Friday, December 9, 2016

        പെട്രോ മാക്സ് [ നാലു കെട്ട് - 102]
   
അതിന്റെ ചില്ലുകൾ അടർന്നിരിക്കുന്നു. പണ്ടത്തേ ആഘോഷങ്ങളുടെ ഒരു പ്രതീകമായി, ഒരോർമ്മയായി അതിന്നും ഇവിടുണ്ട്. സാധാരണ വിശേഷാൽ ദിവസങ്ങളിൽ ആണതിന്റെ ഉപയോഗം. അന്നു് കറണ്ടുകിട്ടിയിട്ടില്ല. ശരറാന്തലും 14 -ാം നമ്പരും ആണുപയോഗിക്കാറ്. വിശേഷ ദിവസങ്ങളിൽ പെട്രോമാക്സും. വിവാഹത്തിനും മറ്റും സദ്യ ഒരുക്കണം. തലേ ദിവസം തന്നെ എല്ലാവരും ഒത്തുകൂടും. പച്ചക്കറി വാങ്ങണം. പാത്രങ്ങൾ എത്തിക്കണം., കറിക്കു വെട്ടണം. പന്തൽ, അടുക്കളപ്പന്തൽ എന്തിനേറെ, അടുപ്പു പൂട്ടുന്നതു വരെ അന്ന് കൂട്ടായ്മയുടെ ഒരാഘോഷം ആണ്.
  രാത്രി ആയാൽ വെളിച്ചം പ്രശനമാണ്. ഏക ആശ്രയം ഈ വിളക്കാണ്. കൂടുതൽ വേണമെങ്കിൽ വാടകക്ക് കിട്ടും. അതു കൊളുത്തുന്നതു കാണാൻ കുട്ടികൾ വട്ടം കൂടും. ഒരു പായ്ക്കറ്റിൽ തൂവെള്ള നെറ്റ് പോലത്ത ഫിലമെന്റ് കരുതിയിരിക്കും. വിളക്കിന്റെ മുകൾ ഭാഗം ഉയർത്തി ഫിലമെന്റ് കെട്ടും.എന്നിട്ട് മണ്ണണ്ണ നിറച്ചു പമ്പു ചെയ്യും. മണ്ണണ്ണയുടെ സ്പ്രേ  ഫിലമെന്റിൽ എത്തുമ്പോൾ അത് കത്തിക്കും. അവിടെ മുഴുവൻ അതിന്റെ വെള്ളിവെളിച്ചം പരക്കും.കുട്ടികൾക്ക് അന്നതൊരത്ഭുതമാണ്. അതു കത്തിക്കുന്നവരോട് ഒരാരാധനയും. ഇടക്ക് അതു പമ്പു ചെയ്തു കൊടുക്കണം. അപൂർവ്വം കുട്ടികളേയും അനുവദിക്കാറുണ്ട്.
        ഇന്ന് ഇലട്രിസിറ്റി വന്നപ്പോൾ ഇവൻ അപ്രസക്തമായി. ഉത്സവപ്പറമ്പിലെ മൈതാനവാണിഭത്തിന് മാത്രമായി ഇവൻ ചുരുങ്ങി. സദ്യ പാഴ്സൽ ആയപ്പൊൾ ആഘോഷത്തിന്റെ കൂട്ടായ്മ്മക്ക് ഭംഗം വന്നു. വിളമ്പാൻ പോലും കൂലിക്കു ആളായി 'പണ്ടത്തെ സദ്യയുടെ ആ ജീവൻ നഷ്ടപ്പെട്ടു.ആ പെട്രോമാക്സിന്റെ ചൈതന്യം പോലെ അന്നത്തെ ആ ഒരുമയും ന ഷ്ടമായി

No comments:

Post a Comment