Wednesday, February 2, 2022

നാഗപഞ്ചമി [കീ ശക്കഥകൾ - 155] വനപാലകർ കാട്ടിലെത്തിച്ച് ആ കൂടു തുറന്നു."ബാബ പറഞ്ഞു കൊണ്ടു മാത്രം നിന്നെ വെറുതെ വിടുന്നു.അല്ലങ്കിൽത്തല്ലിച്ചതച്ച് കൊന്നേനേ "അവൻ കാട്ടിലേക്ക് ശരവേഗത്തിൽ ഇഴഞ്ഞു നീങ്ങി. അവൻ്റെ താവളത്തിൽ എത്തിയപ്പോൾ ചുറ്റുനിന്നും ശീൽക്കാരം.നാഗരാജൻ്റെ പുറകിൽ സകല നാഗങ്ങളും. അവ ശാപവചനങ്ങളോടെ അവന് ചുറ്റും കൂടി."നീ എന്തക്രമമാണ് കാണിച്ചത്. എന്തിനാണ് ബാബയെ മാരകമായി കടിച്ച് മുറിവേൽപ്പിച്ചത്.ബാബ ആരാണന്നു നിനക്കറിയോ? നമ്മുടെ വംശത്തിൻ്റെ രക്ഷകനാണ്. മനുഷ്യർ എവിടെ വച്ചു കണ്ടാലും നമ്മളെത്തല്ലിക്കൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു അതിന് മാറ്റം വരുത്തിയത്‌ ബാബയാണ്. പാമ്പുകൾ മനുഷ്യരുടെ ശത്രു അല്ല എന്നവരെ അദ്ദേഹം പഠിപ്പിച്ചു കൊടുത്തു. നമ്മളെ പൂജിക്കുന്ന ഒരു പാട് ഇടങ്ങളുണ്ട് അവിടെ. അവിടെക്കയറിയാണ് നീ അതിക്രമം കാണിച്ചത്.ബാബ നമ്മുടെ രാജവംശത്തിലെ ഇരുനൂറോളം നാഗങ്ങളെ ആണ് രക്ഷിച്ച് കാട്ടിലെത്തിച്ചത്.അതു പോലെ 38000 ത്തോളം മററു പാമ്പുകളേയും.ജനമേജയരാജാവിൻ്റെ സർപ്പയാഗം തടഞ്ഞ ആസ്തികൻ്റെ അവതാരമാണ് ബാബ എന്ന് നമ്മുടെ കുലം വിശ്വസിക്കുന്നു. എന്നിട്ടാണ് നീ ആ മനുഷ്യനെ ദംശിച്ചത്. അതിനുള്ള ശിക്ഷ നീ അനുഭവിക്കണം""ഞാൻ മാത്രമല്ലല്ലൊ... ഇതിനു മുമ്പ് പല പ്രാവശ്യം നമ്മുടെ വംശം അയാളെ ദംശിച്ചിട്ടുണ്ടല്ലോ?"" ഉണ്ട് പക്ഷെ അത് അദ്ദേഹത്തിൻ്റെ രക്ഷക്കായിരുന്നു. നീ പറഞ്ഞത് ശരിയാണ് 300 തവണ എങ്കിലും കടിച്ചിട്ടുണ്ട് ചെറിയ ഇടവേളകളിൽ.വിഷത്തിനെതിരെ ബാബയുടെ ശരീ രത്തിൽ പ്രതിരോധം തീർക്കാനായിരുന്നു അത്. ചെറിയ ദംശനം മാത്രം. പക്ഷേ നീ ചെയ്തതല്ല. ബാക്കിയുള്ളവരിൽ നിന്ന് നിൻ്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അതിക്രൂരമായി അദ്ദേഹത്തിൻ്റെ തുടയിലെ പ്രധാന ഞരമ്പിൽത്തന്നെ ആഞ്ഞു കൊത്തി. ദംശനം ഏറ്റിട്ടും ബാബ ചെയ്തതെന്താണന്ന് നിനക്കറിയോ ബാക്കിയുള്ളവരുടെ ക്രോധത്തിൽ നിന്നും നിന്നെ രക്ഷിച്ച് കാട്ടിൽ ക്കൊണ്ടുവിടാൻ ഏർപ്പാടാക്കിയാണ് ആശുപത്രിയിലേയ്ക്ക് പോയത്.""എനിക്ക് തെറ്റുപറ്റി ഞാനെന്തു പ്രായശ്ചിത്തമാണ് ചെയ്യുക. മുത്തശ്ശൻ പഠിപ്പിച്ചു തന്ന ഒരു വിദ്യയുണ്ട്. കടിച്ച് വിഷമിറക്കി സ്വയം മരിച്ചുവീഴുക .അതു ചെയ്യാൻ ഞാൻ തയാറാണ്. പക്ഷേ ഇപ്പോൾ അതിന് സാധ്യതയില്ലല്ലോ?""മാർഗ്ഗമുണ്ട്.ഇത് ശ്രാവണമാസത്തിലെ വെളുത്ത പക്ഷമാണ്.അതിന് അഞ്ചാം നാൾപഞ്ചമി.ആ നാഗപഞ്ചമി വരെ നീ ജലപാനം കഴിയ്ക്കാതെ ബാബയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം. അഞ്ചു ദിവസം നീ പഞ്ചാഗ്നി നടുവിൽ അവനു വേണ്ടി നാഗരാജാവിനോട് പ്രാർത്ഥിക്കണം. അഞ്ചു ദിവസം ആ ജീവൻ പിടിച്ചു നിർത്താൻ സാധിച്ചാൽ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷ പെടും. രക്ഷിക്കാനായില്ലങ്കിൽ നീ ആ അഗ്നിയിൽചാടി ആത്മാഹൂതി ചെയ്യണം. ഞങ്ങൾ ചുറ്റും കാവലുണ്ടാകും.""ഞാനദ്ദേnത്തെ രക്ഷിക്കും ഉറപ്പ്.അല്ലങ്കിൽ ഞാൻ അഗ്നിയിൽ ആത്മാഹൂതി ചെയ്യും" അതൊരു ഉറച്ച ശബ്ദമായിരുന്നു.

No comments:

Post a Comment