Monday, July 31, 2023
മംഗളവനത്തിൽ കാനന ക്ഷേത്രവും .... ബാംബു മിഷൻ ട്രസ്റ്റിൻ്റെ ഒരു പരിസ്ഥിതി സെമിനാർ എറണാകുളം മംഗളവനത്തിൽ വച്ചു നടന്നു. ജസ്റ്റീസ് സുകുമാരൻ സാറിൻ്റെ നേതൃത്വത്തിൽ നടന്ന സെമിനാർ എല്ലാം കൊണ്ടും ശ്രദ്ധേയമായി 'Dr. സീതാലക്ഷ്മി തുടങ്ങി പല പരിസ്ഥിതി ശാസ്ത്രജ്ഞരും പങ്കെടുത്ത പരിപാടിയിൽ എനിക്കും ചെറുതല്ലാത്ത ഒരിടമുണ്ടായിരുന്നു.എൻ്റെ കാനനക്ഷേത്രത്തിൻ്റെ പ്രോജക്റ്റ് അവതരിപ്പിക്കാൻ. പ്രൗഢഗംഭീരമായ ആ സദസിനു മുമ്പിൽ എൻ്റെ "കാനനക്ഷേത്രം., അവതരിപ്പിയ്ക്കാൻ കിട്ടിയ അവസരം ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.പരിസ്ഥിതി സംരക്ഷണത്തിന് ബാംബുകൃഷിയുടെ സാദ്ധ്യത അവിടെ അരക്കിട്ടുറപ്പിച്ചു.കാടിൻ്റെ പുത്രൻ ഉണ്ണികൃഷ്ണ പാക്കനാർ ഒരു പ്രത്യേക തരം മുളയുടെ കൂമ്പ് നൽകിയാണ് സംസാരിച്ചത്. സകല വീട്ടുപകരണങ്ങളും സംഗീത ഉപകരണങ്ങളും എന്തിന് അത്യന്താധുനിക സൗകര്യങ്ങളോടെ ഉള്ള വീടുകൾ വരെ അദ്ദേഹം മുളയിൽ നിർമ്മിച്ചു നൽകുന്നുണ്ട്. ഉണ്ണികൃഷ്ണ പാക്കനാർ ധരിച്ചിരിക്കുന്ന ഷർട്ട് വരെ മുളനാരുകൊണ്ടാണന്നറിഞ്ഞപ്പോൾ അൽഭുതപ്പെട്ടു പോയി. ഒരു കാടിൻ്റെ സംഗീതത്തിൻ്റെ ശീലുള്ള അദ്ദേഹത്തിൻ്റെ പ്രസംഗവും ശ്രദ്ധേയമായി ' ഇത്ര വലിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ച സുകുമാരൻ സാറിനെ നമിച്ചു കൊണ്ടാണ് അവിടുന്ന് മടങ്ങിയത്.
Friday, July 21, 2023
ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം [ യാത്രാ നുറുങ്ങുകൾ - 1005] വിഘ്നേശ്വരനും ക്ഷിപ്രപ്രസാദിയുമായ ഭഗവാൻ ഗണേശൻ .ആനത്തലയോളം ബുദ്ധിയും അറിവും ഭഗവാന് സ്വന്തം. ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം ഒത്തിരി പ്രത്യേകതയുള്ള ഗണേശ ക്ഷേത്രമാണ്. ഇടപ്പള്ളി മഹാഗണപതിയ്ക്ക് ഉണ്ണി ഗണേശൻ എന്ന സങ്കൽപ്പവും കേട്ടിട്ടുണ്ട്. ഇടപ്പള്ളി രാജകുടുംബത്തിൻ്റെ തേവാരപ്പുരയിൽപടിഞ്ഞാട്ട് ദർശനമായി ഭഗവാൻ ദർശനമേകുന്നു.തമ്പിക്കൈയിൽ നാരങ്ങക്കും നാലു കൈകളിൽ മററു മുദ്രകളുമായി ഭഗവാൻ വിഘ്നേശ്വരനായി ഇവിടെ നിലകൊള്ളുന്നു. ഇവിടെ ഉദയാസ്തമന പൂജയും കൂട്ടപ്പ വഴിപാടുമാണ് പ്രധാനം.മംഗള കാര്യങ്ങൾക്ക് മഴ തടസമാകാതിരിക്കാൻ ഇടപ്പള്ളി ഗണപതിക്ക് കൂട്ടപ്പവഴിപാട് കഴിച്ചാൽ മതിയെന്ന് പൂർവ്വികർ പറയാറുള്ളത് ഓർക്കുന്നു. എഡി പന്ത്രണ്ടാം ശതകം മുതൽ പ്രതാപത്തോടെ വാണിരുന്ന രാജവംശത്തെപ്പറ്റിയും എടപ്പള്ളി ഗണപതി ക്ഷേത്രത്തേപ്പറ്റിയും കോകസന്ദേശത്തിലും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പരാമർശിച്ചിരുന്നതായി കണ്ടിട്ടുണ്ട്. ഇടപ്പള്ളി രാജ വംശത്തിന് ക്ഷാത്ര തേജസി നേക്കാൻ ബ്രാഹ്മണതേജസായിരുന്നതുകൊണ്ടാവാം കൊട്ടാരം എന്നല്ല മഠo എന്നാണ്പരാമർശിച്ചു കണ്ടിട്ടുള്ളത്.നിരാലംബരായ അനേകം ആൾക്കാർക്ക് പ്രത്യേകിച്ചും ബ്രഹ്മണ കുടുംബങ്ങൾക്ക് അവിടെപ്പണ്ട് ആശ്രയം നൽകിയിരുന്നതായി പ്പറഞ്ഞു കേട്ടിട്ടുണ്ട്. ഉത്സവാഘോഷങ്ങളേക്കാൾ ആചാരങ്ങൾക്കാണ് ഇവിടെ പ്രധാനം.കുടുംബത്തിൽ പുലയോ മറ്റോ വന്നാൽ പൂജ മുടങ്ങാതിരിയ്ക്കാൻ ഭഗവാനെ അടുത്ത അമ്പലങ്ങളിൽ ക്കൊണ്ടു പോയി പ്പൂജിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. എൻ്റെ അമേരിയ്ക്കൻ സന്ദർശ്ശന വേളയിൽ ഇപ്പഴത്തെത്തലമുറയിലെ രാജകുടുംബാംഗങ്ങളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ ക്ഷേത്ര സന്ദർശന സമയത്ത് അവർ എല്ലാ സഹായവും ചെയ്തു തന്നിരുന്നു എന്നത് നന്ദിയോടെ ഓർക്കട്ടെ
Monday, July 3, 2023
അയ്യർ സാർ - മറക്കാനാവാത്ത എന്റെ ഗുരുഭൂതൻ കുറിച്ചിത്താനം ഹെസ്ക്കൂളിൽ വളരെക്കാലം ഹെഡ്മാസ്റ്റർ ആയിരുന്നു ശ്രീ. ആർ. ശിവരാമകൃഷ്ണ അയ്യർ.വയ്ക്കം ആണു സ്വദേശം.ഇവിടെ വന്ന് അദ്ദേഹം ശരിക്കും ഒരു കുറിച്ചിത്താനം കാരനായി. വിദ്യാഭ്യാസ ബില്ലു വരുന്നതിന് മുമ്പ് വളരെ തുഛമായ ശമ്പളത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.സറ് ഞങ്ങളുടെ തറവാടിന്റെയും നാടിന്റെയും ഒരഭിഭാജ്യ ഘടകമായത് വളരെപ്പെട്ടന്നായിരുന്നു. അദ്ദേഹം ഹെഡ്മാസ്റ്റർ ആയ ആ നീണ്ട കാലഘട്ടം ഈ സ്ക്കൂളിന്റെ സുവർണ്ണ കാലമായിരുന്നു. എന്റെ കുട്ടിക്കാലം മുതൽ സാറിനെ അറിയാം. സൂര്യനു താഴെയുള്ള ഏതു കാര്യത്തെപ്പററിയും ആധികാരികമായി പറയാൻ കെൽപ്പുള്ള ആൾ. എന്റെ ഗുരുഭൂതൻ ആയിരുന്നു. അദ്ദേഹത്തിന്റെ കണക്കിന്റെയും, ഇഗ്ലീഷിന്റെയും ക്ലാസുകൾ പ്രസിദ്ധമാണ്.താരതമ്യേ നകണക്കിന് മോശമായ എന്റെ വിജയത്തിന് ഞാനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഔദ്യോഗിക കാലം അവസാനിച്ച് കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹം എറണാകുളത്തേക്ക് താമസം മാറ്റി. അവിചാരിതമായാണ് കഴിഞ്ഞ ദിവസംസാറുമായിക്കണ്ടത്.അടുത്ത് കസേരയിൽ പിടിച്ചിരുത്തി.ഞാനദ്ദേഹത്തിനു മുമ്പിൽ ഇങ്ങിനെഇരുന്നിട്ടില്ല. നവതിയുടെ നിറവിലും ആ പഴയ ചുറുചുറുക്ക്, അപാരമായ ആ ഓർമ്മശക്തി. കുറിച്ചിത്താനത്തെ എല്ലാവരുടേയും വിവരങ്ങൾ തിരക്കി. സ്കൂളിന്റെ സ്ഥിതി അന്വേഷിച്ചു. ഒരു വല്ലാത്ത ഗൃഹാതുരത്വം കുറിച്ചിത്താനവുമായി അദ്ദേഹം കൊണ്ടു നടന്നിരുന്നു. എനിക്ക് സാറുമായി വേറൊരു കടപ്പാടുകൂടിയുണ്ട്. എനിക്ക് ലോർഡ് കൃഷ്ണാ ബാങ്കിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമാണ്. ആ പാദങ്ങളിൽ നമസ്കരിച്ച് എഴുനേറ്റ പ്പോൾ, ഗുരുശിഷ്യബന്ധത്തിന്റെ ഒരു തീർവ്വത ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു പക്ഷേ ഇന്നത്തെ കുട്ടികൾക്ക് ആ വികാരത്തിന്റെ സാന്ദ്രത പൂർണ്ണമായും മനസിലാകുമോ എന്നറിയില്ല. അത്രമേൽ പാവനമായിരുന്നു ആ ബന്ധം. ഇന്നു അദ്ദേഹം ഇല്ല. ഈഗുരുപൂർണ്ണിമദിനത്തിൽ എൻ്റെ പ്രിയപ്പെട്ട ഗുരുഭൂതനെമനസുകൊണ്ട് നമസ്കരിക്കുന്നു.
Saturday, July 1, 2023
നാദയോഗ മെഡിറേറഷൻ [കാനന ക്ഷേത്രം - 43]കാനനക്ഷേത്രത്തിൽ യോഗച ക്രോദ്യാനം ഒരുങ്ങിക്കഴിഞ്ഞു. ഒരോ ചക്രത്തിനും വിവക്ഷിച്ചിട്ടുള്ള ഔഷധസസ്യങ്ങൾ വച്ചു കഴിഞ്ഞു.ഇനി സപ്തസ്വരങ്ങളെ ഈ ചക്രങ്ങളുമായി ബന്ധിപ്പിച്ച് യോഗ ചക്രക്ക് സംഗീതത്തിൻ്റെ ഒരു ഭാവതലം ഒരുക്കാനുള്ള ശ്രമത്തിലാണ്.മെഡിറ്റേഷൻ പാർക്ക് എന്നുള്ള സ്വപ്നത്തിലേക്കുള്ള അടുത്തയാത്ര. ' യോഗ ചക്രയേ സപ്തസ്വരവുമായി ബന്ധിപ്പിച്ച് ഒരു "നാദയോഗമെഡിറ്റേഷൻ '' രൂപം കൊടുക്കാനാണാഗ്രഹം. പ്രാണവായു ജo രാഗ്നിയെ ജ്വലിപ്പിക്കുമ്പോൾ നാദം ഉണ്ടാകുന്നു. നാദം മൂലാധാരത്തിൽ നിന്നു പുറപ്പെട്ട് ശരീരത്തിലെ ഷഡ് ചക്രങ്ങളിലൂടെ സൂഷ്മതയോടെ സഞ്ചരിക്കുമ്പഴാണ് ആസ്വാദകനും ആലപിക്കുന്നവനും അനിവർ ചനീയമായ സംഗീതാനുഭൂതി ലഭ്യമാകുന്നത്.സ രി ഗ മ പ ത നി സ .ഇവ ആലാപനത്തിൽ ക്രമത്തിൽ ഒരോ ചക്രവും ഉത്തേജിപ്പിക്കപ്പെടുമ്പോൾ വിശ്ലേഷണം ചെയ്യപ്പെടുന്ന ഊർജം സപ്തസ്വരാധിഷ്ഠിതമായി മാറുന്നു. യോഗയും, സംഗീതവും, പ്രകൃതിയും തമ്മിലുള്ള ബന്ധം കാനനക്ഷേത്രത്തിൽ അനുഭവവേദ്യമാക്കാനുള്ള ശ്രമത്തിലാണ് ഞാൻ. സംഗീത സാന്ദ്രമായ അന്തരീക്ഷത്തിൽ പ്രകൃതിയുടെ സംഗീതം കൂടിച്ചേരുമ്പോൾ കാനന ക്ഷേത്രം എന്ന മെഡിറ്റേഷൻ പാർക്കിന് വേറൊരു ഭാവതലം പ്രദാനം ചെയ്യും
Subscribe to:
Posts (Atom)