ഒരു കാനനക്ഷേത്രം ഒരുങ്ങുന്നു [നാലു കെട്ട് - 234 ]
പരിസ്ഥിതി സംരക്ഷണത്തിന് ദേവസങ്കൽപ്പങ്ങളെ ഉപാധി ആക്കിയ പൂർവ്വസൂരികളുടെ കാഴ്ചപ്പാടിനൊപ്പം ഇവിടെ ഒരു " കാനനക്ഷേത്രം' ഒരുങ്ങുന്നു. തറവാടിന്റെ വടക്കു കിഴക്കേ മൂലയിലാണ് വിശാലമായ സർപ്പക്കാട്. അതിനോട് ചേർന്നാണ് മുല്ലയ്ക്കൽ ക്ഷേത്രം. വനദുർഗ്ഗയും, വന യക്ഷിയും, കിരാതമൂർത്തിയും, കാനനവാസനും, നാഗരാജാവും, നാഗയക്ഷിയും ഒക്കെ അടങ്ങിയ ദേവസങ്കൽപ്പങ്ങൾ.
ഇതിന്റെ പുനരുദ്ധാരണ പാതയിലാണിപ്പോൾ. ക്ഷേത്രത്തിനു പുറകിലുള്ള ഒരേക്കറോളം ഭൂമി ശാസ്ത്രീയമായി കാടുപിടിപ്പിക്കാൻ പോകുന്നു. ഒരു ഹെർബെറിയ മായോ ഒരു ഫലവൃക്ഷത്തോട്ടമായോ ആ സ്ഥലം രൂപാന്തരം പ്രാപിക്കുമ്പോൾ ആ ഭൂമിയിൽ വനവൽക്കരണത്തിന് ഒരു പുതിയഭാവം കൈവരുന്നു. പ്രപഞ്ചത്തിലെ മുപ്പത്തിമുക്കോടി ചരാചരങ്ങളേയും ദൈവമായിക്കണ്ട് ആരാധിക്കാൻ പഠിപ്പിച്ച ഒരു വലിയ സംസ്കൃതിയുടെ കണ്ണിയാണ് ഞാനും. അതു കൊണ്ടൊക്കെ അവർക്കൊക്കെ വാസസ്ഥലം ഒരുക്കാനും സംരക്ഷിക്കാനുമുള്ള ഒരു എളിയ ശ്രമമായിക്കണ്ടാൽ മതി ഇതിനെ.
പഴയ ഓടും, തടിയും കരിങ്കല്ലും മാത്രം ഉപയോഗിച്ച് ഈ കാനനത്തിന് തൊടുകുറി ആയി ഒരു കൊച്ചു ശ്രീകോവിലും പരിസരവും. അത്രയെ ഉള്ളു. പ്രകൃതി ശക്തികളെ ദൈവങ്ങളായി ആരാധിച്ചിരുന്ന വേദകാലഘട്ടത്തിൽ ആകൃഷ്ടനാണ് ഞാനെന്നും. പഞ്ചഭൂതങ്ങൾ തുന്നിത്തന്ന ഈ പഴയ കുപ്പായം അഴിഞ്ഞു വീഴുന്നതിന് മുമ്പ് ഭൂമിദേവിക്ക് ഒരു പുനർജ്ജനീ മന്ത്രമായി സമർപ്പിയ്ക്കാനാണ് എനിക്ക് മോഹം.
No comments:
Post a Comment