Saturday, March 22, 2025

ബാലുശ്ശേരി കോട്ടയിൽ "വേട്ടയ്ക്കൊരു മകൻ " പരദേവത ആയി [കാനന ക്ഷേത്രങ്ങളിലൂടെ - 48] ശത്രു ശല്യം കൊണ്ട് പൊറുതിമുട്ടിയകറുമ്പനാട് രാജാവ് മഹാദേവനെ ശരണം പ്രാപിച്ച് ഭജനം തുടങ്ങി.തൻ്റെ മകനായ വേട്ടക്കൊരുമകനെ തഞ്ചുമലയിൽ പ്പോയി തപസ്സു ചെയ്തു പ്രീതിപ്പെടുത്തൂ. എന്നൊരു സ്വപ്ന ദർശനം ഉണ്ടായി.അങ്ങിനെ രാജാവ് തപസു ചെയ്ത് വേട്ടയ്ക്കൊരു മകനെ പ്രത്യക്ഷപ്പെടുത്തി. ബാലുശേരിക്കോട്ടയിലെത്തി നാടിനെ രക്ഷിക്കണമെന്നപേക്ഷിച്ചു. ഞാൻ എത്തിക്കൊള്ളാമെന്നും ഭിക്ഷക്കാർക്കും പാവങ്ങൾക്കും "അരി അളവ് " നിശ്ചയിക്കാനും പറഞ്ഞു. വേട്ടക്കൊരുമകൻ ഒരു സന്യാസിയുടെ വേഷത്തിൽ അരിഅളവ് നടക്കുന്ന സമയത്ത് കോട്ടയിൽ എത്തി. എല്ലാവർക്കും നാഴി അരി വീതം വിതരണം ചെയ്യുന്ന സമയമായിരുന്നു. "ഒരോരുത്തർക്കും ആവശ്യമുള്ളത്ആണ് കൊടുക്കണ്ടത് ' എനിക്ക് നാഴി ഉരി വേണം" കാര്യസ്ഥൻ സമ്മതിച്ചില്ല. കോപിഷ്ടനായ സന്യാസി കിട്ടിയ അരി മുഴുവൻ വഴിയിൽ വിതറി തിരിച്ചു പോയി. ഈ വിവരം രാജാവ് അറിഞ്ഞപ്പോൾ വന്നത് ഭഗവാനാണന്ന് രാജാവിന് മനസ്സിലായി.പെട്ടന്നു് തന്നെ തൻ്റെ വിശ്വസ്തൻ കുട്ടിപ്പട്ടരെ നിയോഗിച്ചു. എങ്ങിനെയും അദ്ദേഹത്തെ പ്രീതിപ്പെടുത്തി തിരിച്ചു കൊണ്ടുവരണമെന്ന് കൽപ്പിച്ചു. അവസാനം ഒരാൽത്തറയിൽ വിശ്രമിക്കുന്ന സന്യാസിയേ കണ്ടുമുട്ടി. സമസ്താപരാധം പറഞ്ഞ് സാഷ്ടാംഗം നമസ്ക്കരിച്ച് തിരിച്ചു വരണമെന്നപേക്ഷിച്ചു.സംപ്രീതനായ ഭഗവാൻ പട്ടരോട് എഴുനേൽക്കാൻ ആവശ്യപ്പെട്ടു.വാരാമെന്നു സമ്മതിച്ചാലേ എഴുനേൽക്കു എന്ന് ശഠിച്ച പട്ടരേ സമാധാനിപ്പിച്ച് കൂടെ കൂട്ടി കോട്ടയിലെത്തി. വേട്ടക്കൊരുമകൻ എത്തിയപ്പോൾ അവിടുത്തെ ഭഗവതി ഭവ്യതയോടെ മാറിക്കൊടുത്തു. പക്ഷേ അവിടുത്തെ "കരിയാത്തൻ തേവർ " എഴുനേറ്റിലന്നു മാത്രമല്ല ദേവനെ ധിക്കരിക്കുകയും ചെയ്തു. അദ്ദേഹം കരിയാത്ത നെ എടുത്തെറിഞ്ഞു. കരിയാത്തൻ ചെന്നു വീണ പാറ ഇന്ന് കരിയാത്തൻ്റെ അമ്പലമാണ്.അദ്ദേഹത്തിന് കുടിവെള്ളത്തിന് തൻ്റെ ചുരിക കൊണ്ട് ഒരു കിനറും പണിത് കൊടുത്തു. കുട്ടിപ്പട്ടർക്ക് " നമസ്ക്കാരപ്പട്ടർ " എന്ന പദവിയുo അവകാശങ്ങളും കൽപ്പിച്ചു നൽകി.ഉപദേവതമാർക്ക് പരദേശ ബ്രാഹ്മണർ പൂജചെയ്യുന്ന ക്ഷേത്രം ബാലുശേരി കോട്ടയാണ്. ആദ്യം വന്നപ്പോൾ കോട്ടയിലേക്ക് വഴി കാണിച്ചു കൊടുത്ത " കാര കുറനായരെ "തൻ്റെ കോമരമായും അംഗീകരിച്ചു.കോട്ടയിലെ ആരാധനയിലും മറ്റെല്ലാ കാര്യങ്ങൾക്കും എല്ലാ ജാതിയിൽപ്പെട്ടവർക്കും പ്രാതിനിധ്യം നൽകണമെന്നും ദേവൻ ആവശ്യപ്പെട്ടു.ബാലുശ്ശേരി കോട്ടയിലെ നാലുകെട്ടിൻ്റെ ഭിത്തിയിൽ അങ്ങിനെ ആ ദേവചൈതന്യം ലയിച്ചു ചേർന്നു.അവിടത്തെ പ്രധാന വഴിപാട് പന്തീരായിരം തേങ്ങ ഏറുംപാട്ടും ആണ് '

Thursday, March 20, 2025

ബാലുശ്ശേരിക്കോട്ട - വേട്ടയ്ക്കൊരു മകൻ്റെ മൂല ക്ഷേത്രം [ കാനനക്ഷേത്രങ്ങളിലൂടെ - 47] അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാളവേഷം കെട്ടി വന്ന ശിവപാർവ്വതിമാർക്ക് ജനിച്ച കുട്ടി ആണ് വേട്ടയ്ക്കൊരു മകൻ.മകനെ അവർ കാട്ടിലുപേക്ഷിച്ച് മടങ്ങി. "നിന്നെ ത്രിലോകത്തിൽ ആർക്കും ജയിക്കാൻ കഴിയില്ല " എന്നൊരു വരവും മകന് കൊടുത്ത നുഗ്രഹിച്ചാണ് അവർ പോയത്. അവൻ വെട്ടയാടി കാട്ടുജാതിക്കാർക്കൊപ്പം വളർന്നു. വലിയ ഒരു യോദ്ധാവായി.അപരാജിതനായ വില്ലാളിവീരൻ. തൻ്റെ ഇഷ്ട ആയുധമായ അമ്പും വില്ലും ഉപയോഗിച്ച് സകലരെയും തോൽപ്പിച്ചു.അങ്ങിനെ വേട്ടക്കൊരുമകൻ ദൈവങ്ങൾക്കും പേടി സ്വപനമായി.അവർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. മഹാവിഷ്ണു അതി മനോഹരമായ ഒരു സ്വർണ്ണച്ചുരികയുമായി ബ്രാഹ്മണ വേഷത്തിൽ അവൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. യുദ്ധപ്രിയനായ ശിവപുത്രന് ആ ചുരിക വേണമെന്നായി. അവസാനം ആ ബ്രാഹ്മണൻ സമ്മതിച്ചു. ഉപാധികളോടെ.ഈ ചുരിക താഴെ വയ്ക്കുകയോ കൈമാറുകയോ ചെയ്യരുത്. അതി മനോഹരമായ ആ ചുരിക തിരികെ ഏൾപ്പിക്കാൻ ആ യോദ്ധാവിന് മടി ആയിരുന്നു. ബ്രാഹ്മണ വേഷധാരി ആയ മഹാവിഷ്ണു അപ്പഴേക്കും അപ്രത്യക്ഷനായിരുന്നു. അപ്പഴാണ് അതിലെ ചതി ശിവപുത്രന് മനസിലായത്. ഈ ചുരിക താഴെ വയ്ക്കാതെ എങ്ങിനെ അമ്പും വില്ലും കൊണ്ടു യുദ്ധം ചെയ്യുo ' അതിന് രണ്ടു കയ്യും വേണമല്ലോ. പക്ഷെ ആ പോരാളി തളർന്നില്ല. ആ ചുരികയിൽ അവൻ പ്രാവീണ്യം നേടി.അങ്ങിനെ വേട്ടക്കൊരുമകൻ യാത്ര തുടർന്നു.ബാലുശേരി കോട്ടയിൽ വേട്ടക്കൊരു മകൻ പരദേവതാപ്രതിഷ്ഠ നേടിയ കഥ അടുത്തതിൽ

Saturday, March 15, 2025

വള്ളിക്കാട്ടുകാവിലെ "ജലദുർഗ്ഗ " [ കാനനക്ഷേത്രങ്ങളിലൂടെ - 46] പ്രകൃതി രമണീയമായ ചിക്കിലോട്ട് ഗ്രാമം. അവിടെ എടക്കരയിലാണ് വള്ളിക്കാട്ട്കാവ്. വള്ളിപ്പടർപ്പുകളും വന്മരങ്ങളും നിറഞ്ഞ ഔഷധസസ്യങ്ങൾ കൊണ്ട് നിബിഡമായ ഒരു കാനന ക്ഷേത്രം. ഇരുപത്തി ഏഴ് ഏക്കർ നി ബിഡമായ വനത്തിനു നടുവിൽ ഒരു സ്വയംഭൂ ക്ഷേത്രം. വനത്തിന് മുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു ചെറിയ കാട്ടുചോല വിഗ്രഹത്തിൽ പതിച്ച് താഴേക്ക് ഒഴുകുന്നു. അവസാനം അത് ഒരു തീർത്ഥകുളത്തിൽ സംഭരിക്കുന്നു. ഔഷധ സമ്പത്തിനാൽ ധന്യമായ ഈ പുണ്യ ജലം ഏതു വേനലിലും ഇടമുറിയാതെ ഒഴുകിക്കൊണ്ടിരിയ്ക്കും. നമ്മൾ ഒരു നടവരമ്പിലൂടെ നടന്ന് വള്ളിക്കാട്ടുകാവിൻ്റെ കവാടത്തിൽ എത്തുന്നു.പണ്ട് ,അവിടെ മുങ്ങിക്കുളിച്ച് ഈറനുടുത്ത് ആ ചെറിയ നീരൊഴുക്കിലൂടെ കാടിനുളളിലേക്ക് പ്രവേശിക്കും. അതൊരനുഭൂതിയാണ്. സൂര്യബിംബത്തെ വരെ മറയ്ക്കുന്ന നിബിഡമായ വനം. വിവിധ തരം അംബരചുംബികളായ മരങ്ങൾ, വള്ളിപ്പടർപ്പുകൾ, ഉയർന്നു നിൽക്കുന്ന വലിയ ഭീകരരൂപം പൂണ്ട വേരുകൾ, മൂവായിരത്തോളം ഇനം ജീവികളും സസ്യങ്ങളും, പത്തു പേർ ഒത്തുപിടിച്ചാൽ പോലും വട്ടമെത്താത്ത മരങ്ങൾ, കുരങ്ങന്മാർക്ക് പോലും കയറാൻ പറ്റാത്ത പ്രത്യേകതരം മരങ്ങൾ... എന്നു വേണ്ട അവിടുത്തെ ജൈവസമ്പത്തുകൾ വിവരിച്ചാൽ തീരില്ല. ഇവിടെ കുരങ്ങന്മാരുടെ ആവാസ കേന്ദ്രമാണ ന്നു പറയാം. ദർശ്ശനത്തിന് വരുന്നവർ അവർക്കു കൊടുക്കാൻ പഴങ്ങളും മറ്റും കരുതും. വഴിപാട് കഴിച്ച് അത് ഈവാനരന്മാർക്ക് കൊടുക്കുന്നത് ഇവിടെ വഴിപാടിൻ്റെ ഭാഗമാണ്. അവിടെ അതിനായി ഒരു വലിയ തറ പണിതിട്ടുണ്ട്. അവിടെ ആഹാരം വച്ച് കൈ കൊട്ടിയാൽ അവർ കൂട്ടമായി വന്ന് കഴിച്ചു പോകും.അവരുടെ കളികൾ കണ്ടിരിക്കുന്നത് കൗതുകകരമാണ്. കുരങ്ങന്മാരെ ഊട്ടുന്ന "കുടുക്കച്ചോർ " ഇവിടത്തെ പ്രധാന വഴിപാടാണ്. അമ്പത് മൺകുടങ്ങളിൽ നേദിച്ച നിവേദ്യം ഈ കുരങ്ങന്മാർക്ക് കൊടുക്കുമ്പോൾ വഴിപാട് പൂർത്തിയാകുന്നു. സന്താന ലബ്ദ്ധിക്ക് ഇത് വിശേഷമാണന്നൊരു വിശ്വാസമുണ്ട്.മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ അപൂർവ്വ വനദുർഗ്ഗാക്ഷേത്രം എൻ്റെ വാമഭാഗത്തിൻ്റെ ഇല്ലത്തിനടുത്താണ്. രാവിലെ അവിടെപ്പോയി ഒരു പകൽ മുഴുവൻ ആ കാട്ടിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്. ജീവിതത്തിലെ സകല പിരിമുറുക്കങ്ങളും മറന്നു്, ഒരതീന്ദ്രിയധ്യാനത്തിൻ്റെ വക്കിൽ വരെ എത്തുന്ന അനുഭൂതി ! കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രകൾ തുടരുന്നു.

Monday, March 3, 2025

ലഹരി [ ലംബോദരൻ മാഷും തിരുമേനിം-49] " എന്നാലും ഈ കുട്ടികൾ ഇങ്ങിനെ തുടങ്ങിയാൽ ഞങ്ങൾമാഷന്മാർ എന്തു ചെയ്യും?""എന്താ മാഷേ ഇന്നത്തെ വിഷയം.""തിരുമേനീ കുട്ടികൾ സ്കൂളിൽ മയക്ക് മരുന്ന് ഉപയോഗിക്കന്നു. അക്രമാസക് ആരാകുന്നു. മയക്കുമരുന്നിനടിമ ആയാൽ എന്തൊക്കെയാണ് ചെയ്യുക എന്നറിയില്ല ""ഇതിനൊക്കെ എതിരായി നിന്ന് പോരാടേണ്ട മാഷന്മാർ തന്നെ ഇങ്ങിനെ നിസ്സഹായരായാൽ കഷ്ടമാണ്. ""പേടിയാണ് തിരുമേനി.ഇതിനെതിരായി ശബ്ദിച്ചാൽ അവർ വെറുതേ വിടുകയില്ല.ബവരുടെ പുറകിൽ എന്തിനും പൊന്നമാഫിയ സംഘമുണ്ട്.""അത് മാത്രമല്ല മഷേ .സ്ക്കൂളിൽ അങ്ങിനെ ഒരു പ്രശ്നം ഉണ്ടായാൽ അവർ അതു മൂടിവയ്ക്കുന്നു. സ്കൂളിൻ്റെ അന്തസിനെ ബാധിക്കമത്രേ""പിന്നെ രക്ഷകർത്താക്കൾ അവരും അവരുടെ കുട്ടി അതിൽപ്പെട്ടാൽ മറച്ചുവയ്ക്കുന്നു. കേസായാൽ അവരുടെഭാവി അപകടമാകുമത്രേ?""കുട്ടികൾ അറിയാതെ ഇതിൽപ്പെട്ടാൽ ചാനലുകാർക്കും പൊലീസുകാർക്കും വിചാരണക്ക് വിട്ടുകൊടുക്കണമെന്നല്ല. അവരേ കൗൺസിലിഗ് നടത്തി അവനെ മാറ്റി എടുക്കാനുള്ള സംവിധാനം നമ്മുടെ പൊലീസിനുണ്ട്''" നമുക്കെന്തു ചെയ്യാനാകും. തിരുമേനീ ." "ഇതിനിരയാകുന്ന കുട്ടികളേ അല്ല പിടിക്കണ്ടത്. അവർക്ക് ഈ മയക്കുമരുന്ന് എത്തിക്കുന്ന സോഴ്സ് ആണു കണ്ടു പിടിക്കണ്ടത് ""നമ്മുടെ കുഞ്ഞുങ്ങളെ ഈ പതനത്തിൽ നിന്ന് രക്ഷിക്കാൻ നമുക്കൊന്നിച്ച് ശ്രമിക്കാം മാഷേ"