Tuesday, September 7, 2021

ശ്രീ.മമ്മൂട്ടിയുമായി ഒരിയ്ക്കൽ.... മമ്മൂട്ടി എന്ന മഹാനടന് ഇന്ന് എഴുപത് വയസ്.മുമ്പ് മമ്മൂട്ടിയേ നേരിൽക്കാണാനും, സംസാരിയ്ക്കാനും കിട്ടിയ അവസരം മറക്കില്ല.2007-ൽ ആയിരുന്നു കുറിച്ചിത്താനം പൂതൃക്കോവിലിൽ 25-ാമത് ഭാഗവതസത്രം അരങ്ങേറിയത്.ഏഴു ദിവസത്തെ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾക്ക് ശേഷം സമാപന സമ്മേളനം. സമ്മേളനത്തിൽ മുഖ്യാധിഥി മമ്മൂട്ടി വേണം. മള്ളിയൂരും അന്ന് അതിന് താൽപ്പര്യം പ്രകടിപ്പിച്ചു. ഞാനും ശ്രീ ബാബു നമ്പൂതിരിയും കൂടിയാണ് അദ്ദേഹത്തെ കാണാൻ പോയത്.ഷൂട്ടി സ്ഥലത്തു വന്നാൽ സൗകര്യമാണ് എന്നറിയിച്ചതനുസരിച്ച് അവിടെച്ചെന്നു. ഞങ്ങളെ സ്വീകരിച്ചിരുത്തി "ഇപ്പം വരാം " എന്നു പറഞ്ഞ് ഷൂട്ടി ഗിന് പോയി. പത്തു മിനിട്ടിനകം തിരിച്ചു വന്നു.ബാബു നമ്പൂതിരി വിഷയം അവതരിപ്പിച്ചു. അദ്ദേഹം ഒന്നു ചിരിച്ചു. " ഇത്ര മഹത്തായ ഒരുആത്മീയ വേദിയിൽ ഞാൻ സംസാരിച്ചാൽ പ്രശ്നമാവില്ലല്ലോ?" പിന്നെകുറേ നേരം സംസാരിച്ചിരുന്നു. സത്ര വേദിയിലെ പ്രഭാഷണങ്ങളേപ്പററിയും ഒക്കെ ചോദിച്ചറിഞ്ഞു. പിന്നെ ഹിന്ദു പുരാണത്തിലേയ്ക്കും ഭഗവത് ഗീതയിലേയ്ക്കും സംസാരം നീണ്ടു.അന്ന് ഞട്ടിപ്പോയത് ഞങ്ങളാണ്.ഈ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അവഗാഹം ഞങ്ങളെഞട്ടിച്ചു കളഞ്ഞു. നല്ല വായനയുള്ള അപൂർവ്വം കലാകാരന്മാരിൽ ഒരാളാണദ്ദേഹം. വാക്കു പറഞ്ഞ പോലെ കൃത്യസമയത്ത് അദ്ദേഹം എത്തി. വേദിയിലുണ്ടായിരുന്ന മള്ളിയൂരിൻ്റെ കാലു തൊട്ട് വന്ദിച്ച് അദ്ദേഹം പ്രസംഗം തുടങ്ങി. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരൊന്നാന്തരം ആത്മീയ പ്രഭാഷണത്തിൻ്റെ തലത്തിലേയ്ക്ക് ആ വാക്ചാതുരി ഉയർന്നു. അവസാനം "നന്നായി '' എന്നു പറഞ്ഞ് മള്ളിയൂർ അദ്ദേഹത്തെ മള്ളിയൂർക്ക് ക്ഷണിച്ചതും ഇന്നും ഓർക്കുന്നു. ആ മഹാപ്രതിഭക്ക് പിറന്നാൾ ആശംസകൾ. ....സ്നേഹത്തോടെ...

No comments:

Post a Comment