Tuesday, October 5, 2021

കുട നന്നാക്കാനുണ്ടോ.... കുട.. [ കീശക്കഥകൾ - 145 ] ആ ഈണത്തിലുള്ള ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. താടിയും മുടിയും നീട്ടി വളർത്തിയ ഒരവധൂതൻ. വരൂ. ഞാൻ കേടുവന്ന കുട അയാളെ ഏൾപ്പിച്ചു. അയാൾ ആ മുറ്റത്ത് പടിഞ്ഞിരുന്നു. ഭാണ്ഡം തുറന്ന് പണി തുടങ്ങി."ഈ ചെറിയ കുട നന്നാക്കിത്തന്നാൽ നിങ്ങൾ രക്ഷപെടുമോ? ഈ നാട് രക്ഷപെടുമോ?" അയാൾ പൊട്ടിച്ചിരിച്ചു. ഞാൻ അന്തം വിട്ടു. ആരാണിങ്ങേര്.എന്താണിങ്ങേര് പറയുന്നത്." ഇതു ഞാൻ നന്നാക്കിത്തരാം എന്നാൽ ജഗന്നിയന്താവ് ഒരു വലിയ കുട നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അതിനു കേടുവന്നു തുടങ്ങി. അതു നന്നാക്കാൻ നിങ്ങളും കൂടെക്കൂടണം." പിന്നേയും ദുരൂഹത .എന്താണിങ്ങേര് പറയുന്നത്. അയാൾ എന്നെ ശ്രദ്ധിക്കാതെ കുടയുടെ പണി തുടങ്ങി. എന്തോ.. ആ കണ്ണുകളിലെ തീഷ്ണത .ആ വാക്കുകളിലെ മൂർച്ച.ആകെ ഒരു പൊരുത്തക്കേട്. "ആരാ അങ്ങ് " എവിടെയോ പരിചയമുള്ള ശബ്ദം."ഞാനാരെന്നതല്ല പ്രശ്നം. ഞാനെന്തു ചെയ്യുന്നു എന്നതാണ് പ്രശ്നം. മനുഷ്യരുടെ അത്യാർത്തി കൊണ്ടും, അതിക്രമം കൊണ്ടും നശിച്ചു കൊണ്ടിരിക്കുന്ന ആ വലിയ കുടനന്നാക്കുന്നതിൻ്റെ അനിവാര്യത പറഞ്ഞു മനസിലാക്കാൻ ഈ പണിയ്ക്കിറങ്ങിയതാണ്." അയാൾ പൊട്ടിച്ചിരിച്ചു.പെട്ടന്ന് ആ മുഖത്ത് ഗൗരവം പടർന്നു."നിങ്ങളുടെ ഒക്കെ അത്യാർത്തി കൊണ്ട്, മനുഷ്യനിർമ്മിതമായ രാസവസ്തുക്കൾ ഭൂമിയിൽ നിറഞ്ഞു. നിങ്ങൾ വനം മുഴുവൻ വെട്ടിനശിപ്പിച്ചു. സൂര്യഭഗവാൻ്റെ ശാപകരണങ്ങൾ ഭൂമിയിൽ പതിച്ചു തുടങ്ങി. അതിനെ തടഞ്ഞു നിർത്തുന്ന കുടക്ക് കേടുവന്നിരിക്കുന്നു. നാടു മുഴുവൻ ചർമ്മാർ ബുദം കൂടി വന്നു. സസ്യജാലങ്ങളുടെ പ്ലവങ്ങൾ നശിച്ച് ഇലകൾ ചെറുതായിരിക്കുന്നു. ആഗോള താപനം കൂടുന്നു. പകർച്ചവ്യാധികൾ പെരുകുന്നു. എന്നിട്ടും പഠിച്ചില്ല.""അത്ഭുതം! അങ്ങ് വെറും ഒരു കുട നന്നാക്കകാരനല്ല ആരാണങ്ങ് "ഞാനദ്ദേഹത്തെ സൂക്ഷിച്ചു നോക്കി.അതെ.. എൻ്റെ സംശയം ശരിയാണ്. സൂര്യൻ മാഷ് ! അതെ ഞങ്ങളുടെ പ്രിയപ്പെട്ട സൂര്യൻ മാഷ്. " ഞാൻ ഞട്ടി എഴുനേറ്റു. പരിസ്ഥിതി പഠനത്തേപ്പറ്റി നമുക്ക് പഠിപ്പിച്ചു തന്ന എൻ്റെ മാഷ്.ഒരു ഭ്രാന്തൻ്റെ കൂട്ട് അന്ന് സ്കൂളിൻ്റെ പടിയിറങ്ങിയ മാഷേ പിന്നെ ആരും കണ്ടിട്ടില്ല. ഇത് മാഷ് തന്നെ. ക്ഷമിക്കൂ... വരൂ അകത്തിരിക്കാം " മാഷ് പൊട്ടിച്ചിരിച്ചു. തൻ്റെ സൂര്യൻ മാഷ് തന്നെ. സൂര്യൻ്റെ ദുഷ്ട കിരണങ്ങളിൽ നിന്ന് രക്ഷപെടാനുള്ള മാർഗ്ഗം ഉപദേശിച്ചതിത് ഭ്രാന്തനെന്ന് പട്ടം നൽകി പടി അടച്ചു പിണ്ഡം വയ്ക്കപ്പെട്ട പഴയ മാഷ് തന്നെ. മാഷ് വീണ്ടും പൊട്ടിച്ചിരിച്ചു."കുട നന്നാക്കാരുണ്ടോ" മാഷ് നീട്ടി വിളിച്ച് നടന്നകന്നു. അനിയൻ തലയാറ്റും പിള്ളി

No comments:

Post a Comment