്കേഷൻ [ അച്ചു ഡയറി-495] മുത്തശ്ശാ നമ്മുടെ സ്ക്കൂളിൽ ഒരു പ്രോഗ്രാം ഉണ്ട്. " ഫാമിലി ലൈഫ് എഡ്യൂക്കേഷൻ ". ചെറിയ ക്ലാസ് മുതൽ തുടങ്ങും. പക്ഷേ ടീൻ എയ്ജിൽ ഉള്ളവരെയാണ് ഇവിടെ കൂടുതൽ ശ്രദ്ധിക്കുന്നത്. ഹ്യൂമൻ അനാട്ടമി നന്നായി പഠിപ്പിക്കും.ഈ പ്രായത്തിലുണ്ടാകുന്ന മാറ്റങ്ങളെപ്പററി അവർ നന്നായിപ്പറഞ്ഞു തരും. ഈ ഒരോ സ്റേറജിലും കുട്ടികളെ ശ്രദ്ധിക്കണ്ട രീതികൾകുട്ടികൾക്ക് മനസിലാക്കിക്കൊടുക്കാൻ രക്ഷകർത്താക്കൾക്ക് ഒരു വർക്ക് ബുക്ക് കൊടുക്കും. അവർക്കും ഇതിന് വലിയ ഒരു പങ്കുണ്ട്. ഈ പ്രായത്തിൽ ബയോളജിയ്ക്കൽ ആൻഡ് സൈക്കോളജിയ്ക്കൽ ചെയ്ഞ്ച് മനസിലാക്കിത്തരാൻ കൗൺസിലിഗും ഉണ്ട്. ഈ പ്രോഗ്രാമിൽ സെക്സ് എഡ്യൂക്കേഷനും വരും. ആദ്യമൊക്കെ അച്ചു ന് ഒരു ചമ്മലായിരുന്നു മുത്തശ്ശാ. പക്ഷേ നമ്മൾ അറിഞ്ഞിരിക്കേണ്ട എന്തെല്ലാം കാര്യങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ മനസും ശരീരവും നമുക്ക് സ്വന്തം. അതിലേയ്ക്ക് വരുന്ന ബാഡ് ടച്ചും ഗുഡ് ടച്ചും നമ്മൾ തിരിച്ചറിയണം.അതിനോട് മടി കൂടാതെ പ്രതികരിക്കാൻ നമ്മെ അവർ പ്രപ്തരാക്കും.ഈ കാര്യങ്ങൾ പേരൻ്റ്സുമായി ഡിസ്ക്കസ് ചെയ്യാൻ പോലും നമുക്ക് മടിയില്ലാതായി. നാട്ടിലും സ്ക്കൂളുകളിൽ ഈ തരം വിദ്യാഭ്യാസം അത്യാവശ്യമാണന്ന് അച്ചൂന് തോന്നുന്നു. പക്ഷേഇവിടുത്തേക്കാൾ ആ പ്രോഗ്രാം നടപ്പിൽ വരുത്താൻ അവിടെ ബുദ്ധിമുട്ടാകുമെന്നച്ചൂന് തോന്നണു
Wednesday, September 14, 2022
ഒരു സ്നേഹാഭിഷേകം ഇന്ന് അമ്മായിയുടെ ശതാഭിഷേകമായിരുന്നു. ഒരു പാട് ഓർമ്മകൾ സമ്മാനിച്ച ഒരു കൂട്ടായ്മ്മ.ഒത്തിരി ഗൃഹാതുരത്വ ഭാവം ഉൾക്കൊണ്ട അന്തരീക്ഷം.എൻ്റെ പ്രിയപ്പെട്ട അമ്മ കളിച്ചു വളർന്ന നാട്. അമ്മയുടെ പ്രിയപ്പെട്ട പരിയാരത്തപ്പൻ്റെ നാട്. മുമ്പ് എല്ലാ വർഷവും പോകാറുണ്ട്. സ്നേഹമസൃണമായ അന്തരീക്ഷം.കുട്ടിക്കാലം മുതൽ എല്ലാ വർഷവും അനുഭവിക്കുന്ന സൗഹൃദം.ഏതു പ്രതിസന്ധിയും ചിരിച്ചു കൊണ്ട് നേരിടുന്ന അമ്മായി എനിക്കെന്നും അത്ഭുതമായിരുന്നു. ഒരിയ്ക്കലും ആ നെറ്റി ഒന്നു ചുളിക്കുന്നതു പോലും കണ്ടിട്ടില്ല. പരുഷമായ ഒരു വാക്കു പോലും ഉച്ചരിച്ചതായി കെട്ടിട്ടില്ല. അന്നും ഇന്നും ഒരു വലിയ പോസിറ്റീവ് എനർജി ആയിരുന്നു ആ സാമിപ്യം.ഒരു യോഗിനിയുടെ ശബ്ദത്തിലുള്ള ആ സ്വാന്തനം അനുഭവിച്ചവർക്കേ അതിൻ്റെ മാധുര്യമറിയൂ.ആ പാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു.
Tuesday, September 13, 2022
സ്പൈസസ് ഗാർഡൻ [കാനന ക്ഷേത്രം - 32] എൻ്റെ കാനന ക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൻ്റെ പ്രത്യേകത എല്ലാം ഒരു "തീമാററിക് " ആയി കൃഷി ചെയ്തിരിക്കുന്നു എന്നതാണ്. ഈ ഇടെ പൂർത്തി ആയ "സ്പയി സസ്ഗാർഡൻ " പൂർത്തി ആയതിൻ്റെ അവസാനത്തെക്കണ്ണിയാണ്. നല്ല വൃത്തത്തിൽ ഒരു സ്ഥലം ഒരുക്കി അതിൻ്റെ അതിരിൽ വട്ടത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുക. സ്പൈസസ് എല്ലാം ഒരിടത്ത് ലഭ്യമാക്കുക എന്ന ഉദ്യേശത്തിലാണ് ഇങ്ങിനെ ചെയ്തത്. കുരുമുളക്, ഏലം, ജാതി, ഗ്രാമ്പൂ, കറുവപ്പെട്ട, കരിവേപ്പ്, അയമോദകം, തിപ്പലി, സർവ്വ സുഗന്ധി, മിൻ്റ്തുളസി, കസ്തൂരി മഞ്ഞൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. അതിൻ്റെ നടുക്കുള്ള തറയിൽ പുല്ലു പിടിപ്പിച്ച് ഇരിയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മിയാ വാക്കി രീതിയിൽ മണ്ണ് ഒരുക്കിയുള്ള കൃഷിയാകുമ്പോൾ അതിന് നല്ല വളർച്ച കിട്ടുന്നു. . കാനന ക്ഷേത്രത്തിൽ "വന തീർത്ഥം" എന്ന ഒരു കുളത്തിൻ്റെ പണി ഉടൻ പൂർത്തിയാകും
Sunday, September 11, 2022
പിസ്സാ വിത്ത് ചീസ് [കീ ശക്കഥ-249] കുറേക്കാലമായി പിസാക ഴിച്ചിട്ട്.വീട്ടിൽ എല്ലാവർക്കും ഇഷ്ടാണ്. ഡോമിനോ പിസ്സ വിത്ത് ചീസ്.ഓർഡർ കൊടുത്തു.പക്ഷേ അപ്പോൾ ഗൂഗിളിൽ ഒരു മെസേജ് "ഏതു ഷോപ്പിൽ നിന്നാണ് വേണ്ടത്.കഴിഞ്ഞ തവണ പിസ്സാ ഹട്ടിൽ നിന്നായിരുന്നു. അവിടുന്ന് മതിയോ?" മതി""പക്ഷേകഴിഞ്ഞ ദിവസത്തെ ബ്ലഡ് ടെസ്റ്റ് റിസൽട്ട് വച്ച് നിങ്ങൾക്ക് കൊളോസ്റ്റർ ലവൽ കൂടുതലാണ്. അപ്പോൾ ചീസ് ഇല്ലാത്തതല്ലേ നല്ലത്. "ഗൂഗിൾ വിടുന്നില്ല."എന്നാൽ അതു മതി""നിങ്ങളുടെ ബോഡീ വെയ്റ്റ് ഇപ്പോൾ കൂടിയിട്ടുണ്ട്. ജങ്ക് ഫുഡ് സൂക്ഷിച്ചു കഴിക്കണ്ടതാണ്.""സാരമില്ല എനിയ്ക്ക് നല്ല എക്സർസൈസ് ഉണ്ട്. നടക്കാറും ഉണ്ട്""പക്ഷെ നിങ്ങൾ കഴിഞ്ഞ ഒരാഴ്ച്ചയായി ഒട്ടും നടന്നതായി കാണുന്നില്ല. അതു നിങ്ങളുടെ ആരോഗ്യത്തെ ബാധിയ്ക്കും ""എന്നാൽ ക്ലാസിക് കോൺസ്വീറ്റ് പി സാ ആയിക്കൊട്ടേ ""നിങ്ങളുടെ ഷുഗർലവൽ വച്ച് അത് ഒഴിവാക്കുകയാണ് നല്ലത്. നിങ്ങൾ കഴിഞ്ഞ ഒരു മാസമായി ഷുഗറിനുള്ള മരുന്നു വാങ്ങിയിട്ടും ഇല്ല." ഛെ... ഇതൊക്കെ ഗൂഗിൾ എങ്ങിനെ അറിയും""നിങ്ങൾ ഓൺലൈനിൽ ചെയ്യുന്നതിനൊക്കെ ഇവിടെ റിക്കാർഡുണ്ട്.""എന്നാൽ എൻ്റെ ആരോഗ്യത്തിനപകടമില്ലാത്ത ഒന്ന് നിങ്ങൾ തന്നെ ഓർഡർ ചെയ്യൂ.എല്ലാവർക്കും വേണം"" കഴിഞ്ഞ മാസത്തെ ഹൗസിഗ് ലോണും വെഹിക്കിൾ ലോണും തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. നിങ്ങളുടെ ഇപ്പഴത്തെ സാമ്പത്തിക ഭദ്രത കണക്കാക്കുമ്പോൾ ഇപ്പം ഇത്രയും വലിയ ഒരു തുക മുടക്കുന്നത്അഭികാമ്യമാണോ എന്നു ചിന്തിക്കൂ."എനിക്ക് ദ്വേഷ്യം വന്നു."എൻ്റെ ക്രഡിറ്റ് കാർഡിൽ ക്യാഷ് ഉണ്ട്. നിങ്ങൾ അതു നോക്കിയാൽ മതി""അല്ല. ഈ മാസം അതിൻ്റെ കാലാവധി തീരുകയാണ്.പോരാത്തതിന് നിങ്ങൾക്ക് താങ്ങാവുന്നതിലപ്പുറം നിങ്ങൾ എടുത്തതായി കാണുന്നു.""ഇതെന്തൊരു ശല്യം. ഓർഡർ ക്യാൻസൽ ചെയ്തേക്കൂ. ഞാൻ പറമ്പിൽ നിന്നും കപ്പ പറിച്ച് മുണ്ടൻ കപ്പയുണ്ടാക്കിക്കഴിച് വിശപ്പടക്കിക്കൊള്ളാം""നിങ്ങളുടെ ശരീരത്തിൽ സ്റ്റാർച്ചിൻ്റെ അളവ് ഇനി കൂടാൻ പാടില്ല. കപ്പഒഴിവാക്കുന്നതാണ് നല്ലത്. ""നിങ്ങൾ ആരാണ് ദൈവമോ? ഡോക്ടറോ?""ഗൂഗിൾ: ഒരു തരത്തിൽ എല്ലാം അറിയുന്ന ദൈവം. നിങ്ങളുടെ ഒരു രഹസ്യവും നിങ്ങൾക്ക് സ്വന്തമായില്ല. എല്ലാം ഞാനറിയുന്നുണ്ട്. നിങ്ങളുടെ ചുറ്റും എൻ്റെ വല മുറുക്കിയിട്ടുണ്ട്. നിങ്ങൾ തന്നെ തല വച്ചു തന്നതാണ്. നിങ്ങളുടെ രക്ഷയേക്കരുതി ഞങ്ങൾ ഓർമ്മിപ്പിച്ചെന്നേയുള്ളൂ"
Saturday, September 10, 2022
നാലാം ഓണം [നാലു കെട്ട് -366] ഓണാഘോഷങ്ങളുടെ പരിസമാപ്തി. അന്ന് തറവാട്ടിൽ ചതയം ആഘോഷിക്കുന്നത് മറ്റു ജീവജാലങ്ങൾക്ക് വേണ്ടി കൂടിയാണ്. വളർത്തുമൃഗങ്ങൾക്കും മറ്റു പക്ഷിമൃഗാദികൾക്കും അന്ന് ആഹാരം കൊടുക്കും. എന്തിന് ഉറുമ്പിനു വരെ. വലിയ ആഘോഷത്തിൻ്റെ മിച്ചം മുഴുവൻ മാറ്റി ശുദ്ധമാക്കുന്ന ദിവസം.പായസമുണ്ടാക്കിയതിനു ശേഷമുള്ള തേങ്ങാപ്പീര വല്ലത്തിൽ നിറച്ചുണ്ടാക്കും. അത് വലിയ തൂശനിലയിലിട്ട് മറ്റു വിഭവങ്ങളും കൂട്ടി ആണ് പശുക്കൾക്കും മറ്റു ജീവികൾക്കും കൊടുക്കുക. ആ വലിയ ആഘോഷത്തിൻ്റെ അവശിഷ്ടങ്ങൾ മുഴുവൻ മാറ്റി വീണ്ടും അടുത്ത ഓണത്തിനായി ക്കാത്തിരിക്കുക. അന്ന് കുട്ടികൾക്ക് ആ ആൻറി ക്ലൈമാക്സ് വേദന ഉണ്ടാക്കിയിരുന്നു. ഓണം വെക്കേഷൻ പിന്നേയും മിച്ചമുണ്ടാകും. ഓണത്തല്ലും തലപ്പന്തുകളിയും ഊഞ്ഞാലാട്ടവും തുടരുമെങ്കിലും ഓണത്തിൻ്റെ ഹരമൊടുങ്ങിയ കളി മിക്കവാറും വിരസമാകാറാണ് പതിവ്. അലങ്കരിച്ച് പൂജിച്ച ഓണത്തപ്പൻ മുറ്റത്തിൻ്റെ ഒരു മൂലയ്ക്ക് അനാഥമായിക്കിടപ്പുണ്ടാകും. പൂവും തലയും പോയതുമ്പച്ചെടികൾ തല കുനിച്ച് കാറ്റിലാടുന്നുണ്ടാവും. എല്ലാ ആഘോഷങ്ങളുടെയും അവസാനം ഇങ്ങിനെയാണ്.
Tuesday, September 6, 2022
ഓണക്കാഴ്ച്ച ......... [ നാലുകെട്ട് - 365] എൻ്റെ കുട്ടിക്കാലത്ത് തറവാട്ടിലെ ഓണത്തിൻ്റെ രീതികൾ ഓർക്കാൻ രസമുണ്ട്.ജന്മി കുടിയാൻ വ്യവസ്ഥ നിലനിന്ന കാലം .അന്ന് ഓണത്തിന് ഓണക്കാഴ്ച്ചയുമായി ധാരാളം പേർ എത്തും.ഏത്തക്കുല, പഴം, ചേന തുടങ്ങിയ കാർഷിക വിളകളാണധികവും.കടകോലും, മരക്കയിലും, മരികയും മറ്റും മരാശാരിമാരുടെ വക. കൊല്ലപ്പണി ചെയ്യുന്നവർ കറിക്കത്തി, വാക്കത്തി, പേനാക്കത്തി തുടങ്ങിയവ. സ്വർണ്ണപ്പണിക്കാരൻ ചെവിത്തോണ്ടി. ആ കൂട്ടായ്മ്മ അന്നത്തെ തൊഴിൽ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു. സാമൂഹിക വ്യവസ്ഥിതിയുടെ രീതി ആയിരുന്നു. അന്നു കാഴ്ച്ചകൊണ്ടു വരുമ്പോൾഅവർക്ക് സാധനങ്ങളായാണ് കൊടുക്കുക. എണ്ണ, പുകയില, അരി, ഓണക്കോടി [ അന്ന് മയ്മ്മൽ മുണ്ടും, കച്ചത്തോർത്തും.] അതിന് ഓണളവ് എന്നാണ് പറയുക. അവിട്ടത്തിൻ്റെ അന്നാണ് കാഴ്ച്ചസദ്യ. അതായത് ഓണം ഊട്ട്. അന്നവർക്ക് സദ്യ വിളമ്പിക്കൊടുക്കാൻ നല്ല രസമാണ്. അവർ ആസ്വദിച്ച് കഴിക്കുന്നത് കണ്ടു നിൽക്കും. അന്ന് കാളനാണ് അവർക്ക് പദ്ധ്യം. വലിയ മക്കയിലിൽ ആണ് വിളമ്പിക്കൊടുക്കുക. പിന്നെ പ്രഥമനും. വലിയ തൂശനിലയിൽ നിലത്തിരുന്നാണ് കഴിക്കുക. ജന്മി കുടിയാൻ ബന്ധത്തിൻ്റെ ഇഴയടുപ്പം അന്ന് കൂടുതലായിരുന്നു. അവർക്കൊക്കെ തന്നെ എന്തെങ്കിലും വിഷമം വന്നാൽ ഓടി എത്തുന്നത് മുത്തശ്ശൻ്റെ അടുത്തെക്കാണ്. അവിടെ പരിഹാരം ഉണ്ടാകും." അവർ പണിയെടുത്തുണ്ടാക്കുന്നതിൻ്റെ പകുതിയോളം പലപ്പഴായി അവർക്കു തന്നെ കൊടുക്കണം" മുത്തശ്ശൻ പറയാറുള്ളത് ഓർക്കുന്നു
Monday, September 5, 2022
"വർക്കേഷൻ " [കീശക്കഥകൾ 248] യാത്ര ലഹരിയാക്കിയ ഉണ്ണി .നിരന്തരം യാത്ര ചെയ്യും. പുതിയ സ്ഥലങ്ങൾ' പുതിയ സംസ്കാരങ്ങൾ. അതിനുളള ക്യാഷ് അവൻ പണി എടുത്തുണ്ടാക്കും. ഉണ്ണി അനാഥനാ ണ്. ഉറ്റവരാരുമില്ല. അതിൻ്റെ വിരസ്സത മാറ്റുന്നത് യാത്രയിലൂടെ.പ0നത്തിലൂടെ.അങ്ങിനെയാണ് ബാംഗ്ലൂർ ഒരു ഐ ടി കമ്പനിയിൽ ജോലി കിട്ടിയത്.ഉയർന്ന ശമ്പളം.ക്യാഷ് എന്താ ചെയ്യണ്ടതന്നറിയില്ല. പക്ഷേ തൻ്റെ സ്വാതന്ത്ര്യം മുഴുവൻ പോയത് അവനറിഞ്ഞില്ല. ക്രമേണ അവനതറിഞ്ഞു വന്നപ്പഴയ്ക്കും പൂർണ്ണമായി തടവിലായിക്കഴിഞ്ഞിരുന്നു. മഹാമാരി നിറഞ്ഞാടിയപ്പോൾ ഇതുവരെ ഉണ്ടായിരുന്ന രീതികൾ മുഴുവൻ പൊളിച്ചെഴുതപ്പെട്ടു. പക്ഷേ ഉണ്ണിക്ക് പ്രത്യാശയുടെ ഒരു കിരണമായാണത് അനുഭവപ്പെട്ടത്."വർക്ക് എനി വെയർ ". മല്ലു ഭാഷയിൽ "വർക്കേഷൻ". ലോകത്ത് എവിടെ ഇരുന്നു വേണമെങ്കിലും ജോലി ചെയ്യാം. ഒരു ലാപ്ടോപ്പും, മൊബൈലും മാത്രം മതി. ആദ്യമായി ഉണ്ണി മഹാമാരിയ്ക്ക് നന്ദി പറഞ്ഞു. തൻ്റെ മോഹങ്ങൾ വീണ്ടും പൂവണിഞ്ഞതായി ഉണ്ണി അറിഞ്ഞു. ആദ്യം നൈനിറ്റാ ളി ലെയ്ക്ക്.സൈറ്റ്സീയി ഗും ജോലിയും ഒന്നിച്ച് നടക്കും. അങ്ങിനെ രണ്ടാഴ്ച്ച. പിന്നെ അടുത്ത സ്ഥലത്തേക്ക്.ഉണ്ണിയ്ക്ക് ജോലിയുടെ വിരസത മാറിത്തുടങ്ങി.ഒരവദൂതനെപ്പോലെ ഉണ്ണി പറന്നു നടന്നു.പിന്നെ പിന്നെ ദുബായി, സിഗപ്പൂർ. ഒരു ദിവസം ഉണ്ണിഞട്ടിപ്പോയി. എല്ലാ ജോലിക്കാരും ഓഫീസിൽ എത്തണം. ഇനി എല്ലാം പഴയ പോലെ. അങ്ങിനെ ഉണ്ണിയെ വീണ്ടും കാഞ്ചനക്കൂട്ടിലടച്ചു. ചിറകടിച്ച് പറക്കാൻ ശ്രമിച്ചപ്പഴാണ് താൻ അദൃശ്യമായ ഒരു ചങ്ങലയാൽ ബന്ധനസ്ഥനാക്കപ്പെട്ടതറിഞ്ഞത്. സ്വാതന്ത്ര്യത്തിൻ്റെ ചിറക് കമ്പനിക്കാർ ഇതിനകം അരിഞ്ഞുകളഞ്ഞതവനറിഞ്ഞു. അഞ്ചു വർഷത്തെ ബോണ്ടിൻ്റെ പേരിലുള്ള ചങ്ങല . ഉണ്ണിയ്ക്ക് ജോലിയിൽ ശ്രദ്ധ കുറഞ്ഞു. യാത്ര ഒരു ലഹരി ആയിരുന്ന ഉണ്ണിക്ക് അതിനവസരം അടഞ്ഞപ്പോൾ മററു ലഹരി തേടിഞ്ഞുടങ്ങി.തൻ്റെ സമനില തെറ്റുന്നതായി ഉണ്ണിക്ക് തോന്നി. അങ്ങിനെ ഒരു ദിവസം തൻ്റെ കാഞ്ചനക്കൂട്ടിൽ തലതല്ലിച്ചത്ത പഞ്ചവർണ്ണത്തത്തയുടെ കൂട്ട് അവൻ ജീവനൊടുക്കി.ഉണ്ണിയുടെ മൃതദേഹം ആരും ഏറ്റെടുക്കാനില്ലാതെ വന്നില്ല. കമ്പനിക്കാർ എല്ലാ ബഹുമതിയോടും കൂടി ആ മൃതദേഹം സംസ്കരിച്ചു
Subscribe to:
Posts (Atom)