Saturday, March 22, 2025

ബാലുശ്ശേരി കോട്ടയിൽ "വേട്ടയ്ക്കൊരു മകൻ " പരദേവത ആയി [കാനന ക്ഷേത്രങ്ങളിലൂടെ - 48] ശത്രു ശല്യം കൊണ്ട് പൊറുതിമുട്ടിയകറുമ്പനാട് രാജാവ് മഹാദേവനെ ശരണം പ്രാപിച്ച് ഭജനം തുടങ്ങി.തൻ്റെ മകനായ വേട്ടക്കൊരുമകനെ തഞ്ചുമലയിൽ പ്പോയി തപസ്സു ചെയ്തു പ്രീതിപ്പെടുത്തൂ. എന്നൊരു സ്വപ്ന ദർശനം ഉണ്ടായി.അങ്ങിനെ രാജാവ് തപസു ചെയ്ത് വേട്ടയ്ക്കൊരു മകനെ പ്രത്യക്ഷപ്പെടുത്തി. ബാലുശേരിക്കോട്ടയിലെത്തി നാടിനെ രക്ഷിക്കണമെന്നപേക്ഷിച്ചു. ഞാൻ എത്തിക്കൊള്ളാമെന്നും ഭിക്ഷക്കാർക്കും പാവങ്ങൾക്കും "അരി അളവ് " നിശ്ചയിക്കാനും പറഞ്ഞു. വേട്ടക്കൊരുമകൻ ഒരു സന്യാസിയുടെ വേഷത്തിൽ അരിഅളവ് നടക്കുന്ന സമയത്ത് കോട്ടയിൽ എത്തി. എല്ലാവർക്കും നാഴി അരി വീതം വിതരണം ചെയ്യുന്ന സമയമായിരുന്നു. "ഒരോരുത്തർക്കും ആവശ്യമുള്ളത്ആണ് കൊടുക്കണ്ടത് ' എനിക്ക് നാഴി ഉരി വേണം" കാര്യസ്ഥൻ സമ്മതിച്ചില്ല. കോപിഷ്ടനായ സന്യാസി കിട്ടിയ അരി മുഴുവൻ വഴിയിൽ വിതറി തിരിച്ചു പോയി. ഈ വിവരം രാജാവ് അറിഞ്ഞപ്പോൾ വന്നത് ഭഗവാനാണന്ന് രാജാവിന് മനസ്സിലായി.പെട്ടന്നു് തന്നെ തൻ്റെ വിശ്വസ്തൻ കുട്ടിപ്പട്ടരെ നിയോഗിച്ചു. എങ്ങിനെയും അദ്ദേഹത്തെ പ്രീതിപ്പെടുത്തി തിരിച്ചു കൊണ്ടുവരണമെന്ന് കൽപ്പിച്ചു. അവസാനം ഒരാൽത്തറയിൽ വിശ്രമിക്കുന്ന സന്യാസിയേ കണ്ടുമുട്ടി. സമസ്താപരാധം പറഞ്ഞ് സാഷ്ടാംഗം നമസ്ക്കരിച്ച് തിരിച്ചു വരണമെന്നപേക്ഷിച്ചു.സംപ്രീതനായ ഭഗവാൻ പട്ടരോട് എഴുനേൽക്കാൻ ആവശ്യപ്പെട്ടു.വാരാമെന്നു സമ്മതിച്ചാലേ എഴുനേൽക്കു എന്ന് ശഠിച്ച പട്ടരേ സമാധാനിപ്പിച്ച് കൂടെ കൂട്ടി കോട്ടയിലെത്തി. വേട്ടക്കൊരുമകൻ എത്തിയപ്പോൾ അവിടുത്തെ ഭഗവതി ഭവ്യതയോടെ മാറിക്കൊടുത്തു. പക്ഷേ അവിടുത്തെ "കരിയാത്തൻ തേവർ " എഴുനേറ്റിലന്നു മാത്രമല്ല ദേവനെ ധിക്കരിക്കുകയും ചെയ്തു. അദ്ദേഹം കരിയാത്ത നെ എടുത്തെറിഞ്ഞു. കരിയാത്തൻ ചെന്നു വീണ പാറ ഇന്ന് കരിയാത്തൻ്റെ അമ്പലമാണ്.അദ്ദേഹത്തിന് കുടിവെള്ളത്തിന് തൻ്റെ ചുരിക കൊണ്ട് ഒരു കിനറും പണിത് കൊടുത്തു. കുട്ടിപ്പട്ടർക്ക് " നമസ്ക്കാരപ്പട്ടർ " എന്ന പദവിയുo അവകാശങ്ങളും കൽപ്പിച്ചു നൽകി.ഉപദേവതമാർക്ക് പരദേശ ബ്രാഹ്മണർ പൂജചെയ്യുന്ന ക്ഷേത്രം ബാലുശേരി കോട്ടയാണ്. ആദ്യം വന്നപ്പോൾ കോട്ടയിലേക്ക് വഴി കാണിച്ചു കൊടുത്ത " കാര കുറനായരെ "തൻ്റെ കോമരമായും അംഗീകരിച്ചു.കോട്ടയിലെ ആരാധനയിലും മറ്റെല്ലാ കാര്യങ്ങൾക്കും എല്ലാ ജാതിയിൽപ്പെട്ടവർക്കും പ്രാതിനിധ്യം നൽകണമെന്നും ദേവൻ ആവശ്യപ്പെട്ടു.ബാലുശ്ശേരി കോട്ടയിലെ നാലുകെട്ടിൻ്റെ ഭിത്തിയിൽ അങ്ങിനെ ആ ദേവചൈതന്യം ലയിച്ചു ചേർന്നു.അവിടത്തെ പ്രധാന വഴിപാട് പന്തീരായിരം തേങ്ങ ഏറുംപാട്ടും ആണ് '