Friday, December 23, 2016

അപ്പക്കാര.. [നാലു കെട്ട് - 1o 4 ]
ആ അപ്പക്കാരയുടെ പഴക്കം നിർണ്ണയിക്കുക അസാദ്ധ്യം. നല്ല ഘനമുണ്ടതിന്. കാലം ഇത്രയും കഴിഞ്ഞിട്ടും അതിന് ഒരു തേയ്മാനം പോലും സംഭവിച്ചിട്ടില്ല. ഉണ്ണിയപ്പം ഉണ്ടാക്കിയിരുന്നത് അതിലാണ്.
നല്ല ഉണ്ക്കലരി പൊടിച്ച് തരിയില്ലാതെ അരിച്ചെടുക്കും. നല്ല നാടൻ ശർക്കര പാവു കാച്ചി അരിച്ചെടുത്ത് അതിലൊഴിക്കും.ചെറുപഴം നന്നായി പ്പഴുത്തത് അതിൽ ചേർക്കൂം. അതു നന്നായി കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കും.ചെറുതായി അരിഞ്ഞെടുത്ത കൊട്ടത്തേങ്ങ അതിൽ ചേർക്കും. അത് കുറേ സമയം അങ്ങിനെ വയ്ക്കണം.താറവാട്ടിൽ അധികവും നേദിക്കാനുള്ള താകയാൽ മറ്റു കൂട്ടുകൾ മുത്തശ്ശൻ സമ്മതിക്കാറില്ല.
ഇനി അപ്പക്കാര അടുപ്പത്ത് വച്ച് ചാരം പറക്കാതെ അടുപ്പ് കത്തിക്കും. അതിൽ നല്ല പശുവിൻ നെയ്യ് ഒഴിക്കും .ചിലപ്പോൾ നെയ്യിനു പകരം വെന്ത വെളിച്ചണ്ണയും ഉപയോഗിക്കും. നെയ്യ് നന്നായി ചൂടായാൽ ഒരോ കഴിയിലും ഈ തയാറാക്കി വച്ച കൂട്ട് ഒഴിക്കും. നല്ല ആ കൃതിയിൽ ഉണ്ണിയപ്പം മൊരിഞ്ഞു വരും. പാകമായാൽ അതു മറിച്ചിടണം. അതിന്റെ നറുമണവും സ്വാദും ഉണ്ണിക്ക് മറക്കാൻ പറ്റുന്നില്ല. കൊട്ടാരക്കര ഗണപതിയുടെ പ്രസാദമായ ഉണ്ണിയപ്പം ഏറ്റവും സ്വാദിഷ്ടം. ആ സ്വാദിൽ ഇത് ഉണ്ടാക്കി എടുക്കുക അസാദ്ധ്യം എന്നു മുത്തശ്ശൻ പറയാറുണ്ട്.

No comments:

Post a Comment